UPDATES

ട്രെന്‍ഡിങ്ങ്

ജസ്റ്റിസ് ലോയ ശരിക്കും രവിഭവനില്‍ താമസിച്ചിരുന്നോ? കാരവന്‍ അന്വേഷണം

ലോയ അവിടെ താമസിച്ചിരുന്നതായി പോലും രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. താമസക്കാരില്‍ ഒരാള്‍ക്ക് അസുഖം വന്നാല്‍ റിസപ്ഷനിലെ ജീവനക്കാരെ വിവരം അറിയിച്ചു ആംബുലന്‍സോ വൈദ്യ സഹായമോ വരുത്തേണ്ടതല്ലേ എന്ന സ്വാഭാവിക സംശയമാണ് ജീവനക്കാരില്‍ പലരും പങ്കു വച്ചത്.

അസുഖബാധിതനായ താമസക്കാരനെ ഗസ്റ്റ് ഹൗസിലെ ഒരു ജീവന നക്കാരന്‍ പോലും അറിയാതെ രഹസ്യമായി എങ്ങനെ ആശുപത്രിയില്‍ കൊണ്ടുപോയി? രണ്ട് കിടക്കകളുള്ള സൂട്ടില്‍ മൂന്ന് ജഡ്ജിമാര്‍ ഒരുമിച്ചു താമസിച്ചോ? എക്‌സ്ട്രാ ബെഡ് എവിടെ? ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്ന കാരവന്‍ ഓണ്‍ലൈന്‍ മാസിക കൂടുതല്‍ വിവരങ്ങളുമായി രംഗത്ത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബ്ദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസ് വിചാരണ കോടതി ജഡ്ജിയായിരുന്ന ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണം സഹജഡ്ജിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ പോയപ്പോഴായിരുന്നു. ലോയ 2014 ഡിസംബര്‍ ഒന്നിന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നായിരുന്നു കുടുംബാംഗങ്ങള്‍ക്ക് ലഭിച്ച വിവരം. ലോയയുടെ മരണം നടന്നതായി പറയപ്പെടുന്ന രവിഭവന്‍ ഗസ്റ്റ് ഹൗസില്‍ അന്നുണ്ടായിരുന്നതും ഇപ്പോഴുമുള്ളവരുമായ 17 ജീവനക്കാരെ നേരില്‍ കണ്ടു വിവരങ്ങള്‍ ശേഖരിച്ച കാരവന്‍ ലേഖിക അവര്‍ക്കൊന്നും തന്നെ ഇങ്ങനെയൊരു സംഭവം നടന്നതായി പോലും ഓര്‍മയില്ലെന്ന് വെളിപ്പെടുത്തുന്നു.

ലോയ അവിടെ താമസിച്ചിരുന്നതായി പോലും രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. താമസക്കാരില്‍ ഒരാള്‍ക്ക് അസുഖം വന്നാല്‍ റിസപ്ഷനിലെ ജീവനക്കാരെ വിവരം അറിയിച്ചു ആംബുലന്‍സോ വൈദ്യ സഹായമോ വരുത്തേണ്ടതല്ലേ എന്ന സ്വാഭാവിക സംശയമാണ് ജീവനക്കാരില്‍ പലരും പങ്കു വച്ചത്. ജഡ്ജിയുടെ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ തനിച്ചല്ലേ മുറിയെടുക്കുക? എന്തിന് അവര്‍ ഒരുമിച്ചു മുറിയെടുത്തു? ലോയ മരിക്കുന്നതിന് മുന്‍പുള്ള മണിക്കൂറുകളില്‍ ഒപ്പമുണ്ടായിരുന്ന നാല് ജഡ്ജിമാര്‍ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകള്‍ വ്യക്തമാക്കുന്നതാണ് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ നല്‍കുന്ന വിവരങ്ങള്‍. വിവരങ്ങള്‍ നല്‍കിയ ജീവനക്കാരില്‍ ഒരാള്‍ പോലും 2014 നവംബറില്‍ ഗസ്റ്റ് ഹൌസിലെ ഒരു താമസക്കാരനെ അസുഖബാധിതനായി പുലര്‍ച്ചെ ആശുപത്രിയില്‍ കൊണ്ടു പോയതായും തുടര്‍ന്ന് മരിച്ചതായും ഉള്ള സംഭവം ഉണ്ടായതായി ഓര്‍ക്കുന്നില്ല. മൂന്ന് കൊല്ലം കഴിഞ്ഞ് സംഭവം വാര്‍ത്തയായ നവംബര്‍ 2017 ല്‍ മാത്രമാണ് ഇങ്ങനെയൊരു സംഭവം നടന്നതായി അവര്‍ അറിയുന്നത്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ ലോയ 2014 നവംബര്‍ 30നും ഡിസംബര്‍ ഒന്നിനും മധ്യേയുള്ള രാത്രിയാണ് മരിച്ചത്. അന്നേദിവസങ്ങളില്‍ ഈ ഗസ്റ്റ്ഹൗസില്‍ താമസിച്ചവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ റജിസ്റ്ററില്‍ ഒട്ടേറെ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതായി കാരവന്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേരുകള്‍ രേഖപ്പെടുത്തിയതില്‍ വ്യക്തതയില്ല. തീയതികള്‍ തെറ്റിച്ചാണ് എഴുതിയിട്ടുള്ളതും. കാരവനിലൂടെ വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുംബൈയില്‍ നിന്ന് ലോയയ്‌ക്കൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്ന ജഡ്ജിമാര്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിഷണര്‍ സഞ്ജയ് ബാര്‍വേക്ക് തങ്ങളുടെ മൊഴികള്‍ ഒപ്പിട്ടു നല്‍കുക യായിരുന്നു.

“2019ലും ഞങ്ങള്‍ വരും, നിന്നെ എടുത്തോളാം”: ലോയ കേസില്‍ വിവരം ശേഖരിക്കുന്ന അഭിഭാഷകനോട് ഫഡ്‌നാവിസിന്റെ ബന്ധു

നാഗ്പൂരിലേക്ക് ലോയയ്‌ക്കൊപ്പം പോയതായി പറയപ്പെടുന്ന ശ്രീകാന്ത് കുല്‍ക്കര്‍ണിയും എസ്.എം.മോഡക്കും, നാഗ്പൂരില്‍ ജോലി ചെയ്തിരുന്ന വി സി ബാര്‍ഡേയും രൂപേഷ് റാത്തിയും ലോയയുടെ മരണം ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമെന്നാണ് എഴുതി നല്‍കിയത്. തന്നോടൊപ്പം ഉണ്ടായിരുന്ന മോഡക്കിനോടും കുല്‍ക്കര്‍ണിയോടും ലോയ നെഞ്ചുവേദനയുടെ കാര്യം പുലര്‍ച്ചെ നാലു മണിയോടെ പറഞ്ഞുവെന്നും കുല്‍ക്കര്‍ണി ബാര്‍ഡേയെ വിളിച്ചു വിവരം പറഞ്ഞുവെന്നും റാത്തിയെയും കൂട്ടി ഗസ്റ്റ് ഹൌസിലേക്ക് വരാന്‍ ആവശ്യപ്പെട്ടു എന്നുമാണ് മൊഴികളില്‍ ഉള്ളത്. ബാര്‍ഡേ തന്റെ കാറുമായി ക്വാര്‍ട്ടേഴ്‌സില്‍ ചെന്ന് റാത്തിയെയും കൂട്ടി ഗസ്റ്റ് ഹൌസിലെത്തി. അപ്പോള്‍ ലോയ കക്കൂസില്‍ ആയിരുന്നു. പിന്നീട് താഴേക്ക് വന്ന ലോയ തനിക്കു നെഞ്ചെരിച്ചിലും വേദനയും ഉണ്ടെന്നും ആശുപത്രിയില്‍ പോകണമെന്നും പറഞ്ഞു. തുടര്‍ന്ന് ഡാണ്ടേ ആശുപത്രിയിലും അവിടെ നിന്ന് മെഡിട്രിന ആശുപത്രിയിലും കൊണ്ടു പോയി. മെഡിട്രിനയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു.

ഗസ്റ്റ് ഹൗസിലെ റൂം സര്‍വീസ് മുതല്‍ എന്‍ജിനീയറിംഗ് പണികള്‍ ചെയ്യുന്നത് വരെയുള്ള വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന 17 പേരെ മഹാരാഷ്ട്രയുടെ പല ഭാഗങ്ങളില്‍ പോയാണ് ലേഖിക കണ്ടത്. അന്ന് റിസപ്ഷനിലോ റൂം സര്‍വീസിലോ മറ്റ് ജോലികളിലോ ഉണ്ടായിരുന്ന ഒരാള്‍ പോലും ഡിസംബര്‍ ഒന്നിന് രാവിലെ തങ്ങളുടെ ഒരു അതിഥിയെ രോഗബാധിതനായി ആശുപത്രിയില്‍ കൊണ്ട് പോയ വിവരം അറിഞ്ഞിട്ടില്ല. അവിടെ താമസിച്ചിരുന്ന ജഡ്ജിമാരില്‍ ഒരാള്‍ മരിച്ചു എന്ന് പോലും അറിഞ്ഞിട്ടില്ല. ഒക്കെ കഴിഞ്ഞ നവംബറില്‍ പത്രങ്ങളില്‍ വന്ന് അന്വേഷണം തുടങ്ങുമ്പോഴാണ് അറിയുന്നത്. 17 പേരില്‍ 15 പേരുടെയും അഭിപ്രായം ഇതായിരുന്നു. ബാക്കി രണ്ട് പേരാകട്ടെ സംഭവം ലേഖിക പറയുമ്പോഴാണ് അറിയുന്നത്!

ലോയ: വിഷം കയറിയതോ ശാരീരികാക്രമണമോ ആകാം മരണകാരണം-AIIMS ഫോറെന്‍സിക് വിഭാഗം മുന്‍തലവന്‍

അവര്‍ പങ്കു വച്ച സംശയങ്ങളിലൂടെ…
ജഡ്ജിമാര്‍ പറഞ്ഞ പോലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ കുറച്ചെങ്കിലും ഒച്ചയും ബഹളവും ഉണ്ടാവുക സ്വാഭാവികമാണ്. രാത്രിജോലിയില്‍ ഉള്ള ഒരു ജീവനക്കാരനെങ്കിലും അതു ശ്രദ്ധിക്കാതെയിരിക്കില്ല. സാധാരണ രാത്രിയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ പിറ്റേന്ന് രാവിലെ ഡ്യൂട്ടിക്ക് വരുന്നവരോട് രാത്രി ഷിഫ്റ്റില്‍ ഉള്ളവര്‍ അത് പറഞ്ഞിരിക്കും. എന്നാല്‍ ഇങ്ങനെയൊരു സംഭവം ഞങ്ങള്‍ ആരും പറഞ്ഞുകേട്ടില്ല.
അദ്ദേഹത്തിന് രവി ഭവനില്‍ വച്ചു ഹാര്‍ട്ട് അറ്റാക്ക് വന്നെന്നോ. ആദ്യമായിട്ടാണ് ഞാന്‍ ഇത് കേള്‍ക്കുന്നത്. ഓരോ കൊച്ചു സംഭവം പോലും മറക്കാതെ ഡയറിയില്‍ എഴുതുന്ന സ്വഭാവം ഉള്ള താന്‍ എങ്ങനെ ഇത്ര വലിയൊരു സംഭവം വിട്ടു പോകുമെന്നാണ് ഒരാളുടെ ചോദ്യം. ഇതൊന്നും രഹസ്യമായി ചെയ്യാവുന്ന കാര്യങ്ങള്‍ അല്ലല്ലോ. അതിഥികള്‍ ഗസ്റ്റ് ഹൗസില്‍ രഹസ്യമായി ‘മോശ’മായ കാര്യങ്ങള്‍ ചെയ്യുന്നത് പോലും ജീവനക്കാര്‍ അറിയാറുണ്ട്. പിന്നെങ്ങനെ ജഡ്ജിയുടെ പദവിയില്‍ ഇരിക്കുന്ന ഒരാളെ സുഖമില്ലാതെ പുലര്‍ച്ചെ നാലിന് ആശുപത്രിയിലേക്ക് കൊണ്ട് പോയാല്‍ ഞങ്ങള്‍ അറിയാതെ പോകും?

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത

ലോയ തങ്ങളോടൊപ്പം രവി ഭവനില്‍ താമസിച്ചു എന്ന് മറ്റ് ജഡ്ജിമാര്‍ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായി മുന്‍പും കാരവന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ലോയ അവിടെ താമസിച്ചിരുന്നതായി പറയുന്ന സമയത്ത് രജിസ്റ്ററില്‍ അദ്ദേഹത്തിന്റെ പേര് കാണുന്നുമില്ല. ആ സമയത്ത് പത്താം നമ്പര്‍ സൂട്ട് എടുത്തിരിക്കുന്നത് കുല്‍ക്കര്‍ണി ആണ്. മോഡക്കിന്റെ പ്രസ്താവന അനുസരിച്ച് അവര്‍ മൂന്ന് പേരും അതേ മുറിയില്‍ താമസിച്ചിരുന്നു. രവി ഭവനിലെ ഒന്നാം നമ്പര്‍ ബില്‍ഡിങ്ങിന്റെ ഒന്നാം നിലയിലാണ് സൂട്ട് 10. താഴെ റിസപ്ഷന്‍. റിസപ്ഷനില്‍ നിന്ന് ഇടത്തേക്ക് നടന്ന് 40 പടികള്‍ കയറിച്ചെന്നാല്‍ പത്താം നമ്പര്‍ സൂട്ട്. ഈ പടികള്‍ ഇറങ്ങാതെ പുറത്ത് പോകാനും കഴിയില്ല. രാത്രി ജോലിയിലുള്ള ജീവനക്കാര്‍ മിക്കവാറും എല്ലാവരും റിസപ്ഷന്‍ പരിസരത്ത് തറയിലോ അടുത്ത മുറികളിലോ കിടക്ക വിരിച്ചോ സോഫയില്‍ ഇരുന്നോ ഒക്കെയാണ് ഡ്യൂട്ടിയുടെ അവസാന മണിക്കൂറുകളില്‍ വിശ്രമിക്കാറുള്ളത്. എങ്ങനെ അവരാരും അറിയാതെ ലോയയെയും കൊണ്ട് ജഡ്ജിമാര്‍ ആശുപത്രിയില്‍ പോയി എന്ന സംശയമാണ് ജീവനക്കാര്‍ ഒരുപോലെ പങ്കുവച്ചത്.

രാത്രിയില്‍ റിസപ്ഷന്‍ വാതിലുകള്‍ അടച്ചിടുമെങ്കിലും വലിയ ഗ്ലാസ് പാനലുകളിലൂടെയും ജനാലകള്‍ വഴിയും കോമ്പൗണ്ടിലേക്ക് ഗേറ്റ് വഴി കടന്നുവരുന്ന വാഹനങ്ങള്‍ കാണാനാകും. ഡ്യൂട്ടിക്കിടെ ഒന്ന് മയങ്ങുകയല്ലാതെ നന്നായി ഉറങ്ങാറില്ല. അതിനു സാധിക്കില്ല. ഡ്യൂട്ടിയില്‍ ആണെന്ന ഓര്‍മ ഉള്ളതുകൊണ്ട് കിടന്നാലും ഉറങ്ങാന്‍ സാധിക്കില്ല. ചെറിയ അനക്കങ്ങള്‍ കൊണ്ട് പോലും ഉണരും. വൈദുതി സ്പാര്‍ക്ക് ഉണ്ടായ ശബ്ദം പോലും അറിയാറുണ്ട്. മുന്‍പൊരിക്കല്‍ തൊട്ടടുത്ത ബ്ലോക്കിലെ ലിഫ്റ്റില്‍ രാത്രി ഒരു മണിക്ക് അതിഥികള്‍ കുടുങ്ങിയപ്പോള്‍ അലാം കേട്ട് തങ്ങള്‍ ചെന്നു. ഒരു തീപിടുത്തമോ അതിഥികള്‍ക്ക് അസുഖമോ അങ്ങനെ ഗസ്റ്റ് ഹൗസില്‍ എന്തുണ്ടായാലും തങ്ങള്‍ അറിയുമെന്ന് പറയുന്ന ജീവനക്കാര്‍ എങ്ങനെ ഇത്തരമൊരു സംഭവം അറിയാതെ പോകുമെന്ന് ആശ്ചര്യപ്പെടുന്നു. ഒരു വണ്ടി വന്നു നിര്‍ത്തി വയ്യാത്ത ഒരാളെ കയറ്റിക്കൊണ്ടു പോകുമ്പോള്‍ റിസപ്ഷനില്‍ കിടക്കുന്ന ഒരാള്‍ പോലും എങ്ങനെ അറിയാതെ പോകും? വണ്ടി വരുന്നു. മുകളില്‍ നിന്ന് വയ്യാത്ത ആളെ കൊണ്ടുവരുന്നു കയറ്റിപ്പോകുന്നു.എന്നിട്ടും എന്തിനു ആളുകള്‍ വന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ അന്വേഷിക്കാതെ റിസപ്ഷന്‍ കൗണ്ടറില്‍ ആരും ഒന്നും അറിയാതെ ഇരിക്കുന്നു. എത്ര വിചിത്രമായിരിക്കുന്നു.താന്‍ കണ്ട പതിമ്മൂന്നാമന്‍ പ്രതികരിച്ചത് ഇങ്ങനെയെന്ന് പറയുന്നു ലേഖിക.

അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

ജീവനക്കാര്‍ വെളിപ്പെടുത്തിയ വിവരങ്ങളില്‍ പ്രതികരണം ആരാഞ്ഞ് നാഗ്പൂര്‍ പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ ഉല്ലാസ് ദേബദ്വാറിനോട് സംസാരിച്ചപ്പോള്‍ സംഭവിച്ചതിനെക്കുറിച്ച് തനിക്കൊരു രൂപവും ഇല്ലെന്നും കീഴുദ്യോഗസ്ഥനായ പിഡി നവോഗരെയോട് സംസാരിച്ചാല്‍ നന്നായിരിക്കുമെന്നും എന്നാണ് പ്രതികരിച്ചത്. നവോഗരെ ആവട്ടെ തനിക്കും ഒന്നും അറിയില്ലെന്നും ഗസ്റ്റ് ഹൗസില്‍ ഉള്ളവരോട് സംസാരിക്കാനുമാണ് പറഞ്ഞത്. പത്താമതായി കണ്ട ജീവനക്കാരന്‍ പറഞ്ഞത് ഇവിടെ ആരോട് സംസാരിച്ചിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല എന്നാണ്. ഈ സംഭവം ഇവിടെയാണ് നടന്നതെന്ന് പോലും കരുതുന്നില്ല എന്നായിരുന്നു.

ഇവിടെ ഇങ്ങനെ ഒന്ന് നടന്നതായി മാസങ്ങള്‍ക്ക് മുന്‍പ് വരെ ഇവിടെയുള്ള ആരും അറിഞ്ഞിരുന്നില്ല. ഇവിടെ നടന്നുവെന്ന് പറയുന്ന കാര്യങ്ങള്‍ പത്രക്കാര്‍ വന്നു ചോദിക്കുമ്പോഴാണ് ഞങ്ങള്‍ അറിയുന്നത്. ലോയ ഇവിടെ താമസിച്ചിരുന്നു എന്ന് പോലും കരുതുന്നില്ല. നിങ്ങളാണ് അദ്ദേഹം ഇവിടെ താമസിച്ചു എന്നു പറയുന്നത്. ഒരേ ഒരാള്‍ മാത്രമാണ് ലോയയെ രവി ഭവനില്‍ കണ്ടെന്നു ഓര്‍ക്കുന്നത്. നവംബര്‍ 30നു പകല്‍ ഡ്യൂട്ടിക്കിടെ ലോയയെ ഒരു മുറിയില്‍ കണ്ടതായി അയാള്‍ പറയുമ്പോള്‍ അന്നുണ്ടായിരുന്ന വേറെ ആരും പകലോ രാത്രിയോ ലോയയെ അവിടെ കണ്ടതായി പോലും ഓര്‍ക്കുന്നില്ല. ഇങ്ങനെയൊരു അടിയന്തര ഘട്ടം ഉണ്ടായപ്പോള്‍ ആദ്യം വിവരം വിളിച്ചു പറയേണ്ടതു റിസപ്ഷനിലേക്ക് അല്ലേ എന്ന സ്വാഭാവിക സംശയം പങ്കുവയ്ക്കുകയാണ് ജീവനക്കാര്‍.ഒരു കോള്‍ പോലും റിസപ്ഷനിലേക്ക് വന്നിട്ടില്ല. ഒരു അതിഥിക്ക് എന്ത് ആവശ്യം വന്നാലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സഹായിക്കേണ്ടത് തങ്ങളുടെ കടമയല്ലേ? പക്ഷേ തങ്ങളെ അറിയിച്ചില്ലെങ്കില്‍ എന്ത് ചെയ്യും എന്നാണ് അവരുടെ ചോദ്യം.

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയല്ല; ഇത് ജനാധിപത്യം തകര്‍ക്കും: ജസ്റ്റിസ് ലോയ കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

ലോയയെ രഹസ്യമായി ആശുപത്രിയില്‍ എത്തിക്കാന്‍ എന്തിനു ശ്രമിച്ചു. നഗരത്തിന്റെ വേറൊരു ഭാഗത്ത് താമസിക്കുന്ന ബാര്‍ഡേയെയും റാത്തിയെയും വിളിച്ചുവരുത്താന്‍ നില്‍ക്കാതെ റിസപ്ഷന്‍ വഴിയോ നേരിട്ടോ ഒരു ആംബുലന്‍സ് വരുത്തി അടിയന്തര സഹായം തേടാതെ ഇരുന്നത് എന്ത് കൊണ്ടാണ്? എല്ലാ റൂമിനും ഇന്റര്‍കോം സൌകര്യം ഉണ്ട്. എല്ലാവരും ചെയ്യുന്ന പോലെ ആദ്യത്തെ നീക്കം റിസപ്ഷനിലേക്കൊരു കോള്‍ പോവുകയാണ്. അതുണ്ടായിട്ടില്ല. റിസപ്ഷനില്‍ വിളിക്കും. ഞങ്ങള്‍ ഗസ്റ്റ് ഹൌസ് ചുമതലയുള്ള ഉദ്യോഗസ്ഥനെ വിവരം അറിയിക്കും. അദ്ദേഹമാണ് ആംബുലന്‍സോ വേണ്ട വൈദ്യ സഹായമോ ഏര്‍പ്പടാക്കുക. 10-15 മിനിറ്റിനുള്ളില്‍ വേണ്ട സഹായം ലഭ്യമാക്കാന്‍ കഴിയും.ഇവിടെ ലോയയ്ക്ക് ഹൃദയാഘാതം ആയിരുന്നെന്നു പറയുന്നു. എന്നിട്ടും അവര്‍ വിളിക്കുകയോ സഹായം തേടുകയോ ചെയ്തില്ലെന്ന് പറയുമ്പോള്‍ എങ്ങനെ വിശ്വസിക്കും? തങ്ങള്‍ രവി ഭവനില്‍ ജോലി ചെയ്തിരുന്ന കാലത്ത് അവിടെ താമസിച്ച ജഡ്ജിമാരില്‍ ആര്‍ക്കെങ്കിലും ഇങ്ങനെ ഒരു അടിയന്തരാവസ്ഥ വന്നതായി ഈ ജീവനക്കാരില്‍ ആരും ഒരുക്കുന്നില്ല. പ്രത്യേകിച്ച് എഴുതിവച്ച നടപടിക്രമങ്ങള്‍ ഒന്നുമില്ലെങ്കിലും അങ്ങനെ ഒരു അവസ്ഥ ഉണ്ടായാല്‍ മുകളിലുള്ളവരെ അറിയിച്ച് വേണ്ട നടപടി എടുക്കുകയാണ് പതിവെന്ന് എല്ലാ ജീവനക്കാരും പറയുന്നു.

ഇസ്രത് ജഹാന്മാര്‍ കൊല്ലപ്പെടുന്നതെങ്ങനെ?

നവംബര്‍ 30ന് ധാരാളം സൂട്ടുകള്‍ ഒഴിവുണ്ടായിരിക്കേ മൂന്ന് പേര്‍ അതും ജഡ്ജിമാരുടെ പദവിയില്‍ ഇരിക്കുന്നവര്‍ ഒരേ മുറിയില്‍ താമസിച്ചു എന്ന് പറയുന്നതിലെ പൊരുത്തക്കേടും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു ബെഡ് വീതമുള്ളതാണ് സൂട്ടുകള്‍. എക്‌സ്ട്രാ ബെഡ് കൊടുക്കുന്ന പതിവും ഇല്ല. വേണമെങ്കില്‍ അത് സ്വയം വാങ്ങേണ്ടി വരും. ഇത്ര വലിയ പദവിയില്‍ ഇരിക്കുന്ന അതിഥികള്‍ തനിച്ചൊരു മുറിയില്‍ താമസിക്കാനാണ് താല്‍പര്യം കാട്ടുക പതിവെന്നും ഒരു ജീവനക്കാരന്‍ പറയുന്നു. ഒരു എക്‌സ്ട്രാ ബെഡ് ആവശ്യപ്പെട്ട സംഭവം നവംബറില്‍ അവിടെ ജോലിക്കുണ്ടായിരുന്ന ജീവനക്കാര്‍ ആരും ഓര്‍ക്കുന്നുമില്ല. അങ്ങനെ അതിഥികള്‍ ആവശ്യപ്പെട്ടാല്‍ നാഗ്പൂരിലുള്ള സേവാകുഞ്ജ് എന്ന കടയുമായി ബന്ധപ്പെടാന്‍ സൗകര്യം ചെയ്ത് കൊടുക്കാറാണ് പതിവ്. ഗസ്റ്റ് ഹൗസിലേക്ക് സാധനങ്ങള്‍ നല്കാനുള്ള ടെന്‍ഡര്‍ സ്ഥിരമായി ലഭിക്കാറുള്ള സേവാ കുഞ്ജിന്റെ റജിസ്റ്ററില്‍ ആ നവംബറിലെ 29,30 തീയതികളില്‍ ഗസ്റ്റ് ഹൌസിലേക്ക് അങ്ങനെയൊരു എക്‌സ്ട്രാ ബെഡിന് ഓര്‍ഡര്‍ വരികയോ വില്‍ക്കുകയോ ചെയ്തതായി വിവരം ഇല്ല.

മോഡക്ക് നല്‍കിയ മൊഴി അനുസരിച്ച് അങ്ങനെ മൂന്ന് പേരും കൂടി ഒരു മുറിയില്‍ താമസിച്ചെങ്കില്‍ ഒരു എക്‌സ്ട്രാ ബെഡ് ഉപയോഗിച്ചിരിക്കണം. അങ്ങനെ ഉപയോഗിച്ചെങ്കില്‍ ആ ബെഡ് എവിടെപ്പോയി? ലോയയുടെ ലഗേജും മറ്റു സാധനങ്ങളും മുറിയില്‍ തന്നെ കാണേണ്ടതല്ലേ? ഡിസംബര്‍ ഒന്നിന് ജോലിക്കെത്തിയ ആരും ഈ മരണത്തെക്കുറിച്ച് കേട്ടിട്ടുമില്ല. ലോയയുടേതായി ഒന്നും അവിടെ കണ്ടിട്ടുമില്ല. മുന്‍പ് കുടുംബാംഗങ്ങള്‍ നല്‍കിയ വിവരം അനുസരിച്ചു മരണം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് ലോയയുടെ ഫോണ്‍ അവര്‍ക്ക് കിട്ടുന്നത്. രവി ഭവനില്‍ നിന്ന് ലോയയുടെ ലഗേജും മറ്റും ആരാണ് എടുത്തതെന്നോ യഥാര്‍ത്ഥത്തില്‍ അദ്ദേഹം അവിടെ താമസിച്ചിരുന്നോ എന്നതൊന്നും വ്യക്തമല്ല.

വായനയ്ക്ക്: https://goo.gl/zv6X3d

അമിത് ഷാ എന്ന ‘നിരപരാധി’: എവിടെ സി.ബി.ഐ? എവിടെ പ്രതിപക്ഷം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍