മനേസര്‍, ഗുരുഗ്രാം പ്ലാന്റുകളാണ് രണ്ടു ദിവസത്തേക്ക് അടച്ചിടുന്നത്
രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ പ്രതിസന്ധിയിലായ വാഹന നിര്‍മാണ മേഖല കൂടുതല്‍ കുഴപ്പത്തിലേക്കെന്നു സൂചനകള്‍. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി രണ്ടു ദിവസത്തേക്ക് തങ്ങളുടെ ഗുരുഗ്രാം, മനേസര്‍ പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. വാഹനങ്ങള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ പൂനെയിലെ യാത്രാ വാഹന നിര്‍മാണ പ്ലാന്റ് പൂട്ടിയിട്ടത് സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലും തുടരാന്‍ ടാറ്റ മോട്ടോഴ്‌സും തീരുമാനിച്ചിട്ടുണ്ട്.
ആവശ്യക്കാര്‍ കുറഞ്ഞതാണ് വാഹന നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ കുറഞ്ഞതോടെ കൂടുതല്‍ വാഹനങ്ങ ള്‍ സ്‌റ്റോക്ക് ചെയ്യാന്‍ വിതരണക്കാര്‍ക്ക് കഴിയാതിരിക്കുകയും ഇത് നിര്‍മാതാക്കളെ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതോടെയാണ് പ്ലാന്റുകള്‍ അടച്ചിടേണ്ടി വരുന്നത്.
കഴിഞ്ഞ 10 മാസമായി തുടരുന്ന വില്‍പ്പനാ മാന്ദ്യത്തോടെയാണ് മാരുതി സുസുക്കി തങ്ങളുടെ പ്ലാന്റുകള്‍ അടച്ചിടുകയാണെന്ന് ഇന്നലെ വ്യക്തമാക്കിയത്. വിതരണക്കാര്‍ക്ക് നല്‍കുന്ന കാറുകളില്‍ 36 ശതമാനം കുറവാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാരുതി സുസുക്കി നേരിട്ടത്. ഈ സമയത്ത് തങ്ങളുടെ ഉത്പാദനം കമ്പനി 34 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
സാധാരണ ഗതിയില്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി വാഹന നിര്‍മാതാക്കള്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും തങ്ങളുടെ പ്ലാന്റുകള്‍ അടച്ചിടാറുണ്ട്. എന്നാല്‍ മിക്ക നിര്‍മാതാക്കളും, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ ആറു മാസത്തിനിടയില്‍ രണ്ടു മുതല്‍ 10 ദിവസം വരെ അടച്ചിട്ടിരുന്നു.
വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വാഹന നിര്‍മാതാക്കള്‍ ചെയ്യുന്നത് ഉത്പാദനത്തില്‍ താത്കാലികമായ കുറവ് വരുത്തുകയും തൊഴിലാളികളെ പിരിച്ചു വിടുകയുമാണ്. ഇതനുസരിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏപില്‍-ജൂണ്‍ സമയത്ത് 13 ദിവസം തങ്ങളുടെ നിര്‍മാണ പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു. അതുപോലെ ജൂലൈ-സെപ്റ്റംബര്‍ സമയത്ത് ഉത്പാദനം വെട്ടിക്കുറക്കുന്നതതിന്റെ ഭാഗമായി എട്ടു മുതല്‍ 14 ദിവസം പ്ലാന്റുകള്‍ അടച്ചിടുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട കാര്‍സ് ഇന്ത്യ, റെനോ-നിസാന്‍ എന്നിവ നാലു മുതല്‍ 10 ദിവസം വരെ മെയ്-ജൂണ്‍ സമയത്ത് തങ്ങളുടെ പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു. ടൊയോട്ടയും ഹുണ്ടായ് ഇന്ത്യയും രണ്ടു ദിവസം ഉത്പാദനം നിര്‍ത്തി വയ്ക്കാന്‍ ഈയിടെ തീരുമാനിച്ചിരുന്നു. 2019 ഏപ്രില്‍ മാസം മുതല്‍ 15,000 താത്കാലിക ജീവനക്കാരെ വാഹന നിര്‍മാണ മേഖലയില്‍ നിന്നു പിരിച്ചു വിട്ടിട്ടുണ്ടെന്നാണ് വാഹന നിര്‍മാതാക്കളുടെ സംഘടനയായ SIAM പറയുന്നത്.
വാഹന വില്‍പ്പന 1.55 ശതമാനം വര്‍ധിച്ച കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഒഴിച്ചാല്‍ കഴിഞ്ഞ 14 മാസത്തിനല്‍ 13 മാസവും യാത്രാ വാഹനങ്ങളുടെ വില്‍പ്പന മാന്ദ്യം നേരിടുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ജിഎസ്ടി നിരക്കില്‍ കുറവ് വരുത്തുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് വാഹന നിര്‍മാതാക്കള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.