UPDATES

ട്രെന്‍ഡിങ്ങ്

ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത് തൊഴിലുറപ്പ് പദ്ധതിയുടെ കരട് തയ്യാറാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞനെ

ഭക്ഷണത്തിനു വേണ്ടിയുള്ള അവകാശം സംബന്ധിച്ച, കക്ഷിരാഷ്ട്രീയ പ്രശ്നമല്ലാത്ത ഒരു വിഷയം ചർച്ച ചെയ്യാൻ പോലും തെരഞ്ഞെടുപ്പുകാലത്ത് അനുവാദമില്ലെന്ന് വരുന്നത് ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ദ്രേസ് പറഞ്ഞു.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീൻ ദ്രേസ് ജാർഖണ്ഡിൽ അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോർട്ടുകൾ. പിന്നീടിദ്ദേഹത്തെ വിട്ടയച്ചതായും വിവരമുണ്ട്. ജാർഖണ്ഡിലെ ഗർഹ്വ ജില്ലയിൽ ഒരു സന്നദ്ധസംഘടന സംഘടിപ്പിച്ച ഭക്ഷ്യ അവകാശവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു ജീൻ ദ്രേസ് എന്നാണ് അറിയുന്നത്.

രണ്ട് മണിക്കൂറോളം ഇദ്ദേഹത്തെ പൊലീസ് സ്റ്റേഷനിൽ പിടിച്ചുവെച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിയമലംഘനത്തിന് ഇദ്ദേഹത്തിനും രണ്ട് സാമൂഹ്യപ്രവർത്തകർക്കുമെതിരെ നടപടിയെടുക്കുമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാടെങ്കിലും പിന്നീട് കേസൊന്നുമെടുക്കാതെ വെറുതെ വിട്ടു.

പരിപാടി നടത്താനായി സംഘാടകർ ജില്ലാ അധികാരികളോട് പത്തുദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നതാണെന്നും അവർ പ്രതികരിക്കുകയുണ്ടായില്ലെന്നും ജീൻ ദ്രേസ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമൊന്നുമില്ലാത്തതിനാൽ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പ്രശ്നമുണ്ടായിരുന്നില്ല. ഇതിനാൽ പരിപാടി നടത്താൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.

ഭക്ഷണത്തിനു വേണ്ടിയുള്ള അവകാശം സംബന്ധിച്ച, കക്ഷിരാഷ്ട്രീയ പ്രശ്നമല്ലാത്ത ഒരു വിഷയം ചർച്ച ചെയ്യാൻ പോലും തെരഞ്ഞെടുപ്പുകാലത്ത് അനുവാദമില്ലെന്ന് വരുന്നത് ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ദ്രേസ് പറഞ്ഞു. സർക്കാരിനെതിരെ പരാതികളൊന്നുമില്ലെന്ന് എഴുതിനൽകാൻ പൊലീസ് ആവശ്യപ്പെട്ടെന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട സാമൂഹ്യപ്രവർത്തകരിലൊരാൾ പറയുന്നു.

1970കൾ മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജീൻ ദ്രേസ്. ഇന്ത്യയിലെ സാമ്പത്തിക വികസന നയങ്ങൾ സംബന്ധിച്ച് നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്. അമർത്യ സെന്നിനൊപ്പവും നിരവധി പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

നിലവിൽ ഇദ്ദേഹം ഒരു ഇന്ത്യൻ പൗരനാണ്. ബൽജിയത്തിലാണ് ജനിച്ചത്. മനുഷ്യാവകാശ പ്രവർത്തകയായ ബേലാ ഭാട്ടിയയാണ് ജീവിതപങ്കാളി.

നരേന്ദ്രമോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമർശകൻ കൂടിയാണിദ്ദേഹം. യുപിഎ സർക്കാരിന്റെ ദേശീയ ഉപദേശക സമിതിയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ സ്രഷ്ടാക്കളിലൊരാളാണ് ഇദ്ദേഹം. കേവലമായ സാമ്പത്തിക വളർച്ചയിൽ നിന്നും വിശാലമായ വികസന കാഴ്ചപ്പാടിലേക്ക് മാറാൻ സർക്കാരിന് കഴിയണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

ജീൻ ദ്രേസിന്റെ നിലപാടുകൾ മൂലം അദ്ദേഹത്തെ പലരും മാവോയിസ്റ്റ് ചായ്‌വുള്ളയാളെന്നും വിദേശചാരനെന്നും വിളിക്കാറുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍