കഴിഞ്ഞ വര്‍ഷം നികുതി വരുമാനത്തില്‍ കുറവ് വന്നതോടെ ഈ വര്‍ഷം ലക്ഷ്യമിടുന്ന നികുതി വരുമാനത്തില്‍ സര്‍ക്കാര്‍ കുറഞ്ഞ ലക്ഷ്യമാണ് നിശ്ചയിച്ചിരുന്നത്
സാമ്പത്തികമാന്ദ്യം പിടിമുറുക്കുന്നതിനിടെ, പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകുന്നുവെന്ന സൂചനകള്‍ നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിലും കനത്ത ഇടിവ്. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള അഞ്ചര മാസക്കാലം കൊണ്ട് ഉണ്ടായ നികുതി വരുമാനം ആകെ പ്രതീക്ഷിക്കപ്പെടുന്ന വരുമാനത്തിന്റെ മൂന്നിലൊന്നു മാത്രമാണ്. ഇതോടെ, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജിഎസ്ടി നിരക്കുകളില്‍ ഇളവ് വേണമെന്ന ആവശ്യവും സര്‍ക്കാരിനു നടപ്പാക്കാന്‍ കഴിയാതെ പോവും. ഇത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് സൂചനകളെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള നികുതി വരുമാനം 5 ശതമാനം മാത്രം വര്‍ധിച്ച് 4.4 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത്, ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്ന നികുതി വരുമാനമായ 13.35 ലക്ഷം കോടി രൂപ നേടണമെങ്കില്‍ അടുത്ത ആറര മാസം കൊണ്ട് ഇതുവരെ ലഭിച്ചിട്ടുള്ള തുകയുടെ രണ്ടിരട്ടിയിലധികം തുക നേടണമെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രത്യക്ഷ നികുതി വരുമാനത്തില്‍ ബജറ്റ് മൊത്തത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത് 17.3 ശതമാനം നികുതി വരുമാനം ഉണ്ടാകുമെന്നാണ്. അതാണ് ആദ്യ അഞ്ചര മാസത്തില്‍ അഞ്ചു ശതമാനം മാത്രമായി രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രത്യക്ഷ നികുതി സമാഹരണത്തെ സംബന്ധിച്ചിടത്തോളം സെപ്റ്റംബര്‍ 15 വരെയുള്ള സമയം ഏറെ പ്രധാനമെന്നാണ് കണക്കാക്കാറുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതായത്, ആകെയുള്ള ഘട്ടങ്ങളിലായി കമ്പനികള്‍ നല്‍കുന്ന മുന്‍കൂര്‍ നികുതിയുടെ രണ്ടാം ഘട്ടമാണിത്. തങ്ങളുടെ നികുതി വിഹിതത്തിന്റെ 45 ശതമാനവും കമ്പനികള്‍ നല്‍കേണ്ടത് രണ്ടാം ഘട്ടത്തിലാണ്. അടുത്ത ഡിസംബര്‍ 15-നും മാര്‍ച്ച് 15-നുമാണ് ബാക്കി 30 ശതമാനവും 25 ശതമാനവും നല്‍കേണ്ടത്. അതായത്, കമ്പനികള്‍ തങ്ങളുടെ മുന്‍കൂര്‍ നികുതി നല്‍കുന്ന ഏറ്റവും വലിയ ഘട്ടത്തില്‍പ്പോലും നികുതി വരുമാനം ആകെ ലക്ഷ്യമിടുന്നതിന്റെ മൂന്നിലൊന്നു പോലും എത്തിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്.
സെപ്റ്റംബര്‍ 15 വരെയുള്ള സമയത്ത് കമ്പനികളില്‍ നിന്നുള്ള മുന്‍കൂര്‍ നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായ 18 ശതമാനത്തിന്റെ സ്ഥാനത്ത് ഇത്തവണ ആറു ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇത് സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. “തീര്‍ച്ചയായും, വളര്‍ച്ചാ നിരക്കില്‍ അനുഭവിക്കുന്ന മാന്ദ്യം നികുതി വരുമാനത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി”, കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഈ വരുമാനക്കുറവ് ധനക്കമ്മി ജി.ഡി.പിയുടെ 3.3 ശതമാനമായി നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയും ബാധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.
വാഹന നിര്‍മാണ മേഖല മുതല്‍ വസ്ത്ര നിര്‍മാണം അടക്കമുള്ള മിക്ക മേഖലകളും തങ്ങള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ജി.എസ്.ടി നിരക്കുകളില്‍ കുറവ് ആവശ്യപ്പെടുന്നുണ്ട്. നാളെ നടക്കാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സിലിന്റെ യോഗവും പ്രധാനമായി പരിഗണിക്കുന്നത് ഇതാണ്. എന്നാല്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ ഇടിവ് വന്നതോടെ ഈ ആവശ്യം നടപ്പാക്കുക സര്‍ക്കാരിന് ബുദ്ധിമുട്ടാകും. ഇതോടെ വിവിധ വ്യവസായ മേഖലകളില്‍ തുടരുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും.
ഓഗസ്റ്റില്‍ ജി.എസ്.ടിയില്‍ നിന്നുണ്ടായ വരുമാനം ആറുമാസത്തെ ഏറ്റവും കുറവായ 98,902 കോടി രൂപയാണ്. അതായത്, റവന്യൂ വരുമാനത്തില്‍ ഉണ്ടായ കുറവിനു പുറമെയാണ് പ്രത്യക്ഷ നികുതി ഇനത്തിലും ഉണ്ടായിരിക്കുന്ന കുറവ്. ഇത് സര്‍ക്കാരിനുള്ള മുന്നിലുള്ള പ്രതിസന്ധികള്‍ വര്‍ധിപ്പിക്കുന്നു എന്ന് കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി ഇനത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 63,000 കോടി രൂപ കുറവാണ് നേടിയത്. 2018-19-ല്‍ ഈയിനത്തില്‍ ആദ്യം നിശ്ചയിച്ചിരുന്നത് 11.5 ലക്ഷം കോടി രൂപയായിരുന്നു. പിന്നീട് ഇത് പുതുക്കി 12 ലക്ഷം കോടി രൂപയാക്കി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലഭിച്ചതാകട്ടെ, 11.37 ലക്ഷം കോടി രൂപയും.
കഴിഞ്ഞ വര്‍ഷം ഇത്രയും തുക നികുതി വരുമാനത്തില്‍ കുറവ് വന്നതോടെ ഈ വര്‍ഷം ലക്ഷ്യമിടുന്ന നികുതി വരുമാനത്തില്‍ സര്‍ക്കാര്‍ കുറഞ്ഞ ലക്ഷ്യമാണ് നിശ്ചയിച്ചിരുന്നത്. അതായത്, കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നിശ്ചയിച്ചിരുന്ന പ്രത്യക്ഷ നികുതി വരുമാനം 13.8 ശതമാനമായിരുന്നെങ്കിലും 45,000 കോടി രൂപ കുറച്ച് 13.35 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ ലക്ഷ്യം വച്ചിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ചര മാസം ഇതിന്റെ മൂന്നിലൊന്നില്‍ താഴെ വരുന്ന 4.4 ലക്ഷം കോടി രൂപ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. വ്യവസായ മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടു തവണ ഉത്തേജക പാക്കേജുകള്‍ അടക്കം പ്രഖ്യാപിച്ചെങ്കിലും ഇത് ഫലം കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകള്‍.