UPDATES

ട്രെന്‍ഡിങ്ങ്

ഒരു പ്രകൃതിദുരന്തത്തെ രാഷ്ട്രീയനാടകമാക്കി നിങ്ങൾ മാറ്റുമ്പോൾ മലയാളികൾ രാഷ്ട്രീയം സംസാരിക്കരുതെന്ന് എങ്ങനെയാണ് പറയാൻ കഴിയുക?

കേന്ദ്രത്തിൽ നിന്നുള്ള ശക്തികളുടെ പ്രചാരണങ്ങളെ മറികടന്ന് യുഎഇ സഹായവാഗ്ദാനവുമായി മുമ്പോട്ടു പോകുമെന്ന നില വന്നപ്പോൾ, നിശ്ശബ്ദമായി ആ രാജ്യത്തെ പിൻവലിപ്പിക്കാൻ നയതന്ത്രതലത്തിൽ പ്രചണ്ഡമായ ഇടപെടലുകൾ നടക്കുകയാണെന്ന കാര്യം ഇപ്പോൾ വ്യക്തമായിരിക്കുന്നു.

യു എ ഇ കേരളത്തിന് നല്‍കും എന്നു പറഞ്ഞ ധനസഹായ വാഗ്ദാനത്തിന് പിന്നില്‍ നടന്നതെന്ത്? ഓഗസ്റ്റ് 18 മുതലുള്ള ദിവസങ്ങളില്‍ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം, നരേന്ദ്ര മോദി, പിണറായി വിജയന്‍, ഷെയ്ഖ് മൊഹമ്മദ് ബിൻ സയ്യിദ് അൽ-നഹ്യാൻ എന്നിവരുടെ ട്വീറ്റുകളും ആശയവിനിമയങ്ങളും വെച്ചു വിശകലനം ചെയ്യുകയാണ് ഡല്‍ഹിയില്‍ ഓപ്പണ്‍ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ ഉല്ലേഖ് എന്‍ പി.

ഓഗസ്റ്റ് 18: “ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം കേരളത്തോട് സ്നേഹവും അനുതാപവും പ്രകടിപ്പിച്ച് എട്ടുതവണ അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലായ @HHShkMohd-ൽ നിന്ന് ട്വീറ്റ് ചെയ്തു. യുഎഇയെ നിർമിച്ചെടുക്കുന്നതിൽ മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ള കേരളത്തെ സഹായിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു.”

ഓഗസ്റ്റ് 18: അതേ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു:

@narendramodi: “കേരളത്തിലെ ജനങ്ങളെ പ്രതിസന്ധിഘട്ടത്തിൽ പിന്തുണച്ച് @hhshkmohd നൽകുന്ന വാഗ്ദാനത്തിന് വലിയ നന്ദി. അദ്ദേഹത്തിന്റെ ആശങ്കകൾ പ്രതിഫലിപ്പിക്കുന്നത് ഇന്ത്യയിലെയും യുഎഇയിലെയും ജനങ്ങൾ തമ്മിലുള്ള സവിശേഷമായ ബന്ധത്തെയാണ്.”

ഓഗസ്റ്റ് 21: 700 കോടിക്ക് തുല്യമായ പ്രളയദുരിതാശ്വാസത്തിന് യുഎഇയിൽ നിന്ന് വാഗ്ദാനമുണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പലതവണ ട്വീറ്റ് ചെയ്തു.

@CMOKerala: “യുനൈറ്റഡ് അറബ് എമിറേറ്റ്സ് കേരളത്തിന് 700 കോടിയുടെ സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. യുഎഇയുമായി കേരളത്തിന് സവിശേഷമായ ബന്ധമുണ്ട്. മലയാളികളുടെ മറുനാടൻ വീടാണ് യുഎഇ. യുഎഇയോടുള്ള കേരളത്തിന്റെ നന്ദി പ്രകാശിപ്പിക്കുന്നു. #KeralaFloodRelief”

ഇതേദിവസത്തെ മറ്റൊരു ട്വീറ്റിൽ പ്രധാനമന്ത്രിയെ ടാഗ് ചെയ്യുന്നുണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയെ ഇക്കാര്യം യുഎഇ അറിയിച്ചിട്ടുണ്ടെന്ന് ഈ ട്വീറ്റിൽ പറഞ്ഞു. യുഎഇയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രി ടാഗ് ചെയ്തിരുന്നു.

@CMOKerala: “ഇക്കാര്യം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ (@PMOIndia) അബുദാബിയുടെ കിരീടാവകാശിയും യുഎഇ സായുധസേനയുടെ സുപ്രീം കമാൻഡറുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ സയ്യിദ് അൽ-നഹ്യാൻ (@MohamedBinZayed) അറിയിച്ചിട്ടുണ്ട്.”

ഒരു പ്രമുഖ മലയാളി ബിസിനസ്സുകാരനെ യുഎഇ ഉദ്യോഗസ്ഥൻ ഇക്കാര്യം അറിയിച്ചിട്ടുള്ളതായും കേരള മുഖ്യമന്ത്രി പിണറായി വിജയൻ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.

@CMOKerala: “യുഎഇയുടെ സഹായസന്നദ്ധത ആദ്യം അറിയിച്ചത് മലയാളി ബിസിനസ്സുകാരനും മനുഷ്യസ്നേഹിയുമായ യുസുഫ് അലി എംഎയെയാണ്.”

അതേദിവസം വൈകീട്ട് ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിന് നന്ദി അറിയിച്ചുകൊണ്ട് @CMOKerala നാലുതവണയെങ്കിലും അറബിയിൽ ട്വീറ്റ് ചെയ്തു.

അടുത്ത മൂന്ന് ദിവസങ്ങളിൽ കേന്ദ്ര ഉദ്യോഗസ്ഥരും, (പ്രത്യേകിച്ചും വിദേശകാര്യമന്ത്രാലയത്തിലെ) മാധ്യമപ്രവർത്തകരും എന്തുകൊണ്ട് ഇന്ത്യ യുഎഇയുടെ സഹായം സ്വീകരിക്കരുതെന്ന കാര്യം ചർച്ച ചെയ്തു.

എന്തുകൊണ്ടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് സഹായവാഗ്ദാനമില്ലെന്ന പ്രാഥമികമായ വാദം പോലും വരാതിരുന്നത്? എന്തുകൊണ്ടാണ് സഹായസന്നദ്ധതയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസോ വിദേശകാര്യമന്ത്രാലയമോ അത് നിഷേധിച്ച് രംഗത്തു വരാതിരുന്നത്?‌‌

കേന്ദ്രത്തിൽ നിന്നുള്ള ശക്തികളുടെ പ്രചാരണങ്ങളെ മറികടന്ന് യുഎഇ സഹായവാഗ്ദാനവുമായി മുമ്പോട്ടു പോകുമെന്ന നില വന്നപ്പോൾ, നിശ്ശബ്ദമായി ആ രാജ്യത്തെ പിൻവലിപ്പിക്കാൻ നയതന്ത്രതലത്തിൽ പ്രചണ്ഡമായ ഇടപെടലുകൾ നടക്കുകയാണെന്ന കാര്യം ഇപ്പോൾ വ്യക്തമായിരിക്കുന്നു.

ഇതെല്ലാം പൂർത്തിയായപ്പോൾ, സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന വാദപ്രതിവാദങ്ങൾക്കു ശേഷം, ഏറ്റവും പുതിയ വാർത്ത യുഎഇ പ്രത്യേകമായൊരു വാഗ്ദാനം മുമ്പോട്ടു വെച്ചിരുന്നില്ലെന്നാണ്.

കേരളത്തിന് നൽകാനാഗ്രഹിക്കുന്ന ധനസഹായത്തിന്റെ പേരില്‍ ശക്തരായ ഇന്ത്യൻ സർക്കാരിന്റെ ശത്രുത വാങ്ങിക്കുന്ന രീതിയില്‍ യു എ ഇ എന്തിന് നിലപാടെടുക്കണം? എന്തുകൊണ്ട് കേരളത്തിനുള്ള സഹായത്തെ കേന്ദ്രം അട്ടിമറിക്കുന്നു? യുഎഇയുടെ വാഗ്ദാനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചത് യൂസഫ് അലി നിഷേധിക്കുമോ? അതോ, ഒരു ബിസിനസ്സുകാരൻ മാത്രമായ അദ്ദേഹം സംസാരിക്കാൻ എന്നെങ്കിലും ധൈര്യപ്പെടുമോ? ഇതെല്ലാം ഉത്തരം കിട്ടാൻ പ്രയാസമുള്ള ചോദ്യങ്ങളാണ്.

ഇനി, ഒരു പ്രകൃതിദുരന്തത്തെ പോലും രാഷ്ട്രീയനാടകമാക്കി നിങ്ങൾ മാറ്റുമ്പോൾ മലയാളികൾ രാഷ്ട്രീയം സംസാരിക്കരുതെന്ന് നിങ്ങള്‍ക്കെങ്ങനെയാണ് പറയാൻ കഴിയുക?

ഉല്ലേഖ് എന്‍.പി

ഉല്ലേഖ് എന്‍.പി

ഡല്‍ഹിയില്‍ ഓപ്പണ്‍ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍, പ്രമുഖ സിപിഎം നേതാവായിരുന്ന പാട്യം ഗോപാലന്റെ മകന്‍. "War Room: The People, Tactics and Technology behind Narendra Modi's 2014 Win", "The Untold Vajpayee: Politician and Paradox" എന്നിവയാണ് മറ്റു പുസ്തകങ്ങള്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍