UPDATES

മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിലെ ലവാസയുടെ വിയോജനക്കുറിപ്പുകൾ പുറത്തുവിട്ടാൽ ‘ഒരു വ്യക്തിയുടെ’ ജീവൻ അപകടത്തിലാകുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ

പലപ്പോഴും തന്റെ വിയോജിപ്പുകൾ രേഖപ്പെടുത്താൻ പോലും കമ്മീഷൻ തയ്യാറാകുകയുണ്ടായില്ലെന്ന ഗൗരവമേറിയ പരാതി മെയ് 18ന് ലവാസ ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പു കമ്മീഷണർ അശോക് ലവാസയുടെ വിയോജനക്കുറിപ്പുകൾ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിന്മേൽ ലഭ്യമാക്കാൻ കമ്മീഷൻ വിസമ്മതിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനങ്ങളിൽ നടപടിയെടുക്കാതിരിക്കുന്ന കമ്മീഷന്റെ നടപടിയോട് വിയോജിച്ച് അശോക് ലവാസ എഴുതിയ വിയോജനങ്ങൾ ലഭ്യമാക്കണമെന്നാണ് വിവരാവകാശ നിയമപ്രകാരം പൂനെയിൽ നിന്നുള്ള വിഹാർ ധുർവെ ആവശ്യപ്പെട്ടത്. ഈ വിയോജനക്കുറിപ്പുകൾ പുറത്തു വിടുന്നത് ‘ഒരു വ്യക്തിയുടെ’ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നാണ് കമ്മീഷൻ വിശദീകരണമായി നല്‍കുന്നത്.

ഏപ്രിൽ 1ന് വാർധയിലും, ഏപ്രിൽ 9ന് ലാത്തൂരിലും, ഏപ്രിൽ 12ന് ബാർമറിലും, ഏപ്രിൽ 25ന് വാരാണസിയിലും മോദി നടത്തിയ പ്രസംഗങ്ങളിലെ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് കമ്മീഷൻ എടുത്ത തീരുമാനങ്ങളോട് അശോക് ലവാസ വിയോജിച്ചിരുന്നു. മോദി പെരുമാറ്റച്ചട്ട ലംഘനം നടത്തുന്നുവെന്ന വ്യാപകമായ പരാതി ഉയർന്നിട്ടും തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയൊന്നും എടുത്തിരുന്നില്ല. അശോക് ലവാസ മാത്രമായിരുന്നു കമ്മീഷന്റെ തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച ഒരോയൊരാൾ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ കൂടാതെ ലവാസയടക്കം രണ്ട് കമ്മീഷര്‍മാരാണ് കമ്മീഷനിലുള്ളത്.

പലപ്പോഴും തന്റെ വിയോജിപ്പുകൾ രേഖപ്പെടുത്താൻ പോലും കമ്മീഷൻ തയ്യാറാകുകയുണ്ടായില്ലെന്ന ഗൗരവമേറിയ പരാതി മെയ് 18ന് ലവാസ ഉന്നയിച്ചിരുന്നു. കമ്മീഷനിലെ ന്യൂനപക്ഷ തീരുമാനം രേഖപ്പെടുത്താൻ വിസമ്മതിച്ച കമ്മീഷന്റെ തുടർന്നുള്ള യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നു കാട്ടി ഇദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറയ്ക്ക് കത്തെഴുകയുമുണ്ടായി.

ഏപ്രില്‍ ഒന്നിനും ആറിനും മഹാരാഷ്ട്രയിലെ വാര്‍ധയിലും ലാത്തൂരിലും മോദി നടത്തിയ പ്രസംഗങ്ങളിൽ‌ പെരുമാറ്റച്ചട്ട ആരോപണമുയർന്നിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. സംഝോത ട്രെയിന്‍ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകരെ വെറുതെ വിട്ടത് സൂചിപ്പിച്ചു കൊണ്ട് ഹിന്ദുക്കള്‍ ഭീകര പ്രവര്‍ത്തനം നടത്താറില്ലെന്നും ഹിന്ദുത്വ ഭീകരത എന്ന് പ്രസ്താവിച്ച കോണ്‍ഗ്രസിനെതിരെ ഭൂരിപക്ഷ സമുദായം എതിര്‍പ്പിലാണെന്നും ഈ എതിര്‍പ്പ് ഉള്ളതു കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് രക്ഷപെട്ടോടിയത് എന്നുമായിരുന്നു മോദിയുടെ പ്രസംഗം. വയനാട് ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായ സ്ഥലമാണെന്നുമുള്ള മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഏതെങ്കിലും സമുദായങ്ങള്‍, വംശം, ജാതി, മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളോ അവരെ പിന്തുണയ്ക്കുന്നവരോ പ്രസംഗിക്കാന്‍ പാടില്ലെന്ന ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പരാതി നല്‍കിയത്.

എന്നാല്‍ ഇതിന് ക്ലീന്‍ ചിറ്റ് നല്‍കാനായിരുന്നു കമ്മീഷന്റെ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായ സുശീല്‍ ചന്ദ്രയും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അശോക് ലവാസ ഇതിനെ എതിര്‍ത്തു. എന്നാല്‍ The Election Commission (Conditions of Service of Election Commissioners and Transaction of Business) Act, 1991, -ലെ വകുപ്പ് 10 അനുസരിച്ച് കഴിയുന്നിടത്തോളം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സമവായത്തിലായിരിക്കണം തീരുമാനം എടുക്കേണ്ടത് എന്നു പറയുന്നുണ്ട്, ഇത് സാധ്യമാകുന്നില്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതായിരിക്കും തീരുമാനമെന്നും വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള മറ്റ് രണ്ടു കമ്മീഷണര്‍മാരുടേയും തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍