UPDATES

ട്രെന്‍ഡിങ്ങ്

നോട്ട് നിരോധനത്തിന് ആറ് മാസം: ജനത്തിനാശ്രയം രൂപ, എടിഎമ്മുകള്‍ കാലി

മാര്‍ച്ചിലെ ആര്‍ബിഐ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത് ഇന്ത്യയിലെ 78 ശതമാനം പണമിടപാടുകളും കറന്‍സി നോട്ടുകള്‍ വഴിയാണെന്നാണ്.

നോട്ട് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ആറ് മാസമാകുന്നു. ഇപ്പോഴും ചോദ്യം എടിഎമ്മില്‍ പണമുണ്ടോ എന്നതാണ്. പണലഭ്യതക്ക് കുറവില്ലെന്നും നോട്ടുകള്‍ വിതരണം ചെയ്യപ്പെടുന്നതായും അവകാശപ്പെടുമ്പോളും എടിഎമ്മുകള്‍ പലപ്പോഴും കാലിയാണെന്ന സത്യം ബാങ്കുകള്‍ അംഗീകരിക്കുന്നു. രാജ്യത്തെ 86.9 ശതമാനം കറന്‍സി നോട്ടുകളും അസാധുവാക്കുന്നതായിരുന്നു 500, 1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പുതിയ 500, 1000 നോട്ടുകള്‍ പുറത്തിറക്കിയതോടെയാണ് ജനുവരിയോടു കൂടി പ്രതിസന്ധിക്ക് അയവ് വന്നത്. ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായെങ്കിലും കറന്‍സി തന്നെയാണ് ഇന്നും ഇന്ത്യക്കറുടെ പ്രധാന ആശ്രയം. മാര്‍ച്ചിലെ ആര്‍ബിഐ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത് ഇന്ത്യയിലെ 78 ശതമാനം പണമിടപാടുകളും കറന്‍സി നോട്ടുകള്‍ വഴിയാണെന്നാണ്.

എടിഎമ്മുകളില്‍ പണമില്ലെന്ന് പറഞ്ഞുള്ള പരാതികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. 60 ശതമാനം കറന്‍സികളാണ് എടിഎമ്മുകളില്‍ നിറച്ചിട്ടുള്ളതെന്ന് കാഷ് ലോജിസ്റ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി എന്‍ എസ് ജി റാവു ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ശമ്പളം കൊടുക്കുന്ന മാസാദ്യമാണ് എടിഎമ്മുകളിലേയ്ക്ക് ബാങ്കുകള്‍ പണമെത്തിക്കുന്നത്. ശമ്പളം കൊടുത്ത് കഴിയുമ്പോള്‍ എടിഎമ്മിലേയ്ക്കുള്ള പണനിക്ഷേപവും തീരുന്നു. തിരിച്ചെത്തിച്ച കറന്‍സി നോട്ടുകളുടെ കൃത്യമായ കണക്ക് റിസര്‍വ് ബാങ്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നും റാവു പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ (നവംബര്‍, ഡിസംബര്‍) പണമിടപാടുകള്‍ വളരെയധികം കുറഞ്ഞെങ്കിലും ജനുവരിയില്‍ ഇത് കുത്തനെ കൂടിയതായി ബാങ്കിംഗ് വിദഗ്ധനും എപിഎ സര്‍വീസസ് മാനേജിംഗ് പാര്‍ട്‌നറുമായ അശ്വിന്‍ പരേഖ് പറയുന്നു.

റിസര്‍വ് ബാങ്ക് കണക്ക് പ്രകാരം 13.32 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാര്‍ച്ച് അവസാനം വിതരണത്തിലുണ്ട്. നവംബര്‍ നാലിന് അതായത് നോട്ട് നിരോധനത്തിന് മുമ്പ് ഇത് 17.97 ലക്ഷം കോടിയായിരുന്നു. മാര്‍ച്ചില്‍ ആര്‍ബിഐ പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നത് കുത്തനെ കൂടിയതാണ് പ്രശ്‌നമെന്നും ചില ബാങ്കിംഗ് വിദഗ്ധര്‍ വിലയിരുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍