UPDATES

ട്രെന്‍ഡിങ്ങ്

ചാരത്തില്‍ നിന്നു ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്ന ദേവഗൌഡ; ചിറകിലേറി കുമാരസ്വാമി

ബിജെപിയുമായി കൂട്ടുകൂടി അച്ഛന്റെ മതേതര പ്രതിച്ഛായയക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കിയ മകന്‍ എന്ന ചീത്തപ്പേര് കുമാരസ്വാമി കഴുകിക്കളയുകയാണ്

21 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്നിരിക്കുകയാണ് ജനതദള്‍ എസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ദേവഗൗഡയെക്കുറിച്ച് സംസാരിക്കുന്നു. മകനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ എച്ച്ഡി കുമാരസ്വാമി രണ്ടാം തവണ, കര്‍ണാടകയുടെ 25ാമത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാന്‍ പോകുന്നു. 1997 മേയ് 12ന് പ്രധാനമന്ത്രി സ്ഥാനം രാജി വച്ച ശേഷം ദേവഗൗഡ പറഞ്ഞതും ഇതാണ് – ചാരത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ ഞാന്‍ തിരിച്ചുവരും. ആ തിരിച്ചുവരവിന് രണ്ട് പതിറ്റാണ്ടിലധികം വേണ്ടി വന്നുവെന്ന് മാത്രം. സത്യത്തില്‍ അത്തരമൊരു തിരിച്ചുവരവാണ് ദേവഗൗഡ നടത്തിയിരിക്കുന്നത് എന്ന് പലര്‍ക്കും സംശയം തോന്നാം. അതേസമയം ദേവഗൗഡ ഇന്ത്യന്‍ രാഷ്ട്രീയ ലൈംലൈറ്റില്‍ തിരിച്ചെത്തിയിരിക്കുന്നു എന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല.

2004-06 കാലത്തെ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ നയിച്ചിരുന്നത് ധരം സിംഗ് ആയിരുന്നെങ്കിലും ദേവഗൗഡക്ക് ഭരണത്തില്‍ നിയന്ത്രണത്തിനുള്ള അവസരം കിട്ടിയിരുന്നു. ബംഗളൂരു പദ്മനാഭ നഗറിലെ ബാണഗിരിയിലുള്ള ദേവഗൗഡയുടെ വീട്ടിലേയ്്ക്ക് പ്രധാന ഫയലുകളുമായി അന്നത്തെ ചീഫ് സെക്രട്ടറി പിബി മഹിഷി എത്തിയിരുന്നതായി മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ദേവഗൗഡ ശക്തമായി എതിര്‍ത്തിരുന്നു ഒരു വിവാദ റോഡ് വികസന പദ്ധതിയുടെ ഫയലും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സഖ്യം വിട്ട് ബിജെപിയുമായി ചേര്‍ന്ന് മകന്‍ കുമാരസ്വാമി 2006ല്‍ മുഖ്യമന്ത്രി ആയതോടെ ഗൗഡ മാറി നിന്നു. ബിജെപിയുമായുള്ള കൂട്ടുകെട്ട് മതനിരപേക്ഷതയോടുള്ള ദേവഗൗഡയുടെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കി. ദേശീയ രാഷ്ട്രീയത്തില്‍ ദേവഗൗഡയ്ക്ക് ശബ്ദമില്ലാതായി. ദേവഗൗഡയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ഇടത് പാര്‍ട്ടികളെ ഇത് വല്ലാതെ അസ്വസ്ഥരാക്കി. അവരും ഗൗഡയില്‍ നിന്ന് അകന്നു. എന്നാല്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പാനന്തര സഖ്യമുണ്ടാക്കാനുള്ള ദേവഗൗഡയുടേയും മകന്റേയും തീരുമാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഊര്‍ജ്ജം പകരുന്നതായി.

മായാവതിയുടെ ബി എസ് പിയുമായി ജെഡിഎസ് ഉണ്ടാക്കിയ സഖ്യം ശ്രദ്ധേയമായിരുന്നു. ദേവഗൗഡയെ ഇത്തരത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ശക്തമായി മുന്നോട്ട് കൊണ്ടുവരുന്നതില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വലിയ പങ്കാണ് വഹിച്ചത്. ബിഎസ് യെദിയൂരപ്പയുടെ രാജിക്ക് ശേഷം മമത ബാനര്‍ജി ട്വീറ്റ് ചെയ്തു – ജനാധിപത്യത്തിന്റെ വിജയം. Democracy wins. Congratulations Karnataka. Congratulations DeveGowda Ji, Kumaraswamy Ji, Congress and others. Victory of the ‘regional’ front. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ബിഎസ്പി അധ്യക്ഷ മായാവതി, സിപിഎം നേതാക്കള്‍ തുടങ്ങിയവരെല്ലാം ദേവഗൗഡക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

ദേവഗൗഡയെ ഒരു പോലെ ആവശ്യമുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ട്വിറ്ററില്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജെഡിഎസിനെ ബിജെപിയുടെ ബി ടീം എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ദേവഗൗഡ അദ്ദേഹത്തിന്റെ മതേതരത്വത്തോടുള്ള പ്രതിബദ്ധത തെളിയിക്കട്ടെ എന്നും രാഹുല്‍ പറഞ്ഞിരുന്നു. അതേസമയം പിറന്നാള്‍ ആശംസകള്‍ അറിയിക്കാനായി ഫോണില്‍ വിളിച്ചപ്പോള്‍ തന്റെ വിമര്‍ശനത്തില്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഏതായാലും വരും ദിവസങ്ങളില്‍ കര്‍ണാടകയുടെ സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും തീരുമാനിക്കുന്നതില്‍ പങ്ക് വഹിച്ച് ദേവഗൗഡ സജീവമാകും. 

മേയ് 15ന് ശേഷമുള്ള സംഭവവികാസങ്ങള്‍ കുമാരസ്വാമിയെ ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് ഉയര്‍ത്തുകയാണ്. ബിജെപിയുമായി കൂട്ടുകൂടി അച്ഛന്റെ മതേതര പ്രതിച്ഛായയക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കിയ മകന്‍ എന്ന ചീത്തപ്പേര് കുമാരസ്വാമി കഴുകിക്കളയുകയാണ്.

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍