UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണപ്പെരുപ്പവും മഴയും പിന്നെ മോദിയും

Avatar

ജാനെറ്റ് റോഡ്രീഗസ്, കാര്‍ത്തികെയ് മെഹ്റോത്ര
(ബ്ലൂംബര്‍ഗ്)

ഇന്ത്യയുടെ ഉപഭോക്തൃ-വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള  പണപ്പെരുപ്പം സാമ്പത്തിക വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞിരിക്കുന്നു. ഫാക്ടറി ഉത്പാദനം കൂടിയിരിക്കുന്നു. ആദ്യ ബജറ്റ് അവതരിപ്പിക്കും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിന് ഇത് നല്ല വാര്‍ത്ത തന്നെ.

സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യാഴാഴ്ച്ച പുറത്തിറക്കിയ കണക്ക് പ്രകാരം മെയ് മാസത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം മുന്‍പത്തേതിനെക്കാള്‍ ഉപഭോക്തൃ വില 8.28%-മായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഏപ്രിലില്‍ ഇത് 8.59% ആയിരുന്നു. വ്യാവസായിക ഉത്പാദനം ഏപ്രിലില്‍ 3.4%-ആയി ഉയര്‍ന്നു. പ്രതീക്ഷിച്ചതിനേക്കാളും 1.9% കൂടുതലായിരുന്നു ഇതെന്ന് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു.

ഭക്ഷ്യവില കുറക്കുക എന്നാണ് മോദി ഭരണത്തിന്റെ മുന്‍ഗണനകളിലൊന്ന്. ഒരു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള സാമ്പത്തിക വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുക എന്ന വലിയ അജണ്ടയുടെ ഭാഗമാണിതും. പണപ്പെരുപ്പം കരുതിയതിലും വേഗത്തില്‍ കുറയുകയാണെങ്കില്‍ ധനനയത്തില്‍ ഇളവുകളാകാമെന്ന് കേന്ദ്ര ബാങ്ക് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ കാലവര്‍ഷം ദുര്‍ബ്ബലമാകാനുള്ള സാധ്യതയും അത് കാര്‍ഷികോത്പ്പന്നങ്ങളുടെ വിളവിനെ ബാധിക്കും എന്നതും ഈ പ്രതീക്ഷയെ അത്ര ശക്തമാക്കുന്നില്ല.

“മഴയുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും പണപ്പെരുപ്പത്തിന്റെ പ്രശ്നസാധ്യതകള്‍,” ബാങ്ക് ഓഫ് ബറോഡയുടെ മുഖ്യ സാമ്പത്തിക വിദഗ്ധ രൂപ റെഗെ നിത്സ്യൂര്‍ പറഞ്ഞു. “ഭക്ഷ്യവിതരണ സംവിധാനം പരിഷ്കരിക്കുന്നതിനെ കുറിച്ചു സര്‍ക്കാര്‍ പറയുന്നുണ്ട്. പരിഷ്ക്കാരത്തിന്റെ വേഗം വലിയ ഘടകമാണ്.”

ഡോളറിനെതിരായ രൂപയുടെ മൂല്യം വലിയ മാറ്റമില്ലാതെ 59.25550 എന്ന നിരക്കില്‍ തുടരുകയാണ്. ഓഹരി വിപണി അടിസ്ഥാന സൂചിക 0.4% ഉയര്‍ന്നു. ദശവര്‍ഷ സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം 8.54%-ത്തില്‍ നിന്നും 8.55%-മായി .

ഇത്തവണത്തെ കാലവര്‍ഷ മഴലഭ്യത നേരത്തെ പ്രവചിച്ചതിനേക്കാള്‍ കുറയും  എന്നാണ് ജൂണ്‍ 9-ലെ പുതിയ കാലാവസ്ഥാ പ്രവചനം. ഇന്ത്യയുടെ 55%  കൃഷിയിടങ്ങളിലും ജലസേചനം മഴയെ ആശ്രയിച്ചിരിക്കുന്നു എന്ന പശ്ചാത്തലത്തില്‍ ഇതിന്റെ ആഘാതം വളരെ വലുതാണ്.

കാലവര്‍ഷം സാധാരണ നിലയോട് അടുത്താണെങ്കില്‍  ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 6.5%ത്തിലും താഴെ വരും. എന്നാല്‍ വരള്‍ച്ച അതിനെ ഇരട്ട അക്കത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യും എന്നു സ്റ്റാന്‍ഡേര്‍ഡ്  ചാര്‍ടെഡ് കണക്കാക്കുന്നു. ഉപഭോക്തൃ വില സൂചികയുടെ 50% വരുന്ന ഭക്ഷ്യ വിലകള്‍ മെയ് മാസത്തില്‍ 9.4%-മായാണ് ഉയര്‍ന്നത്. ഇന്ധന വില 5.1% കൂടിയെന്നും കണക്കുകള്‍ കാണിക്കുന്നു.

വിലസമ്മര്‍ദ്ദത്തിന് തടയിടാന്‍ അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ ധനക്കമ്മി കുറക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സൂചിപ്പിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ മുതല്‍  മൂന്നുതവണ കൂട്ടിയതിനുശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ജൂണ്‍ 8-നു റിപ്പോ നിരക്ക് (റിസര്‍വ് ബാങ്ക് ,മറ്റ് ബാങ്കുകള്‍ക്ക് പണം കടം കൊടുക്കുന്ന നിരക്ക്) 8%-ത്തില്‍ നിര്‍ത്തി. ഉപഭോക്തൃ വിലയിലെ നേട്ടങ്ങള്‍ ഇതുപോലെ പോയാല്‍ കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യം വരില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. അതായത് 2015 ജനുവരിയില്‍ 8%-വും പിന്നെ ഒരു വര്‍ഷത്തിനുള്ളില്‍ 6%-വും എന്ന നിരക്കിലെത്തുക. അതേസമയം പ്രതീക്ഷിച്ചതിനേക്കാളും വേഗത്തിലാണ് പണപ്പെരുപ്പത്തിന്റെ കീഴോട്ടിറക്കമെങ്കില്‍ ധനനയത്തില്‍ ഇളവുകള്‍ക്കും സാധ്യതയുണ്ട്.

ജൂണ്‍ 16-ലേക്കുള്ള  കണക്കുകള്‍ വരുംമുമ്പ് നടത്തിയ ബ്ലൂംബര്‍ഗ് സര്‍വ്വേ പ്രകാരം മൊത്തവില സൂചിക മെയ് മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.4% കൂടിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍