UPDATES

ട്രെന്‍ഡിങ്ങ്

ഡികെ ശിവകുമാര്‍: കര്‍ണാടക പ്രതിസന്ധിയില്‍ അവസാനം തോല്‍വി സമ്മതിച്ച കോണ്‍ഗ്രസിന്റെ ‘ക്രൈസിസ് മാനേജര്‍’

ഇത്തവണ എംഎല്‍എമാരുടെ കൂട്ടരാജിയിലും ബിജെപിയിലേയ്ക്കുള്ള ഒഴുക്കും തടയാന്‍ ശിവകുമാറിനും കഴിഞ്ഞില്ല.

മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമൊക്കെ ആരായാലും കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരും ട്രബിള്‍ ഷൂട്ടറുമെല്ലാം ഡികെ ശിവകുമാറാണ്. “ഞങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ നടക്കുന്ന ബിജെപി, സ്വന്തം എംഎല്‍എമാര്‍ ചോര്‍ന്നുപോകാതെ നോക്കിക്കോ” എന്ന് പറയാന്‍ കഴിയുന്ന രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയുമാണ്. എന്നാല്‍ ഇത്തവണ എംഎല്‍എമാരുടെ കൂട്ടരാജിയിലും ബിജെപിയിലേയ്ക്കുള്ള ഒഴുക്കും തടയാന്‍ ശിവകുമാറിനും കഴിഞ്ഞില്ല.

ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ കുറച്ചു ദിവസം മുഖ്യമന്ത്രിയായ യെദിയൂരപ്പയെ താഴെയിറക്കി, ബിസിനസുകാരനും റിസോട്ട് ഉടമയുമെല്ലാമാണ് തന്ത്രജ്ഞനായ ശിവകുമാര്‍. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റി ജെഡിഎസുമായി സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചപ്പോള്‍ എംഎല്‍എമാര്‍ ചാടിപ്പോകാതെ കാത്തുസൂക്ഷിക്കാന്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഡികെ ശിവകുമാര്‍ എന്ന വിശ്വസ്തനെ. ബംഗളൂരുവിന് സമീപം ബിദാദിയിലുള്ള ശിവകുമാറിന്റെ ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ട് എംഎല്‍എമാരെ താമസിപ്പിക്കാനുള്ള കേന്ദ്രമായി മാറി. കൊച്ചിയിലേയ്ക്കും എംഎല്‍എമാരെ എത്തിച്ചിരുന്നു. എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലേയ്ക്ക് ആകര്‍ഷിച്ച് സര്‍ക്കാരിനെ വീഴ്ത്താനുള്ള ബിഎസ് യെദിയൂരപ്പയുടെ ശ്രമങ്ങള്‍ ഇതുവരെ തടഞ്ഞുനിര്‍ത്തിയതില്‍ ഡികെ ശിവകുമാറിന് വലിയ പങ്കാണുള്ളത്.

എന്നാല്‍ ഇത്തവണ ശിവകുമാറിന് പിഴച്ചു. ശിവകുമാറിന്റെ അടുത്തയാളായി അറിയപ്പെടുന്ന സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ് മന്ത്രി സ്ഥാനം രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. 2018ല്‍ ആദ്യമായാണ് നാഗേഷ് നിയമസഭയിലെത്തുന്നത്. വിശ്വസ്തന്‍ തന്നെ ഇത്തരത്തില്‍ പോയത് ശിവകുമാറിന് വലിയ തിരിച്ചടിയായി. നാഗേഷ് തന്നെ വിളിച്ചിരുന്നതായും തട്ടിക്കൊണ്ടുപോയതായി അറിയിച്ചെന്നും ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

കോലാര്‍ ജില്ലയിലെ മുല്‍ബാഗല്‍ മണ്ഡലത്തില്‍ നാഗേഷ് നേടിയ വിജയത്തില്‍ ശിവകുമാറിന്റെ സഹായം നിര്‍ണായകമായിരുന്നു. ശിവകുമാറിനൊപ്പമെന്ന് പറയപ്പെട്ടിരുന്ന മൂന്ന് എംഎല്‍എമാരെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനായി നടത്തിയ ശ്രമം വിജയിച്ചില്ല. എംഎല്‍എമാരുടെ രാജിക്കത്ത് താന്‍ കീറിക്കളഞ്ഞതായെല്ലാം ശിവകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും രാജി വച്ചവര്‍ ഇതുവരെ തയ്യാറാട്ടില്ല. ശിവകുമാറിനൊപ്പമെന്ന് പറയപ്പെട്ടിരുന്ന മൂന്ന് എംഎല്‍എമാരെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനായി നടത്തിയ ശ്രമം വിജയിച്ചില്ല.

മന്ത്രിസ്ഥാനം കിട്ടാത്തതിലുള്ള അതൃപ്തി പരിഹരിക്കാനാണ് മുഖ്യമന്ത്രി കുമാരസ്വാമി നാഗേഷിനെ കഴിഞ്ഞ മാസം മന്ത്രിസഭയിലുള്‍പ്പെടുത്തിയത്. രാജി അറിയിച്ചുകൊണ്ടുള്ള കത്ത് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് എന്നത് ശ്രദ്ധേയമായി. ഇതിന് ശേഷം ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് രാജിക്കത്ത് നല്‍കി. ശിവകുമാര്‍ നാഗേഷിനോട് സംസാരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോളേക്കും മുംബൈയ്ക്കുള്ള വിമാനത്തില്‍ നാഗേഷ് സ്ഥലം വിട്ടിരുന്നു. യെദിയൂരപ്പയുടെ പിഎ ആയ എന്‍എച്ച് സന്തോഷ് എച്ച്എഎല്‍ എയര്‍പോര്‍ട്ടില്‍ നാഗേഷിനെ കാണാനെത്തിയിരുന്നു. ഉടന്‍ മുംബയ് വിമാനത്തില്‍ നാഗേഷ് പോവുകയും ചെയ്തു. മന്ത്രിസ്ഥാനം രാജി വച്ച് മുംബൈയിലേയ്ക്ക് പോയ മറ്റൊരു സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കര്‍ സിദ്ധരാമയ്യയുടെ ആളായാണ് അറിയപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍