UPDATES

ഗുര്‍മീതിന്റെ ശിക്ഷ ഉച്ച കഴിഞ്ഞ്; കനത്ത സുരക്ഷ; അക്രമഭീതിയില്‍ ഉത്തരേന്ത്യ

ഡല്‍ഹിയില്‍ മാത്രം 20,000 പോലീസുകാര്‍ സുരക്ഷയ്ക്ക്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ മതവിഭാഗത്തിന്റെ തലവന്‍ ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ ഇന്നു പ്രഖ്യാപിക്കും. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന റോഹ്ത്തക്കിലെ ജയിലിലെത്തിയാവും സി.ബി.ഐ ജഡ്ജി ജഗ്ദീപ് സിംഗ് ശിക്ഷ വിധിക്കുക. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഹെലികോപ്റ്ററിലാവും ജഡ്ജി ജയിലിലെത്തുക. ത്രീ-ടയര്‍ സുരക്ഷയാണ് ജയിലിന്റെ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. ഉച്ച കഴിഞ്ഞ 2.45-ഓടെയാവും ശിക്ഷ പ്രഖ്യാപിക്കുക.

ഗുര്‍മീത് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചതിനു പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മരിച്ച 38 പേരില്‍ 24 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമത്തിന് പിന്നാലെ അറസ്റ്റിലായവരുടെ എണ്ണം 526 ആയി.

ഡല്‍ഹിയില്‍ കുഴപ്പങ്ങളുണ്ടാകാന്‍ സാധ്യതയുള്ള 275 സ്ഥലങ്ങളില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്ത് മാത്രം 20,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ അര്‍ധ സൈനിക വിഭാഗവും സുരക്ഷയ്ക്കായുണ്ട്. ഡല്‍ഹിയിലും ഉപഗ്രഹ നഗരങ്ങളായ നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഗുര്‍മീതിന്റെ അനുയായികളായ 3,800 കുടുംബങ്ങള്‍ ഡല്‍ഹിയില്‍ താമസിക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണക്ക്.

നാളെ 11.30 വരെ ഹരിയാനയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ദേര സച്ച സൗദയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിര്‍സയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്ക് ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെങ്കിലും എപ്പോള്‍ വേണമെങ്കിലും കാര്യങ്ങള്‍ വഷളാവാം എന്നതാണ് അവസ്ഥയെന്ന് ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറി രാം നിവാസ് പറഞ്ഞു.

അതിനിടെ, കോടതി ഉത്തരവിനെ തുടര്‍ന്ന് ദേര സച്ചയുടെ ആസ്തികള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഹരിയാനയിലുള്ള സച്ചയുടെ 131 ദേരകളില്‍ നിന്ന് 103 എണ്ണത്തിലെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

റോഹ്ത്തക് പട്ടണത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സുനാരിയ ജയില്‍.

ഗുര്‍മീത് കുറ്റക്കാരനെന്ന് വിധിച്ചതിനു പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഹരിയാന, പഞ്ചാബ് ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ബി.ജെ.പിയുടേതല്ല, രാജ്യത്തേന്റാതാണ് എന്നു മനസിലാക്കണമെന്നും രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പെരുമാറുകയായിരുന്നു എന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം. തുടര്‍ന്നാണ് ഇന്നലെ നടന്ന തന്റെ മന്‍ കി ബാത്തില്‍ ഏതെങ്കിലും വിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ അനുവദിക്കിലെല്ലന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍