UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാ മന്ത്രിമാര്‍ക്കും പഞ്ചവത്സര പദ്ധതി വേണമെന്ന് ആദ്യ കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി; എല്ലാം മോദിയുടെ മേല്‍നോട്ടത്തില്‍

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ മന്ത്രിമാരുടെയും പദ്ധതിയാവിഷ്കാരം.

കേന്ദ്ര കാബിനറ്റിന്റെ ആദ്യ യോഗത്തില്‍ എല്ലാ മന്ത്രിമാര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിമാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പഞ്ചവത്സര പദ്ധതി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. മെയ് 31നായിരുന്നു രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര കാബിനറ്റ് യോഗം.

ഇതിനകം തന്നെ ഒരു നൂറുദിന പദ്ധതി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെയായിരിക്കും ഈ അഞ്ചു വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്യല്‍. ഈ പദ്ധതിയാവിഷ്കാരങ്ങള്‍ പ്രധാനമന്ത്രിയുടെ മേല്‍‍നോട്ടത്തിലാണ് നടക്കുക.

രൂപീകരിക്കപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രിയും മുന്‍കൈയെടുക്കും. തികച്ചും വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തനങ്ങളെ നീക്കാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൃത്യമായി നിര്‍വ്വചിക്കപ്പെട്ടതായിരിക്കണം അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഓരോ മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങളെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ മന്ത്രിമാരുടെയും പദ്ധതിയാവിഷ്കാരം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറെ വിമര്‍ശനം നേരിട്ട ഒന്നായിരുന്നു മുന്‍ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ലായെന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു പ്രശ്നം ഉയര്‍ന്നു വരാതിരിക്കാന്‍ മോദി ഭരണകൂടം ശ്രമിക്കും.

കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക വളര്‍ച്ച ഏറെ താഴെ പോയിരുന്നു. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനിടയ്ക്ക് രാജ്യം കണ്ടിട്ടില്ലാത്ത വിധത്തില്‍ വളരുകയുമുണ്ടായി. ഈ പ്രശ്നങ്ങളെ നേരിടലാണ് മോദി സര്‍‍ക്കാരിന്റെ പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്ന്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു മോദി സര്‍ക്കാരുകള്‍ക്ക് മുമ്പ് ഇന്ത്യ. ഈ വിശേഷണം ഇപ്പോള്‍ നിലവിലില്ല. ചൈന മികച്ച വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തി വരുന്നത് എന്നതും മേഖലയിലെ ബലാബലത്തില്‍ ഇന്ത്യക്ക് ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ മേക്ക് ഇൻ ഇന്ത്യ പദ്ധതി വൻ പരാജയമായി മാറിയിരുന്നു. നിക്ഷേപങ്ങൾ കാര്യമായുണ്ടായില്ലെന്നു മാത്രമല്ല, സാമ്പത്തികരംഗം ഇടിയുകയും ചെയ്തു. പുതിയ നിക്ഷേപങ്ങൾക്ക് രാജ്യത്തെ നിലവിലെ അവസ്ഥ പാകമല്ല.

ഈ പ്രശ്നങ്ങളെ നേരിടാന്‍ അമിത് ഷാ കൂടി ഉള്‍പ്പെട്ട രണ്ട് കാബിനറ്റ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഒരു വീഴ്ചയ്ക്കും ഇനി തയ്യാറല്ലെന്ന സന്ദേശം നല്‍കിയാണ് അമിത് ഷാ രണ്ട് കമ്മറ്റികളിലും ഇടം പിടിച്ചിരിക്കുന്നത്. നിക്ഷേപ പ്രശ്നമാണ് ആദ്യത്തെ കമ്മറ്റി പരിഗണിക്കുക. പ്രധാനമന്ത്രിക്ക് പുറമേ അമിത് ഷാ, റോഡ്‌, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ എന്നിങ്ങനെ അഞ്ചംഗ കമ്മിറ്റിയാണിത്‌.

രണ്ടാമത്തെ കമ്മിറ്റി തൊഴിലില്ലായ്മാ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗങ്ങളാരായും. വൈദഗ്ധ്യ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ ഇവർ രൂപീകരിക്കും. ഈ പാനലിൽ പത്ത് അംഗങ്ങളാണ് ഉണ്ടാവുക. പ്രധാനമന്ത്രി, അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍ എന്നിവര്‍ക്ക് പുറമേ, കൃഷി, ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, മാനവവിഭവ ശേഷി മന്ത്രി രമേശ്‌ പൊക്രിയാല്‍ നിഷാങ്ക്, പെട്രോളിയം, സ്റ്റീല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സ്കില്‍, എന്ട്രെപ്രേനേര്‍ഷിപ്‌ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, തൊഴില്‍ മന്ത്രി സന്തോഷ്‌ കുമാര്‍ ഗാംഗ്വാര്‍, ഹൌസിംഗ്, നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരാണ് ഇതിലെ അംഗങ്ങള്‍.

2018-19ലെ ഒന്നാംപാദത്തിലെ വളർച്ചാനിരക്ക് 5.8 ശതമാനമാണ്. ഇത് കഴിഞ്ഞ വർഷത്തെ അവസാന പാദത്തിലെ വളർച്ചാനിരക്കായിരുന്ന 6.6 ശതമാനത്തിൽ നിന്ന് ഇടിഞ്ഞ് എത്തിച്ചേർന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍