UPDATES

ട്രെന്‍ഡിങ്ങ്

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം അയയുന്നു, മമതയുമായി മാധ്യമങ്ങളുടെ മുന്നില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഡോക്ടര്‍മാര്‍

അടച്ച മുറിയില്‍ ചര്‍ച്ച വേണ്ടെന്നും മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വേണം ചര്‍ച്ചയെന്നും ഡോക്ടര്‍മാര്‍ നിബന്ധന വച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ ഡോക്ടര്‍ സമരത്തില്‍ അയവ്. സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണ് എന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉറപ്പ് പരിഗണിച്ച് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. നേരത്തെ മമത ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ മുഖ്യമന്ത്രിയെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടര്‍മാര്‍. എന്‍ആര്‍എസ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. അടച്ച മുറിയില്‍ ചര്‍ച്ച വേണ്ടെന്നും മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വേണം ചര്‍ച്ചയെന്നും ഡോക്ടര്‍മാര്‍ നിബന്ധന വച്ചിട്ടുണ്ട്.

എല്ലാ മെഡിക്കല്‍ കോളേജുകളുടേയും പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിക്കണം. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്താനാണ് ഉപയോഗിച്ചത് എന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി. സിപിഎമ്മിന്റേയും ഗൂഢാലോചനയാണ് എന്ന് മമത നേരത്തെ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ 13 മെഡിക്കല്‍ കോളേജുകളെ പ്രതീനിധീകരിച്ച് അറുപതോളം ഡോക്ടര്‍മാര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തേക്കും. അതേസമയം തിങ്കളാഴ്ച ബംഗാള്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) നാളെ പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ സമരം പിന്‍വലിച്ചിട്ടില്ല. ഡല്‍ഹിയിലെ ഐഎംഎ ആസ്ഥാനത്ത് ഉള്‍പ്പടെ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.

24 മണിക്കൂര്‍ ദേശീയ പണിമുടക്കിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്. അടിയന്തര സേവനങ്ങള്‍ ഒഴികെ ഒപി അടക്കം എല്ലാ സര്‍വീസുകളും ഡോക്ടര്‍മാര്‍ നിര്‍ത്തി വയ്ക്കും. നബന്നയിലെ (സെക്രട്ടറിയേറ്റ്) മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ച നടത്താനുള്ള മമതയുടെ ക്ഷണം ഡോക്ടര്‍മാര്‍ നിരസിച്ചു. സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് വാര്‍ത്താസമ്മേളനം വിളിച്ച മമത, ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായും അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തെ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

കൊല്‍ക്കത്ത നീല്‍രത്തന്‍ സര്‍ക്കാര്‍ (എന്‍ആര്‍എസ്) മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം തുടങ്ങിയത്. ഇത് സംസ്ഥാനത്തെ 13 മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള വിവിധ ആശുപത്രികളിലേയ്ക്ക് പടരുകയായിരുന്നു. മിക്കയിടങ്ങളിലും ഒപിയും അവശ്യസേവനങ്ങള്‍ അടക്കമുള്ളവയും സ്തംഭിപ്പിക്കുന്ന തരത്തിലുള്ള വ്യാപക പ്രക്ഷോഭം ബംഗാളിന്റെ ആരോഗ്യമേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബംഗാള്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍