UPDATES

ദേശീയം

‘പച്ച വൈറസ്’, ‘മുസ്ലിങ്ങളുടെ വോട്ട്’ പരാമർശങ്ങൾ: യോഗിക്കും മായാവതിക്കും പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സ്പർദ്ദയുണ്ടാക്കുന്ന വിധത്തിൽ പ്രസംഗിച്ചുവെന്നതാണ് മായാവതിക്കെതിരെ ഉയർന്ന പരാതി.

കോൺഗ്രസ്സിനെ ‘പച്ച വൈറസ്’ ബാധിച്ചിരിക്കുന്നുവെന്ന പരാമർശം നടതയ്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്ക്. ഏപ്രിൽ 16ാം തിയ്യതി കാലത്ത് ആറുമണി മുതൽ 72 മണിക്കൂർ നേരത്തേക്കാണ് യോഗിയെ കമ്മീഷൻ വിലക്കിയിരിക്കുന്നത്.

ബിഎസ്‌പി നേതാവ് മായാവതിക്കും കമ്മീഷന്റെ വിലക്കുണ്ട്. രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സ്പർദ്ദയുണ്ടാക്കുന്ന വിധത്തിൽ പ്രസംഗിച്ചുവെന്നതാണ് മായാവതിക്കെതിരെ ഉയർന്ന പരാതി. വീഡിയോ ക്ലിപ്പുകൾ പരിശോധിച്ചതിൽ നിന്ന് മായാവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതായും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. മുസ്ലിങ്ങൾ കൂട്ടത്തോടെ തങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് മായാവതി ആവശ്യപ്പെടുന്നതാണ് പ്രസംഗത്തിലെ വിവാദമായ ഭാഗം. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മായാവതി ഏപ്രിൽ 16ാം തിയ്യതി ആറുമണി മുതൽ 48 മണിക്കൂർ നേരത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രിൽ 11നായിരുന്നു ബിഎസ്‌പി നേതാവ് മായാവതിയുടെ വിവാദ പ്രസ്താവന. ‘ബജ്റംഗ് ബലി’ നമ്മുടേതാണ് എന്നതുപോലെ ‘അലി’യും നമ്മുടേതാണ്. ബജ്റംഗ് ബലി ദളിത് സമുദായത്തിൽ പെട്ടയാളാണ്. യോഗി തന്നെ പറയുന്നതു പോലെ ബജ്റംഗ് ബലി ഒരു കാട്ടുവാസിയും ദളിതും ആയിരുന്നു.” സഹാറൻപൂരിൽ വെച്ച് മായാവതി ഏപ്രിൽ 7നാണ് ഈ പരാമർശം നടത്തിയ. തന്റെ കക്ഷിയുടെ സ്ഥാനാർത്ഥിയായ ഹാസി ഫജൽ ഉർ റഹ്മാന് മുസ്ലിങ്ങളെല്ലാവരും വോട്ട് ചെയ്യണമെന്ന് വ്യംഗ്യമായി പറയുകയായിരുന്നു മായാവതിയെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. അങ്ങേയറ്റം പ്രകോപനപരമായിരുന്നു മായാവതിയുടെ പ്രസംഗമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. രണ്ട് മതവിഭാഗങ്ങളിൽ സ്പർദ്ദ വളർത്താൻ പാകത്തിലുള്ള ഒന്നായിരുന്നു മായാവതിയുടെ പ്രഭാഷണം. ഏപ്രിൽ 11നാണ് ഇതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസയച്ചത്.

കോൺഗ്രസ്സിനെ ‘പച്ച വൈറസ്’ ബാധിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗുമായുള്ള സഖ്യത്തെ പരാമർശിച്ച് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയായിരുന്നു യോഗിയുടെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ. അങ്ങേയറ്റം പ്രകോപനപരമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങളെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടതായി കമ്മീഷൻ പറഞ്ഞു. രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സ്പർദ്ദ വളർത്താൻ‌ പോന്നവയായിരുന്നു യോഗിയുടെ പരാമർശങ്ങൾ. ഇത് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

ഇരുവർക്കും വിലക്കുള്ള കാലയളവിൽ പൊതുയോഗങ്ങൾ നടത്താനും റാലികളിൽ പങ്കെടുക്കാനും അഭിമുഖങ്ങൾ നൽകാനും സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാനും കഴിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍