UPDATES

ബിജെപിക്ക് ലോക്സഭയില്‍ തനിച്ച് ഭൂരിപക്ഷം നഷ്ടപ്പെട്ടോ? കണക്കുകള്‍ പറയുന്നത് ഇങ്ങനെ

യെദിയൂരപ്പയും ശ്രീരാമലുവും രാജി വച്ചെങ്കിലും അവരുടെ പേരുകള്‍ ഇപ്പോഴും ലോക്സഭാ വെബ്സൈറ്റില്‍ ഉണ്ട്

രണ്ടു ദിവസം മാത്രം ആയുസുണ്ടായ ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ കര്‍ണാടകത്തില്‍ വീണതിനു പിന്നാലെ ബിജെപിയെ അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അവരുടെ രണ്ടംഗങ്ങള്‍-യെദ്യൂരപ്പ, ബി ശ്രീരാമലു- എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യാന്‍ മെയ് 19-ന് രാജിവെച്ചതോടെ ലോക്സഭയില്‍ ബിജെപിക്ക് തനിച്ചുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടമായി എന്നതായിരുന്നു അത്. അതായത് 2014-ല്‍ 282 സീറ്റുകളാണ് അവര്‍ വിജയിച്ചത് എങ്കിലും ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയോടെ എംപിമാരുടെ എണ്ണം 271 ആയി കുറഞ്ഞു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അത് ശരിയല്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന കണക്കുകള്‍ കാണിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആറ് ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടപ്പോള്‍ അഞ്ചെണ്ണത്തില്‍ വിജയിച്ചു. അപ്പോള്‍ ഭൂരിപക്ഷം 275 ആയി. സുമിത്ര മഹാജന്‍ ലോക് സഭാ സ്പീക്കറായതോടെ എംപിമാരുടെ എണ്ണം 274 ആയി. സ്പീക്കര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ലെങ്കിലും കാസ്റ്റിംഗ് വോട്ട് ചെയ്യാം എന്നതിനാല്‍ ആ വോട്ടും ബിജെപിക്ക് ലഭിക്കും.

ഇതിനിടെയാണ് യെദിയൂരപ്പയും ശ്രീരാമലുവും ഒപ്പം, മേലുകോട്ടയില്‍ നിന്ന് വിജയിച്ച ജെഡി(എസ്)ന്റെ മാണ്ട്യ എംപി സി.എസ് പുട്ടരാജുവും രാജി വയ്ക്കുന്നത്. ഇവരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ലോക്സഭാ വെബ്സൈറ്റില്‍ ഇവരുടെ പേരുകള്‍ ഇപ്പോഴും ഉണ്ട്. ആ കണക്കില്‍ ബിജെപിക്ക് 274 എംപിമാരുടെ പിന്തുണയുണ്ട്. എന്നാല്‍ അവരുടെ ഭണ്ടാര-ഗോണ്ട്യ എംപി നാന പട്ടോലെ, നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജി വച്ചതോടെ എംപിമാരുടെ എണ്ണം 273 ആയി.

മെയ് 19-നു വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് യെദ്യൂരപ്പയും ശ്രീരാമലുവും എംപി സ്ഥാനം രാജിവെച്ചത്. ശിവമോഗയില്‍ നിന്നുള്ള എം പിയായിരുന്ന യെദ്യൂരപ്പ ശിഖരിപുരയിലെ എംഎല്‍എയായും ബെല്ലാരിയിലെ എംപിയായിരുന്ന ശ്രീരാമലു മോല്‍കല്‍മുറുവിലെ എംഎല്‍എയായുമാണ് കര്‍ണാടക നിയമസഭയില്‍ എത്തിയത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 101 (2) അനുസരിച്ച് ഒരാള്‍ക്ക് ഒരേ സമയം പാര്‍ലമെന്റിലും നിയമസഭയിലും അംഗമായിരിക്കാന്‍ സാധിക്കില്ല. ഇതിലേതെങ്കിലും ഒന്നില്‍ നിന്നും രാജിവെക്കാന്‍ അയാള്‍ക്ക് 14 ദിവസത്തെ സമയം ലഭിക്കും. മെയ് 19-ന് യെദ്യൂരപ്പയും ശ്രീരാമലുവും രാജിവെച്ചതോടെ അവരുടെ സീറ്റുകള്‍  ഒഴിവായി. എന്നാല്‍ സ്പീക്കര്‍ രാജി സ്വീകരിക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ എംപി അല്ലാതാകുന്നത് എന്ന് പാര്‍ലമെന്‍ററികാര്യ വിദഗ്ധന്‍ സുഭാഷ് സി കാശ്യപ് പറയുന്നു. എന്നാല്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നത് വൈകിച്ചാല്‍ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കാനുള്ള  14 ദിവസ കാലപരിധിച്ചട്ടമാകും ബാധകമെന്നും വിദഗ്ധര്‍ പറയുന്നു .

ഇരുവരുടെയും രാജി സ്പീക്കര്‍ സുമിത്ര മഹാജന്‍ സ്വീകരിച്ചതായി ലോക്സഭാ ബുള്ളറ്റിന്‍ വ്യക്തമാക്കുകയും ഇരുവരുടെയും പേരുകള്‍ ആദ്യം നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും ലോക്സഭാ വെബ്സൈറ്റില്‍ അംഗങ്ങളുടെ പട്ടികയില്‍ തിരികെയെത്തിയത് എങ്ങനെയാണ് എന്നാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരിക്കുന്ന വിഷയം.

സ്വന്തമായി കേവലഭൂരിപക്ഷം നഷ്ടപ്പെടുന്നത് സഖ്യകക്ഷികളുമായുള്ള ബി ജെ പിയുടെ വിലപേശല്‍ ശേഷി കുറയ്ക്കും. അതായത്, യെദിയൂരപ്പയും ശ്രീരാമലുവും രാജി വച്ചതോടെ അംഗങ്ങളുടെ എണ്ണം 271 ആയതിനു പുറമേ മറ്റൊരു തലവേദന കൂടി ബിജെപ്പിക്കുണ്ട്.  ബിഹാറില്‍ നിന്നുള്ള തങ്ങളുടെ എംപി കീര്‍ത്തി ആസാദിനെ അവര്‍ താത്ക്കാലികമായി പുറത്താക്കിയിരിക്കുകയാണ്. ബിഹാറില്‍ നിന്നുള്ള മറ്റൊരു എംപി ശത്രുഘ്നന്‍ സിന്‍ഹ പരസ്യമായിത്തന്നെ മോദി സര്‍ക്കാരിനെതിരാണ്.

അവരുടെ പ്രധാന പങ്കാളികളിലൊന്നായ 18 എംപിമാരുള്ള ശിവ സേന സര്‍ക്കാരില്‍ നിന്നു പുറത്തുപോകുമെന്നുള്ള ഭീഷണി മുഴക്കുകയും 2019-ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ബിജെപിയുടെ ജമ്മു കാശ്മീരിലെ  സഖ്യകക്ഷി പിഡിപി അവരുടെ ശ്രീനഗര്‍ സീറ്റില്‍ എതിരാളികളായ നാഷണല്‍ കോണ്‍ഫറന്‍സിനോട് തോറ്റു. മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് സാങ്ഗ്മ ജയിച്ച ഒരു ലോക്സഭാ സീറ്റും അയാള്‍ രാജിവെക്കുന്നതോടെ ഒഴിവാകും.

നാല് ലോക്സഭാ സീറ്റുകളിലേക്ക് മെയ് 28-നു തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതില്‍ രണ്ടെണ്ണം മഹാരാഷ്ട്രയില്‍ നിന്നുമാണ്: നാനാ പട്ടോലെ രാജിവെച്ച ഭാന്ദ്ര-ഗോണ്ടിയ, ബിജെപി എംപി സി. വാങ്ക മരിച്ച പാല്‍ഘര്‍. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ബിജെപിയുടെ ഹുക്കും സിംഗിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി എസ് പി, എസ് പി, ആര്‍ എല്‍ ഡി കക്ഷികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയെയാണ് ബിജെപിക്ക് നേരിടേണ്ടി വരുന്നത്. ഗോരഖ്പൂരിലും ഫുല്‍പ്പൂരിലും ഇത്തരത്തില്‍ ബിജെപി പരാജയം രുചിച്ചിരുന്നു. നാലാമത്തെ സീറ്റ് നാഗാലാണ്ടിലാണ്. മുഖ്യമന്ത്രി നീഫൂ റിയോ രാജിവെച്ച സീറ്റില്‍ ബിജെപിയുടെ സഖ്യകക്ഷിക്ക് കടുത്ത മത്സരമാണ് നേരിടേണ്ടിവരുന്നത്.

ഗുജറാത്തിലെ വഡോദര, മദ്ധ്യപ്രദേശിലെ ഷാദോല്‍, ലഖിപൂര്‍ എന്നിവ ബിജെപി നിലനിര്‍ത്തിയപ്പോള്‍  ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍, ഫൂല്‍പൂര്‍, മധ്യപ്രദേശിലെ ബീഡ്, പഞ്ചാബിലെ ഗുരുദാസ്പൂര്‍, രാജസ്ഥാനിലെ അല്‍വാര്‍, അജ്മീര്‍ എന്നീ സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി.

കര്‍ണാടകത്തിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ബി ജെ പി മെയ് 28-ലെ ഉപതെരഞ്ഞെടുപ്പുകളെ നേരിടുന്നത്. സ്വന്തമായി ഭൂരിപക്ഷം നിലനിര്‍ത്തനും സഖ്യക്ഷികള്‍ക്കിടയിലെ മേധാവിത്തം നഷ്ടപ്പെടാതിരിക്കാനും അവര്‍ക്ക് ഈ ഉപതെരഞ്ഞെടുപ്പുകള്‍ ജയിക്കേണ്ടതുണ്ട്.

എന്നാല്‍ ഒരു വിശ്വാസ വോട്ടെടുപ്പിന്റെ ഘട്ടം വന്നാല്‍ ബിജെപി സ്വന്തമായി കടന്നുകൂടിയേക്കാം. കാരണം ലോക്സഭയുടെ അംഗബലം 538 ആയി കുറഞ്ഞുനില്‍ക്കുമ്പോള്‍ (536 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ട 2 ആംഗ്ലോ ഇന്ത്യന്‍ അംഗങ്ങളും) സ്പീക്കറെ കൂടാതെ ബിജെപിക്ക് ഭൂരിപ്ക്ഷം തെളിയിക്കാന്‍ 269 അംഗങ്ങള്‍ മതി.

ഒപ്പം, ലോക് ജനശക്തി പാര്‍ട്ടിയുടെയും അകാലി ദള്ളിന്റെയും ചേര്‍ത്ത് 12 എംപിമാരുടെ പിന്തുണ കൂടി ബിജെപിക്കുണ്ട്. അതേ സമയം മെയ് 28-ലെ ഉപതെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായാല്‍ അത് ബിജെപിയെ വീണ്ടും അപ്രതീക്ഷിതമായി പ്രതിരോധത്തിലാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍