UPDATES

കനിമൊഴിയുടെ വീട്ടിൽ റെയ്ഡ്; പണമൊളിപ്പിച്ചിട്ടുണ്ടെന്ന ആരോപണം പരിശോധിക്കാനെത്തിയതെന്ന് ആദായനികുതി വകുപ്പ്

തങ്ങളെ ബിജെപി വേട്ടയാടുകയാണെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ ആരോപിച്ചു.

ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടിൽ ആദായനികുതി വകുപ്പധികൃതർ റെയ്ഡ് നടത്തുന്നു. തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നതിന്റെ രണ്ടുദിവസം മുമ്പാണ് ആദായനികുതി വകുപ്പിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

നേരം ഇരുട്ടിയതിനു ശേഷമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കനിമൊഴിയുടെ വീട്ടിലെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കനിമൊഴിയുടെ വീടിന്റെ ഒന്നാംനിലയിൽ ധാരാളം പണം കൂട്ടിവെച്ചിട്ടുണ്ടെന്ന് തങ്ങൾക്ക് വിവരം കിട്ടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയ്ക്കായാണ് തങ്ങളെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവമറിഞ്ഞ് ഡിഎംകെ പ്രവർത്തകർ കനിമൊഴിയുടെ വീട്ടുമുറ്റത്തേക്ക് എത്തി. തൂത്തുക്കുടിയിൽ നിന്ന് കനിമൊഴി ലോകസഭയിലേക്ക് മത്സരിക്കുന്നുണ്ട്. ബിജെപി നേതാവ് തമിളിസൈ സൗന്ദരരാജനാണ് എതിർ സ്ഥാനാർത്ഥി. ഇവർക്ക് എഐഎഡിഎംകെയുടെ പിന്തുണയുണ്ട്.

വ്യാഴാഴ്ചയാണ് 39 ലോകസഭാ മണ്ഡലങ്ങളിലേക്കും 18 അസംബ്ലി മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് വെല്ലൂരിൽ നിന്ന് 500 കോടി രൂപ റെയ്ഡിലൂടെ പിടിച്ചെടുത്തിരുന്നു. ഡിഎംകെ സ്ഥാനാര്‍ത്ഥി കതിർ ആനന്ദിന്റെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഡിഎംകെ ട്രഷറർ ദൊരൈ മുരുകന്റെ മകനാണ് കതിർ. ദൊരൈ മുരുകന്റെ വീട്ടിൽ നിന്നും 10.50 കോടി രൂപയും മറ്റൊരു ഡിഎംകെ നേതാവിന്റെ വീട്ടിൽ നിന്ന് 11.53 കോടി രൂപയും പിടിച്ചെടുത്തെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അതെസമയം തങ്ങളെ ബിജെപി വേട്ടയാടുകയാണെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍