UPDATES

വാര്‍ത്തകള്‍

തേജ് ബഹാദൂർ യാദവിന്റെ നാമനിർ‌ദ്ദേശ പത്രിക തെ‍രഞ്ഞെടുപ്പ് കമ്മീഷൻ തള്ളി; മോദി കളിച്ചെന്ന് ആരോപണം; രാഷ്ട്രീയ യുദ്ധം തുടങ്ങുന്നു

കമ്മീഷന്റെ നടപടിക്കെതിരെ സുപ്രീംകോടതിയിൽ പോകുമെന്ന് തേജ് ബഹാദൂർ‌ യാദവ് പ്രതികരിച്ചു.

വാരാണസി മണ്ഡലത്തിൽ നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്നതിൽ നിന്നും ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിനെ വിലക്കി തെരഞ്ഞെടുപ്പു കമ്മീഷൻ. സമാജ്‌വാദി പാർട്ടി ടിക്കറ്റിലാണ് ഇദ്ദേഹം മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്. രാജ്യത്തിനോട് കൂറ് കാണിക്കാത്തതിനും അഴിമതിക്കും സർ‌ക്കാർ സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന വാദമാണ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തിൽ സർവ്വീസിൽ നിന്നും പുറത്താക്കപ്പെടുന്നവർക്ക് അഞ്ച് വർഷം തെരഞ്ഞെടുപ്പു പ്രക്രിയകളിൽ ഭാഗഭാക്കാകാൻ കഴിയില്ലെന്നാണ് ചട്ടമെന്ന് കമ്മീഷൻ വാദിക്കുന്നു.

കമ്മീഷന്റെ നടപടിക്കെതിരെ സുപ്രീംകോടതിയിൽ പോകുമെന്ന് തേജ് ബഹാദൂർ‌ യാദവ് പ്രതികരിച്ചു.

നോമിനേഷൻ സമർപ്പിച്ചപ്പോൾ താൻ ബിഎസ്എഫിൽ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടതാണെന്ന് യാദവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ബിഎസ്എഫിൽ നിന്നും എതിർപ്പില്ലെന്ന സാക്ഷ്യം സമർപ്പിച്ചാൽ മാത്രമേ യാദവിന് മത്സരിക്കാനാകൂ എന്ന് ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചു. ഇന്ന് (മെയ് 1) രാവിലെ 11 മണിക്കു മുമ്പ് ബിഎസ്എഫിൽ നിന്നുള്ള പ്രതികരണം അറിയിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഇന്നലെവരെ ഇല്ലാതിരുന്ന പ്രശ്നമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നതെന്നും ഇതിനു പിന്നിൽ നരേന്ദ്രമോദിയാണെന്നും ചൂണ്ടിക്കാട്ടി യാദവ് രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് യാദവിന്റെ നോമിനേഷൻ തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയിരിക്കുന്നത്.

റിട്ടേണിങ് ഓഫീസർക്കു മേൽ പോൾ ഒബ്സർവർ സമ്മർദ്ദം ചെലുത്തിയാണ് തനിക്കെതിരായ നീക്കങ്ങൾ നടത്തുന്നതെന്ന് യാദവ് ആരോപിച്ചു. യാഥാർത്ഥ ‘ചൗക്കിദാർ’ തന്നെ തോൽപ്പിക്കുമെന്നാണ് മോദി ഭയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ദയനീയസ്ഥിതി വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോ ഇട്ടതോടെയാണ് തേജ് ബഹാദൂർ വിവാദത്തിലായത്. സൈന്യത്തിന്റെ നേട്ടങ്ങൾ പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്ന മോദിക്കെതിരെ ഒരു സൈനികനെത്തന്നെ നിർത്തുക എന്നതായിരുന്നു എസ്പിയുടെ തന്ത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍