UPDATES

ട്രെന്‍ഡിങ്ങ്

പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ മോദി ആകാശത്തേക്ക് വിരൽ ചൂണ്ടുന്നെന്ന് പ്രതിപക്ഷം

ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടത്തെ രാഷ്ട്രീയനിറം ചേർത്ത് അവതരിപ്പിക്കാൻ തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രിക്ക് അനുമതി നൽകിയതിന്റെ പ്രത്യേക കാരണമെന്തെന്ന് അറിയാൻ രാജ്യത്തിന് ആഗ്രഹമുണ്ടെന്നും യെച്ചൂരി തന്റെ കത്തിൽ വ്യക്തമാക്കി.

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷണം നടത്തിയത് പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പു കാലത്ത് നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇത് പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും സാധ്യമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി പറയുന്നു.

പ്രധാനമന്ത്രിയുടെ ഈ നീക്കം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി മത്സരിക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും ഇതിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞതാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു കമ്മീഷനെ മുൻകൂട്ടി അറിയിച്ചിരുന്നോയെന്നും അറിയിച്ചിരുന്നെങ്കില്‍ അതിന് അനുമതി നൽകിയിരുന്നോയെന്നും യെച്ചൂരി ചോദിച്ചു.

ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടത്തെ രാഷ്ട്രീയനിറം ചേർത്ത് അവതരിപ്പിക്കാൻ തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രിക്ക് അനുമതി നൽകിയതിന്റെ പ്രത്യേക കാരണമെന്തെന്ന് അറിയാൻ രാജ്യത്തിന് ആഗ്രഹമുണ്ടെന്നും യെച്ചൂരി തന്റെ കത്തിൽ വ്യക്തമാക്കി.

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ രാഷ്ട്രീയച്ചുവയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി. തൊഴിലില്ലായ്മ, ഗ്രാമീണമേഖലയിലെ പ്രതിസന്ധികൾ, സ്ത്രീസുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിന്നും രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാൻ ആകാശത്തേക്ക് വിരൽ ചൂണ്ടുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസിനും റഷ്യക്കും ചൈനയ്ക്കും ശേഷം ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പ്രധാനപ്പെട്ട ഒരു സന്ദേശം രാജ്യത്തിന് നൽകാനുണ്ടെന്ന സൂചന ആദ്യം നൽകിയതിനു ശേഷം നാടകീയമായിട്ടായിരുന്നു മോദിയുടെ പ്രഖ്യാപനം. ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച് മൂന്ന് മിനുട്ടിനകം ഇന്ത്യന്‍ മിസൈല്‍ ഉപഗ്രഹം തകര്‍ത്തു. തദ്ദേശീയമായി വികസിപ്പിച്ച എ സാറ്റ് മിസൈലാണ് ഇന്ത്യ വിക്ഷേപിച്ചത്. മിഷന്‍ ശക്തി എന്നാണ് പദ്ധതിയുടെ പേര്. ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും മോദി പറഞ്ഞു. ഡിആര്‍ഡിഒ ശാസ്ത്രജ്ഞരാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് വീഴ്ത്തിയത്.

അതെസമയം മോദി ഇന്ന് പ്രഖ്യാപിച്ച പദ്ധതി 2010ൽ യുപിഎ കാലത്ത് തുടങ്ങിയതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഈ സാങ്കേതികത സ്വന്തമായ വിവരം 2012ൽ തന്നെ പ്രതിരോധ ഗവേഷണ വികസന വിഭാഗത്തിന്റെ അന്നത്തെ മേധാവി പ്രഖ്യാപിച്ചിരുന്നതായി സീതാറാം യെച്ചൂരിയും തെരഞ്ഞെടുപ്പ് കമ്മീഷനുള്ള തന്റെ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍