UPDATES

ഫൈനാൻസ്

റിസര്‍വ് ബാങ്കിന്റെ പണം സര്‍ക്കാര്‍ ഉപയോഗിച്ചാല്‍ എന്താണ് പ്രശ്‌നം? അതൊരു സര്‍വതന്ത്ര സ്വതന്ത്ര സ്ഥാപനമാണോ?

റിസര്‍വ് ബാങ്കിന്റെ പണം കൊണ്ട് സര്‍ക്കാരിനുള്ള പ്രയോജനം

റിസര്‍വ് ബാങ്ക് 1.76 ലക്ഷം കോടി രൂപ തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് സര്‍ക്കാരിന് കൈമാറാന്‍ തീരുമാനിച്ചതോടെ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനത്തിനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നാണ് പൊതുവില്‍ ഉണ്ടായിട്ടുള്ള പ്രതീക്ഷ. രാജ്യം സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നീതി ആയോഗിന്റെ അടക്കമുള്ള നിലപാടുകള്‍ക്ക് ശേഷവും കാര്യമായ ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. റിസര്‍വ് ബാങ്കിന്റെ പണം ലഭിക്കുന്നതോടെ സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ ഉതകുന്ന നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും ഈ മേഖലയിലെ പല വിദഗ്ദരും കരുതുന്നു. റിസര്‍വ് ബാങ്കിന്റെ പണം ലഭിക്കാന്‍ ഏകദേശം ഒരു വര്‍ഷമായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതോടെ, കേന്ദ്ര ബാങ്കിന്റെ സ്വതന്ത്ര അസ്തിത്വമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് മറ്റ് ചിലരും പറയുന്നു.

രാജ്യത്ത് മാന്ദ്യത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടും പണത്തിന്റെ അളവ് സമ്പദ് വ്യവസ്ഥയില്‍ വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന ഉത്തേജക നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. മാന്ദ്യം ഉണ്ടെന്ന് അംഗീകരിക്കാതെ തന്നെ ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ചില നടപടികള്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ പോന്നതാണ് എന്ന് വാദമുണ്ടായെങ്കിലും കാര്യമായ ചലനങ്ങള്‍ വിപണിയില്‍ ഉണ്ടാക്കാന്‍ അത് പോര എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ഇതിന് കാരണം വരുമാനം വര്‍ധിക്കാതെ ചിലവ് വര്‍ധിപ്പിച്ചാല്‍ അത് ധനക്കമ്മി വര്‍ധിക്കാന്‍ ഇടവരുത്തുമെന്നത് കൊണ്ടാണ്. ധനക്കമ്മി മൂന്ന് ശതമാനമായി നിലനിര്‍ത്തണമെന്നാണ് ഫിസ്‌ക്കല്‍ റസ്‌പോണ്‍സിബിലിറ്റി ആന്റ് മാനേജ്‌മെന്റ് ആക്ട് നിര്‍ദ്ദേശിക്കുന്നത്. അതായത് പൊതുചെലവ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാരിനുമേല്‍ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ നിയന്ത്രണങ്ങള്‍ മറികടന്ന് പൊതു ചെലവ് വര്‍ധിപ്പിക്കാനും അതുവഴി സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ അളവ് വര്‍ധിപ്പിച്ച് സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാനുമുള്ള സമീപനം കേന്ദ്ര സര്‍ക്കാരിനുമില്ല. ചുരുക്കത്തില്‍ ചിലവ് വർധിപ്പിക്കുന്ന ഒരു സമീപനമല്ല, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേന്ദ്ര സർക്കാരുകള്‍ സ്വീകരിച്ചുവരുന്ന നയം. ഈ സാഹചര്യത്തിലാണ് 1.76 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കുന്നത് ഇക്കാലത്ത് സര്‍ക്കാരിന് വലിയ ആശ്വസമായി മാറുമെന്ന് ചിലര്‍ പറയുന്നത്.

ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് നിയമപരമായ ബാധ്യതയാക്കിയത് ഇന്ത്യയില്‍ നവഉദാരവത്ക്കരണ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയതിന് ശേഷമാണ്. വര്‍ധിച്ച പൊതുചിലവ് സ്വകാര്യമേഖലയിലെ നിക്ഷേപത്തെ ബാധിക്കുമെന്ന യുക്തിയാണ് ഇതിന് പിന്നില്‍. നിക്ഷേപ സാധ്യത കുറയുകയും പണപ്പെരുപ്പം കുടുകയും ചെയ്യുന്ന അവസ്ഥ സമ്പദ് വ്യവസ്ഥയെ തളര്‍ത്തുമെന്നും ഈ നിലപാട് സ്വീകരിക്കുന്നവര്‍ പറയുന്നു. പലിശ നിരക്ക് വർധിക്കാനും ഇത് ഇടയാക്കുമെന്നും ഈ വാദം ഉന്നയിക്കുന്നവർ പറയുന്നു. ഇന്ത്യയില്‍ 1991-ന് ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ പൊതുവില്‍ ഈ നിലപാടിന് അനുസരിച്ചാണ് നയപരിപാടികള്‍ ആസുത്രണം ചെയ്തത്. ഇതിന് അപവാദം എന്ന് പറയാവുന്നത് ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സര്‍ക്കാരാണ്. ആഗോള മാന്ദ്യമടക്കമുള്ള സാഹചര്യങ്ങള്‍ കാരണം സർക്കാരുകള്‍ക്ക് ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്താന്‍ പറ്റിയിട്ടില്ലെങ്കിലും അതിനുള്ള ശ്രമമാണ് ധനമന്ത്രിമാര്‍ നടത്തി കൊണ്ടിരുന്നത്. ഈ വര്‍ഷം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാക്കി ധനക്കമ്മി നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളുണ്ടായിട്ടും ഉത്തേജക പരിപാടിയില്‍നിന്ന് സര്‍ക്കാര്‍ വിട്ടുനിന്നത്.

Also Read: സാമ്പത്തിക പ്രതിസന്ധി രൂക്ഷം? അധിക കരുതല്‍ ധനശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് നല്‍കും

റിസര്‍വ് ബാങ്കിന്റെ ഫണ്ട് കിട്ടുന്നതോടെ സര്‍ക്കാരിന് ധനക്കമ്മിയില്‍ ഉള്‍പ്പെടുത്തേണ്ടാത്ത പണം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ലഭിക്കുമെന്നതാണ് പ്രധാനം. ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്താനും പറ്റും, അതേസമയം സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പണം ചിലവിടാനും സര്‍ക്കാരിന് സാധിക്കും. ഇതാണ് റിസര്‍വ് ബാങ്ക് ഫണ്ടിന് വേണ്ടി നേരത്തെ മുതല്‍ സര്‍ക്കാര്‍ ശ്രമിക്കാന്‍ കാരണം.

ഊര്‍ജ്ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായിരിക്കുമ്പോഴാണ് ധനമന്ത്രാലയം റിസര്‍വ് ബാങ്കിന്റെ പണത്തിന് വേണ്ടി ആദ്യം ശ്രമിച്ചത്. റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രാധികാരത്തിലുള്ള കൈകടത്തലാണെന്ന് ആരോപിച്ച് അദ്ദേഹം അതിനെ ചെറുക്കുകയായിരുന്നു. സർക്കാരിന്റെ സമ്മര്‍ദ്ദം വര്‍ധിച്ചതോടെ രാജിവെയ്ക്കുകയും ചെയ്തു. പുതിയ ഗവര്‍ണറായി ധനമന്ത്രാലയവുമായി നിലപാടുകളില്‍ യോജിപ്പുള്ള ശക്തികാന്ത ദാസിനെ നിയമിച്ചതോടെ കേന്ദ്ര ബാങ്കുമായുള്ള തര്‍ക്കം വലിയ രീതിയില്‍ പരിഹരിക്കപ്പെട്ടു. മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാല്‍ അധ്യക്ഷനായി നിയമിച്ച കമ്മിറ്റിയുടെ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പണം കൈമാറാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ഉന്നയിക്കപ്പെടുന്ന ഒരു സവിശേഷത ഈ തുക ധനക്കമ്മിയില്‍ പെടില്ലെന്നതാണ്. എന്നാല്‍ നിയോ ലിബറല്‍ യുക്തിയില്‍ ധനക്കമ്മി എതിര്‍ക്കപ്പെടുന്നതിന്റെ കാരണമായി പറയുന്ന എല്ലാ സൈഡ് ഇഫക്ടുകളും റിസര്‍വ് ബാങ്കിന്റെ കരുതല്‍ പണം ചിലവഴിച്ചാലും സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായേക്കാം. സാങ്കേതികമായി ഇതിനെ ധനക്കമ്മിയില്‍ പെടുത്തില്ലെങ്കിലും പണം കൂടുതല്‍ ചിലവഴിക്കുന്നതുമൂലം ഉണ്ടാകുമെന്ന പറയുന്ന പലിശ നിരക്കിലെ വര്‍ധനയും അതുമൂലം സ്വകാര്യ മേഖലയില്‍ നിക്ഷേപം കുറയ്ക്കുമെന്ന് പറയുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഇവിടെയും സംഭവിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ റിസര്‍വ് ബാങ്കിന്റെ പണം കിട്ടിയതില്‍ സന്തോഷിക്കുകയും ആ പണം സമ്പദ് വ്യവസ്ഥയില്‍ ഉത്തേജകത്തിന് ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ധനക്കമ്മിയാണ് സര്‍വ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന തങ്ങള്‍തന്നെ മുന്നോട്ടുവെയ്ക്കുന്ന നിയോ ലിബറല്‍ യുക്തിയെയാണ് ചോദ്യം ചെയ്യുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

ഇതിനുമപ്പുറം റിസര്‍വ് ബാങ്കില്‍നിന്ന് പണം ആവശ്യപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയുടെ സ്വതന്ത്ര അധികാരത്തിലാണ് ഇടപെടുന്നതെന്നതാണ് വ്യാപകമായി ഉന്നയിക്കപ്പെടുന്ന ആരോപണം. റിസര്‍വ് ബാങ്ക് സ്വതന്ത്രമായി തീരുമാനമെടുക്കേണ്ട സ്ഥാപനമാണെന്നും ഈ വാദം ഉന്നയിക്കുന്നവര്‍ പറയുന്നു. എന്നാല്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ നയങ്ങളൊന്നും ബാധിക്കാത്ത രീതിയിലാണോ റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കേണ്ടതെന്ന ചോദ്യങ്ങളാണ് ഇതിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. അന്താരാഷ്ട്ര ധന മൂലധനത്തിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കര്‍മാരുടെ നിയന്ത്രണത്തിലല്ല, മറിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെയും ജനകീയ ഇച്ഛയുമാണ് റിസര്‍വ് ബാങ്കിനെ നയിക്കേണ്ടതെന്നുമാണ് പൂര്‍ണ സ്വാതന്ത്ര്യവാദത്തിനുള്ള മറുപടിയായി ഉയരുന്നത്.

Read Azhimukham: ‘മനുഷ്യരെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ലേ? ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ?’, കേരള പോലീസില്‍ നടക്കുന്ന ഞെട്ടിക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകങ്ങള്‍’

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍