UPDATES

കഫീല്‍ ഖാനെയും സൈബാല്‍ ജെനയെയും തുറങ്കിലടച്ചപ്പോള്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരും ഐ എം എയും എവിടെയായിരുന്നു?

ഡോക്ടര്‍മാരുടെ സമരത്തിന് ബിജെപി കളിക്കുന്ന രാഷ്ട്രീയമാണെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സമരം രാജ്യവ്യാപകമായി വ്യാപിക്കുന്നത്‌

കൊല്‍ക്കത്തയില്‍ നിന്നും ആരംഭിച്ച ഡോക്ടര്‍മാരുടെ സമരം രാജ്യവ്യാപകമായി പടരുകയാണ്. കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ചാണ് രാജ്യവ്യാപക സമരം നടക്കുന്നത്. രോഗി മരിച്ചതില്‍ പ്രകോപിതരായി പരിബോഹോ മുഖര്‍ജ് എന്ന ഡോക്ടറെയാണ് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഡോക്ടറുടെ അശ്രദ്ധയാണ് രോഗിയുടെ മരണത്തിന് കാരണമെന്നായിരുന്നു ആരോപണം. ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ആരംഭിച്ച ഡോക്ടര്‍മാരുടെ സമരമാണ് അഞ്ചാം ദിവസത്തേക്ക് കടക്കുമ്പോള്‍ രാജ്യവ്യാപകമാകുന്നത്.

ആക്രമിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കൊല്‍ക്കത്ത നീല്‍രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ഇതിന് പിന്തുണയുമായി 13 മെഡിക്കല്‍ കോളേജുകളിലേതടക്കം സംസ്ഥാനത്തെ ഇരുപതോളം സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമര രംഗത്താണ്. പലരും ഒപിയും എമര്‍ജന്‍സി സര്‍വീസുകളും പോലും നിര്‍ത്തിവച്ച് സമരം ചെയ്യുന്നു. സമരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡോക്ടര്‍മാരുടേയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റേയും (ഐഎംഎ) പിന്തുണ ലഭിക്കുകയും ചെയ്തിരിക്കുന്നു. തിങ്കളാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഐഎംഎ.

ഡെല്‍ഹി എയിംസിലേയും സഫ്ദര്‍ജംഗിലെയും പാട്നയിലെയും റായിപുരിലെയും രാജസ്ഥാനിലെയും പഞ്ചാബിലെയും വിവിധ ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലെ സിയോണ്‍ ആശുപത്രിയും ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയറിയിച്ചു. ഹൈദരാബാദിലെയും വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ ഡോക്ടര്‍മാര്‍ ഇതുവരെയും സമരത്തിന് പിന്തുണയൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തീര്‍ത്തും തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ച് സമരം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്നലെ പേരൂര്‍ക്കട വെറ്റിനറി ആശുപത്രിയിലെ ഡോക്ടറായ അനൂപ് രാജമണിയ്ക്ക് നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്തയും പുറത്തു വരുന്ന സാഹചര്യത്തില്‍ സമരം കേരളത്തിലും വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മൃഗാശുപത്രിയിലെത്തിച്ച വളര്‍ത്തു നായ ചത്തുപോയതോടെയാണ് നാലംഗ സംഘം അനൂപിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

ചികിത്സാ പിഴവിന്റെ പേരിലുണ്ടാകുന്ന മര്‍ദ്ദനങ്ങളെ യാതൊരു വിധത്തിലും ന്യായീകരിക്കാനാകില്ല. എന്നാല്‍ എങ്ങനെയാണ് ചികിത്സാ പിഴവ് സംഭവിക്കുന്നതെന്ന ചോദ്യത്തിന് അതിനേക്കാള്‍ പ്രസക്തിയുണ്ട്. മാത്രമല്ല, ഇപ്പറഞ്ഞ ചികിത്സാ പിഴവ് മൂലം മരിക്കുന്നവരുടെ ബന്ധുക്കളുടെ വൈകാരികതയെ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഒരു ഡോക്ടര്‍ക്ക് പിഴച്ചാല്‍ അത് നഷ്ടമാക്കുന്നത് ഒരു ജീവനെയായിരിക്കുമെന്ന അടിസ്ഥാന തത്വത്തെ ആശ്രയിച്ചാല്‍ ജനങ്ങളുടെ വികാരത്തെ തള്ളിക്കളയാനാകില്ല. ഒരു ഡോക്ടര്‍ അത്രമാത്രം ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഇതിന് മുമ്പും കേരളത്തിലും രാജ്യത്തും ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുകയോ അനീതികള്‍ക്ക് ഇരയാകുകയോ ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരും വിമതരുമായ ഡോക്ടര്‍മാരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമില്ലാത്ത വിധത്തിലാണ് ഇപ്പോഴത്തെ ഡോക്ടര്‍ സമരം. ‘ഞാന്‍ ജയിലില്‍ കിടന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?’ എന്ന് ഡോ. കഫീല്‍ ഖാന്‍ ചോദിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. യുപിയില്‍ യോഗി ആദിത്യനാഥിന്റെ പോലീസ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് പ്രതിഷേധമുണ്ടായില്ലെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവുകളുണ്ടായിട്ടും തനിക്ക് തരാനുള്ള വേതനം തരുകയോ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല എന്ന് കഫീല്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നു. എനിക്ക് വേണ്ടിയും ഒരു പ്രസ്താവനയിറക്കൂ. ഞാനും നിങ്ങളുടെ തൊഴില്‍ ചെയ്യുന്നവനാണ്. എനിക്കും ഒരു കുടുംബമുണ്ട് കഫീല്‍ ഖാന്‍ പറയുന്നു.

2017ല്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ 60ലധികം കുട്ടികള്‍ മരിച്ചിരുന്നു. ഓക്സ്ജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് ദുരന്തത്തിന് കാരണമായത്. സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് സിലണ്ടര്‍ വരുത്തിയാണ് ബാക്കിയുള്ള കുട്ടികളുടെ ജീവന്‍ കഫീല്‍ ഖാന്‍ രക്ഷിച്ചത്. അതേസമയം യോഗി ആദിത്യനാഥ് കഫീല്‍ ഖാനെ പരസ്യമായി ശകാരിക്കുകയും പിന്നീട് പ്രതികാര നടപടികള്‍ തുടങ്ങുകയും ചെയ്തു. കഫീല്‍ ഖാന്‍ മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നു. കഫീല്‍ ഖാന്റെ സഹോദരനെതിരെ പിന്നീട് വധശ്രമമുണ്ടായി.

ഡോ. സൈബാല്‍ ജനയുടെ അവസ്ഥയും മറ്റൊന്നല്ല. പാവപ്പെട്ടവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിനാണ് ജെനയെ പോലീസ് അറസ്റ്റ് ചെയ്തത്. പൊതുജന മധ്യത്തില്‍ കൈവിലങ്ങിട്ട് നടത്തിച്ച അദ്ദേഹത്തെ മാസങ്ങളോളം ജയിലിലിട്ടിരുന്നു. ജെനയെ കൈവിലങ്ങണിയിച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൈവിലങ്ങ് നിയമത്തിന്റെ ലംഘനമായിരുന്നു ഇത്. ഇന്ത്യന്‍ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ ഓടിരക്ഷപ്പെടാന്‍ സാധ്യതയുണ്ടെങ്കിലോ മറ്റ് സുരക്ഷാ കാരണങ്ങളാലോ മാത്രമാണ് കൈവിലങ്ങ് അണിയിക്കാന്‍ പാടുള്ളൂ. ആ സാഹചര്യത്തിലാണ് ജെനയെ കൈവിലങ്ങ് അണിയിച്ചതും മാസങ്ങളോളം തടവില്‍ തള്ളിയതും. ഛത്തീസ്ഗഡിലെ ദല്ലി രാജ്ഹറയിലെ ശാഹീദ് ആശുപത്രിയിലെ ചീഫ് ഫിസീഷ്യന്‍ ആയിരുന്നു സൈബാല്‍ ജെന. മൂന്ന് പതിറ്റാണ്ടായി ഇവിടെയെത്തുന്ന തൊഴിലാളികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ രോഗികള്‍ക്ക് ഇദ്ദേഹം സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും അദ്ദേഹം പ്രശസ്തനായിരുന്നു. മലേറിയ, മാതൃശിശു മരണം, ടിബി, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കണ്ടുവരുന്ന സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ രോഗങ്ങള്‍ തുടച്ചു നീക്കാന്‍ ഇദ്ദേഹത്തിന്റേതായ ശ്രമങ്ങള്‍ നടന്നിരുന്നു. 1992ലെ ഒരു കേസിനാണ് ജെനയെ ഒരു നോട്ടീസ് പോലും നല്‍കാതെ പോലീസ് അറസ്റ്റ് ചെയ്തത്.

കഫീല്‍ ഖാനും ജെനയും അറസ്റ്റിലായപ്പോഴും ഐഎംഎയും ഇപ്പോള്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരും എവിടെയായിരുന്നുവെന്നാണ് രാജ്യമെമ്പാടും വളരാനൊരുങ്ങുന്ന സമരം കാണുമ്പോള്‍ ചോദിച്ചു പോകുന്നത്. സമരത്തിന്റെ പിന്നില്‍ ബിജെപിയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കഫീല്‍ ഖാനും ആരോപിക്കുമ്പോള്‍ ഈ സമരം രാജ്യവ്യാപകമായി പടരുന്നത് സസൂക്ഷ്മം നിരീക്ഷിക്കേണ്ട ഒരു കാര്യമാകുന്നു.

read more:ഞാന്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? ഞാനും നിങ്ങളിലൊരാളല്ലേ? സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് കഫീല്‍ ഖാന്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Me:Add me on Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍