ജില്ലാ അധികാരികൾ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐയും സിപിഎമ്മും ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്ന സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നതായി റിപ്പോർട്ട്. തച്ചനല്ലൂരിലെ കരൈയിരുപ്പ് ഗ്രാമത്തിലാണ് കൊല നടന്നത്. ബുധനാഴ്ച രാത്രിയോടെ ഒരു സംഘമാളുകൾ ആക്രമണം നടത്തുകയായിരുന്നു. അശോക് എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്. 25 വയസ്സുള്ള ഇദ്ദേഹം ഡിവൈഎഫ്ഐയുടെ തിരുനെൽവേലി ജില്ലാ ട്രഷററായിരുന്നു.
ജാതിവെറിയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. അശോക് പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണ്.
പ്രദേശത്ത് ജാതിസംഘർഷം നിലനിൽക്കുന്നുണ്ടെന്ന് ഗ്രാമവാസികൾ പൊലീസിനെ അറിയിക്കുകയും സഹായം തേടുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് ഈ അപേക്ഷ അവഗണിച്ചെന്ന് ആരോപണമുണ്ട്. ഉയർന്ന ജാതിയിൽ പെട്ടവരാണ് അക്രമികളെന്ന് പൊലീസ് കരുതുന്നു.
ഗംഗൈകൊണ്ടനിൽ ഒരു ടയർ കമ്പനിയിൽ ജോലി ചെയ്യുകയാണ് അശോക്. ബുധനാഴ്ച അശോക് തന്റെ നാട്ടിലേക്ക് ബസ്സിൽ രാത്രിയിൽ വന്നിറങ്ങുകയായിരുന്നു. ബസ് സ്റ്റോപ്പിൽ നിന്ന് കാൽനടയായി വീട്ടിലേക്ക് പോകവെയാണ് ആക്രമണമുണ്ടായത്. കൊല നടത്തിയ ശേഷം മൃതദേഹം സമീപത്തെ റെയിൽവേ ട്രാക്കിൽ കൊണ്ടുപോയിടുകയായിരുന്നു.
മറവർ ജാതിയിൽ പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് പ്രദേശത്തെ സാമൂഹ്യപ്രവർത്തകർ ആരോപിക്കുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അശോകിന്റെ ബന്ധുക്കളും നാട്ടുകാരും തിരുനെൽവേലി-മധുരൈ ദേശീയപാത ഉപരോധിച്ചു. ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന കമ്മറ്റി സംസ്ഥാനത്തുടനീളം പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മറവർ സമുദായക്കാർ താമസിക്കുന്ന പ്രദേശത്തു കൂടി വേണം സ്ഥലത്തെ ദളിതർക്ക് ജോലിക്കും മറ്റും പോകുവാൻ. വഴിനടക്കുമ്പോൾ ജാതി പറഞ്ഞുള്ള തെറിവിളികളും മറ്റും ഇവിടെ സാധാരണമായിരുന്നു. ഇതിനെതിരെ അശോകിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രതികരിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞമാസം അശോകിനെയും അദ്ദേഹത്തിന്റെ അമ്മയെയും മറവർ സമുദായക്കാർ ആക്രമിച്ചിരുന്നു. ഈ ആക്രമണം ചൂണ്ടിക്കാട്ടി അശോക് പൊലീസില് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല.
ജില്ലാ അധികാരികൾ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐയും സിപിഎമ്മും ആവശ്യപ്പെട്ടു.