UPDATES

വിദേശം

പാകിസ്താന്റെ എഫ്16 വിമാനങ്ങൾ യുഎസ് എണ്ണി; ഒന്നും നഷ്ടപ്പെട്ടിട്ടില്ല; ഇന്ത്യൻ അവകാശവാദം പ്രതിരോധത്തിൽ

യുഎസ് നിർമിത എഐഎം 120 എയർ ടു എയർ മിസ്സൈലിന്റെ ഘടകഭാഗങ്ങൾ ഇന്ത്യക്ക് ലഭിച്ചിരുന്നു.

ഇന്ത്യൻ സൈന്യം പാകിസ്താന്റെ എഫ്-16 വിമാനം വെടിവെച്ചിട്ടെന്ന അവകാശവാദത്തെ തള്ളി അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ. അമേരിക്കൻ പ്രതിരോധ വിഭാഗം പാകിസ്താന്റെ പക്കലുള്ള എഫ്16 വിമാനങ്ങളുടെ എണ്ണമെടുത്തെന്നാണ് ഫോറിൻ‌‍ പോളിസി പോർട്ടർ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വിമാനം പോലും പാകിസ്താന് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭീകരവാദത്തിനെതിരെ പ്രയോഗിക്കുകയെന്ന നിബന്ധനയോടെ പാകിസ്താന് യുഎസ് വിറ്റ വിമാനങ്ങളാണ് എഫ്-16 ഫൈറ്റർ ജെറ്റുകൾ.

ഇന്ത്യൻ എയർഫോഴ്സ് അവകാശപ്പെടുന്നതു പ്രകാരം പാകിസ്താന്റെ പിടിയിലാകുന്നതിനു മുമ്പ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഒരു എഫ്-16 വിമാനം വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്. ഇതിനു ശേഷമാണ് പാക് മിസ്സൈലേറ്റ് അഭിനന്ദിന്റെ മിഗ് വിമാനം വീണതെന്നാണ് ഇന്ത്യ പറയുന്നത്. താൻ എഫ്-16 വിമാനത്തെ ഭേദിച്ചുവെന്ന് അഭിനന്ദൻ തെറ്റിദ്ധരിച്ചതാകാമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ കരുതുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ പാകിസ്താൻ ഭീകരസംഘടനയായ ജെയ്ഷെ മൊഹമ്മദ് നടത്തിയ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നടത്തിയ തിരിച്ചടിക്കു പിന്നാലെ പാകിസ്താൻ ഇന്ത്യൻ അതിർത്തി കടന്നുവന്ന് ആക്രമണം നടത്തിയിരുന്നു. അക്രമികളെ തുരത്തുന്നതിനിടയിലാണ് വിങ് കമാന്‍ഡർ അഭിനന്ദൻ പാകിസ്താന്റെ പിടിയിലായത്. തന്റെ വിമാനം തകരുംമുമ്പ് അഭിനന്ദൻ ഒരു പാക് എഫ്-16 ജെറ്റ് വെടിവെച്ചിട്ടെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്.

സംഭവം നടന്നയുടനെ യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർക്ക് എഫ്-16 വിമാനങ്ങളുടെ എണ്ണമെടുക്കാൻ സാധിച്ചിരുന്നില്ല. ഈ വിമാനങ്ങളെല്ലാം ആക്രമണസജ്ജമാക്കി നിർത്തിയിരുന്നതിനാലാണിതെന്നാണ് കരുതേണ്ടത്. സംഘർഷങ്ങൾ ഒടുങ്ങിയതിനു ശേഷമാണ് വിമാനങ്ങളുടെ എണ്ണമെടുക്കാൻ യുഎസ്സിന് സാധിച്ചത്. എല്ലാ വിമാനങ്ങളും പാകിസ്താന്റെ പക്കലുണ്ടെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി.

യുഎസ് നിർമിത എഐഎം 120 എയർ ടു എയർ മിസ്സൈലിന്റെ ഘടകഭാഗങ്ങൾ ഇന്ത്യക്ക് ലഭിച്ചിരുന്നു. ഇതാണ് എഫ് 16 വിമാനങ്ങൾ പാകിസ്താൻ ഉപയോഗിച്ചുവെന്നതിന് തെളിവായി ഇന്ത്യ ഹാജരാക്കിയത്. ഈ മിസ്സൈലുകൾ എഫ് 16 വിമാനങ്ങളിൽ മാത്രമേ ഘടിപ്പിക്കാനാകൂ. ഭാകരതയെ നേരിടാൻ വിറ്റ വിമാനങ്ങൾ ഇന്ത്യക്കെതിരെ പ്രയോഗിച്ചത് അമേരിക്ക അന്വേഷിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍