UPDATES

ട്രെന്‍ഡിങ്ങ്

താരങ്ങള്‍ക്കു വേണ്ടി സ്വയം വഴങ്ങുന്ന രാഷ്ട്രീയമാണ് തമിഴകത്തിന്റേത് എന്നതൊരു വലിയ തെറ്റിധാരണയാണ്

ഇനി തമിഴരുടെ സമരം ദ്രാവിഡ രാഷ്ട്രീയത്തിന്റെ അതിജീവനത്തിന്; താരങ്ങൾക്ക് ചെയ്യാനുള്ളത് അനുഗമിക്കുക! സര്‍ക്കാര്‍ ഉയര്‍ത്തുന്ന ചിന്തകള്‍

ഒരു ശരാശരി തമിഴന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ രാഷ്ട്രീയ ആശങ്ക എന്താണ് എന്ന ചോദ്യത്തിന് പലരും വ്യക്തികളുടെ നീക്കങ്ങളിലേക്കാണ് ഉത്തരം തേടിപ്പോകുന്നത്. എന്നാൽ കുറച്ചുകൂടി അടുത്തു നിന്നുള്ള കാഴ്ചയിൽ, കമൽ ഹാസനോ രജിനികാന്തോ ടിടിവി ദിനകരനോ തമിളിസൈ സൗന്ദരരാജനോ എംകെ സ്റ്റാലിൻ പോലുമോ തമിഴന്റെ ആശങ്കയല്ലെന്ന് പറയേണ്ടിവരും. ഇക്കഴിഞ്ഞ ദിവസം ടിഎൻപിഎസ്‌സി (തമിഴ്നാട് പബ്ലിക് സർവ്വീസ് കമ്മീഷൻ) ചോദ്യപേപ്പറിൽ പെരിയാറിനെ ‘ഇവി രാമസ്വാമി നായിഡു’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. അളഗപ്പ സർവ്വകലാശാലയിലും സമാനമായ ഒരു സംഭവം നടന്നു. സിഎൻ അണ്ണാദുരൈയുടെ ‘നീതി ദേവൻ മയക്കം’ എന്ന നാടകം സിലബസ്സിൽ നിന്നും നീക്കം ചെയ്യാൻ സർവ്വകലാശാല തീരുമാനമെടുത്തിരുന്നു. വിവാദമായതിനെ തുടർന്ന് സർവ്വകലാശാല ഈ നീക്കത്തിൽ നിന്നും പിന്മാറി. തമിഴ്നാടിന്റെ ആശങ്കകൾ ഇവിടെയെല്ലാമാണ് കിടക്കുന്നത്. അത് ആ നാടിന്റെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്ര അടിത്തറയെ സംബന്ധിച്ചുള്ളതാണ്.

എഐഎഡിഎംകെ എന്ന കക്ഷി ചിതറിക്കഴിഞ്ഞെന്ന യാഥാർത്ഥ്യം തമിഴ്നാട് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. എഐഎഡിഎംകെയുടെ ചിതറൽ ദ്രാവിഡരാഷ്ട്രീയത്തിന്റെ ചിതറലായി മാറുമോയെന്ന ആശങ്കയാണ് രാഷ്ട്രീയ നിരീക്ഷകർ തുടക്കം മുതലേ പ്രകടിപ്പിച്ചു പോന്നിരുന്നത്. ഈ ആശങ്കയ്ക്ക് മറുപടിയാകുകയാണ് സന്ദർഭത്തിന്റെ ആവശ്യമെന്ന് ഡിഎംകെയുടെ നേതൃത്വം കൃത്യമായി തിരിച്ചറിയുകയുണ്ടായി. എംകെ സ്റ്റാലിന്റെ നേതൃത്വത്തെ ഇക്കാര്യത്തിൽ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. തമിഴ്നാട് ജനത ഇപ്പോൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് തങ്ങൾ ഇക്കാലമത്രയും ജീവൻ കൊടുത്ത് വളർത്തിയെടുത്ത ദ്രാവിഡ രാഷ്ട്രീയത്തെയാണ്. തന്തൈ പെരിയാറിന്റെയും അണ്ണായുടെയും പേരുച്ചരിക്കാൻ പോലും ഭയന്നിരുന്നവർ ഇപ്പോൾ അവരുടെ പ്രതിമകൾ തകർക്കുന്നതിലേക്കും പേരുകളിൽ മാറ്റം വരുത്തുന്നതിലേക്കും വളർന്നിരിക്കുകയാണ്. വരാനിരിക്കുന്ന ജനവിധിയെക്കുറിച്ച് ഏതാണ്ടൊരു ധാരണ ഇതിനകം തന്നെ വന്നിട്ടുണ്ട്. എഐഎഡിഎംകെ എന്ന കക്ഷിയെ വീതിച്ചെടുക്കാൻ കമലിനും രജിനിക്കും ടിടിവി ദിനകരനുമെല്ലാം സാധിച്ചെന്നിരിക്കും. സ്റ്റാലിന്റെ നേതൃത്വത്തിൽ ഇതിനകം ഉറപ്പിക്കപ്പെട്ടു കഴിഞ്ഞ ഡിഎംകെയുടെ നിലം ഇനിയാർക്കും തകർക്കാനാകില്ല. അധികാരത്തിൽ ആരു വരുമെന്ന ചോദ്യത്തിന് ഡിഎംകെ എന്ന മറുപടി പൊതുവിൽ തമിഴ്നാട്ടുകാർ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

വീറുറ്റ ഒരു വിപ്ലവപോരാളിയുടെ മകൻ തന്നെയാണ് താനെന്ന് തെളിയിക്കുന്ന പ്രവൃത്തികളിൽ ജയലളിതയുടെ മരണശേഷം നിയമസഭയിൽ നടന്ന നാടകങ്ങള്‍ മുതൽ സ്റ്റാലിൻ ഏർപ്പെട്ടു വരുന്നതാണ്. ദ്രാവിഡ രാഷ്ട്രീയത്തെ കൈയാളാൻ ഏറ്റവും സുരക്ഷിതമായ കരം തന്റേതു തന്നെയാണെന്ന് ഡിഎംകെ അണികളെയും നിഷ്പക്ഷ വോട്ടുകളെയും ബോധ്യപ്പെടുത്താന്‍ സ്റ്റാലിന് കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞദിവസം ‘സ്റ്റാലിൻ’ എന്ന പേരുകാരനായതു കൊണ്ട് ചർച്ച് പാർക്ക് സ്കൂളിൽ പഠിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. “അയ്യാദുരൈ എന്നായിരുന്നു ആദ്യം എനിക്കിട്ട പേര്. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണച്ചിരുന്ന എന്റെ പിതാവ് കരുണാനിധി റഷ്യൻ നേതാവ് ജോസഫ് സ്റ്റാലിന്റെ പേരു തന്നെ എനിക്കിട്ടു.” -വളരെ മനോഹരമായാണ് സ്റ്റാലിന്‍ തന്റെ രാഷ്ട്രീയം അവതരിപ്പിക്കുന്നത്.

രജിനിയും കമലും സർക്കാർ വിവാദവും

രാഷ്ട്രീയമായി ഏറെ പിന്തിരിപ്പനായിട്ടാണ് മുരുകദോസിനെ തമിഴകത്തെ ദളിത്, പിന്നാക്ക രാഷ്ട്രീയക്കാർ കാണുന്നത്. സർക്കാര്‍ സിനിമയിൽ തന്നെ ‘മെറിറ്റിലൂടെ കയറി വന്ന’വനാണ് താനെന്ന് വിജയ്‌യുടെ കഥാപാത്രം പറയുന്നുണ്ട്. തമിഴന്റെ രാഷ്ട്രീയം പറയുന്ന സിനിമയേയല്ല സർക്കാർ. അങ്ങനെയൊരു തോന്നൽ എഐഎഡിഎംകെയുടെ ഇടപെടൽ കൊണ്ടുണ്ടായി എന്നതൊഴിച്ചാൽ.

എഐഎഡിഎംകെയോടു മാത്രമാണ് എന്തെങ്കിലുമൊരു രാഷ്ട്രീയപ്പോരുണ്ടാക്കാൻ കമൽ ഹാസ്സനോ രജിനിക്കോ സാധിക്കുന്നുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയെ പിന്തുണച്ചിരുന്ന വിജയ് അവരെ കൈവിട്ടു എന്നതൊഴിച്ചു നിർത്തിയാൽ സർക്കാർ സിനിമാ വിവാദത്തിൽ രാഷ്ട്രീയമായി കഴമ്പുള്ള, പ്രസക്തിയുള്ള യാതൊന്നുമില്ല. ഇനി വിജയ് വരുന്ന തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കും എന്നു മാത്രമേ അറിയാനുള്ളൂ. ഉള്ളില്‍ ബിജെപിക്കാരനായ രജിനിക്ക് ജോസഫ് വിജയ് ചന്ദ്രശേഖറിന്റെ പിന്തുണ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. സിനിമയിൽ വളർന്നുവന്നത് ‘ഇളയ ദളപതി’യായാണെങ്കിലും.

കമലിന്റെ മക്കൾ നീതി മയ്യത്തിനോ സ്റ്റാലിന്റെ ഡിഎംകെക്കോ, ആർക്കായിരിക്കും വിജയ്‌യുടെ പിന്തുണ? ഡിഎംകെയെക്കൂടി എതിർക്കുന്ന മുരുകദോസിന്റെ സിനിമയിൽ അഭിനയിച്ചതു കൊണ്ട് ഡിഎംകെക്ക് പിന്തുണ കൊടുക്കാതിരിക്കുമോ? സിനിമയിൽ പറയുന്നത് വിശ്വസിക്കുന്ന തമിഴർ കരുതുന്നത് അങ്ങനെത്തന്നെയാണ്. കമൽഹാസന് മറഞ്ഞിരുന്ന് പിന്തുണ കൊടുക്കും വിജയ് എന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

താരങ്ങള്‍ക്കു വേണ്ടി സ്വയം വഴങ്ങുന്ന രാഷ്ട്രീയമാണ് തമിഴകത്തിന്റേത് എന്നതൊരു വലിയ തെറ്റിധാരണയാണ്. താരങ്ങൾ തമിഴ് മണ്ണിന്റെ രാഷ്ട്രീയത്തെ ഏറ്റെടുക്കുന്നതിൽ കഴിഞ്ഞ കാലങ്ങളിൽ വിജയിച്ചിട്ടുണ്ട് എന്ന് പറയുന്നതായിരിക്കും ശരി. താരങ്ങൾ ജനങ്ങൾക്ക് വഴങ്ങുകയായിരുന്നു. അവരുടെ മുന്നേറ്റങ്ങളെ ഏറ്റെടുക്കുകയായിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകൾ ഇതിനെ കൂടുതൽ തെളിയിക്കും.

‘അമ്മ’ ആരാധകരെയും തമിഴ് രാഷ്ട്രീയത്തെയും മുറിവേല്‍പ്പിച്ച് ‘സര്‍ക്കാര്‍’; വിജയ്ക്ക് വാണിജ്യ ലക്ഷ്യം മാത്രമോ?

വിജയുടെ ‘സര്‍ക്കാര്‍’ സിനിമ ഭീകരപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്നു: തമിഴ്‌നാട് മന്ത്രി സിവി ഷണ്‍മുഖം

ദ്രാവിഡ രാഷ്ട്രീയം അഥവാ ഒരു മാസ്സ് തമിഴ് മസാലപ്പടം

ഫാസിസത്തെ കൂസാത്ത തമിഴനും മൗനം ഭൂഷണമാക്കുന്ന മലയാളിയും

‘കാവിയല്ല എന്റെ നിറം’; അത്രമേല്‍ പ്രഹരശേഷിയുണ്ട് ഈ വാക്കുകള്‍ക്ക്

Avatar

വാനവരമ്പന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍