UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നുണകള്‍, കല്ലുവെച്ച നുണകള്‍ പിന്നെ സ്ഥിതിവിവരക്കണക്കുകളും

ഈ പ്രയോഗത്തിന്റെ ഉത്ഭവം എവിടെനിന്നാണ് എന്നത് നിഗൂഢമാണ്. അമേരിക്കന്‍ എഴുത്തുകാരനായ മാര്‍ക് ട്വൈനാണ് ഇതിനെ ജനപ്രിയമാക്കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ ഡിസ്രായേലിക്കാണ് ഇതിന്റെ കര്‍തൃത്വം അദ്ദേഹം നല്കിയത്. എന്നാല്‍,“നുണകള്‍, കല്ലുവെച്ച നുണകള്‍ പിന്നെ സ്ഥിതിവിവരക്കണക്കുകളും” എന്ന പ്രയോഗം ഡിസ്രായേലിയുടെ പുസ്തകങ്ങളിലൊന്നും കാണുന്നില്ല. ഇന്ത്യയിലും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) വളര്‍ച്ചാനിരക്ക്  സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകളും ഇതിലുമേറെ നിഗൂഢവും ആശയക്കുഴപ്പം ഉണ്ടാക്കുന്നവയുമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അയാളുടെ സ്തുതിപാഠകരും പുരപ്പുറത്തുകയറി വിളിച്ചുകൂവുന്നത് ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇതെന്നാണ്. നാമെല്ലാം അഭിമാനം കൊള്ളേണ്ട ഒന്നെന്ന വിധത്തില്‍. എന്നാല്‍, ഇന്ത്യയുടെ സമ്പദ് രംഗത്തെച്ചൊല്ലി അഭിമാനം കൊള്ളുന്നവര്‍ വിരളമാണെന്നാണ് വാസ്തവം. അതിലുമേറെ പ്രശ്നമുള്ള സംഗതി, വിശകലനവിദഗ്ദ്ധരും, നിരീക്ഷകരും കേന്ദ്ര സ്ഥിതിവിവരക്കണക്ക് കാര്യാലയം (CSO) പുറത്തുവിട്ട കണക്കുകളുടെ നിജസ്ഥിതിയില്‍  സംശയമുള്ളവരാണ് എന്നാണ്. അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന 2004-ലെ എന്‍ ഡി എ സര്‍ക്കാരിന്റെ‘ഇന്ത്യ തിളങ്ങുന്നു’ പ്രചാരണത്തിന് സമാനമായ തിരിച്ചടിയിലേക്കായിരിക്കും ഈ മനോഹരചിത്രീകരണം സര്‍ക്കാരിനെ എത്തിക്കുക.

പുതിയ CSO കണക്കുകള്‍ പറയുന്നത് 2016 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജി ഡി പി, ജനുവരി-മാര്‍ച്ച് പാദത്തിലെ 7.9%-ത്തിന്റെ അപ്രതീക്ഷിത കുതിപ്പോടെ 7.6% (2015-16ല്‍ 7.2%) ആയി ഉയര്‍ന്നു എന്നാണ്. 2015-16-ല്‍ ‘പൊരുത്തക്കേടുകള്‍ക്ക്’ (discrepancies) 2.4%-മാണ് കണക്കാക്കിയിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 0.1% ആയിരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഈ പൊരുത്തക്കേടുകള്‍ ഒഴിവാക്കിയാല്‍ ജി ഡി പി വളര്‍ച്ച 2014-15-ല്‍ 5.2%-വും, 2015-16-ല്‍ 5.2%-വും ആണ്; അത്യാഹ്ളാദത്തിന് ഏറെയൊന്നുമില്ല. ദേശീയ കണക്കെടുപ്പില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുമെന്ന് സമ്മതിച്ചാലും, സ്ഥിതിവിവരക്കണക്കെടുപ്പില്‍ വന്ന പുതിയ ‘അതികൃത്യമായ’ സമ്പ്രദായങ്ങള്‍ വെച്ചുനോക്കിയാല്‍, പല ഗൌരവമായ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടേണ്ടതുണ്ട്.

ജി ഡി പി കണക്കുകളിലെ ചില തെളിഞ്ഞുനില്‍ക്കുന്ന വൈരുദ്ധ്യങ്ങള്‍ നോക്കാം. നടപ്പ് വിലയില്‍ നിര്‍മ്മാണമേഖല 2015-16-ല്‍ 8.1% വളര്‍ച്ചയുണ്ടായി. എന്നാല്‍, ഈ കാലത്തെ വ്യാവസായികോത്പാദന സൂചിക (IIP) 2.4% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മാസങ്ങളായി കയറ്റുമതി ഇടിഞ്ഞുകൊണ്ടിരുന്ന ഒരു വര്‍ഷമാണിത് എന്നുകൂടി കണക്കാക്കണം. വാര്‍ഷിക വ്യവസായ സര്‍വേയിലെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഇ-ഭരണനിര്‍വഹണ വിവരശേഖരം ഉപയോഗിച്ചുകൊണ്ട് കമ്പനി സാമ്പത്തികകണക്കുകള്‍ ഉപയോഗിക്കുന്നതാണ് ജി ഡി പി കണക്കാക്കുന്ന രീതിശാസ്ത്രത്തില്‍  CSO കൊണ്ടുവന്ന ഗണനീയമായ മാറ്റം. ഉദാഹരണത്തിന് പഴയ രീതിയിലൂടെ നിര്‍മാണമേഖലയില്‍ 2012-13ല്‍ 1.1% വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെങ്കില്‍ പുതിയ രീതിയനുസരിച്ച് അത് 6.2% ആണ്. 2013-14-ലെ ഇതേ കണക്കുകള്‍. 

(-)0.7%-ത്തില്‍ നിന്നും 5.3% ആണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ കണക്കുകള്‍പ്രകാരം വ്യാവസായിക വളര്‍ച്ച സൂചിക 2014-15ല്‍ 2.8%-വും 2015-16ല്‍ 2.4%-വും വളര്‍ന്നെങ്കില്‍ ദേശീയ വരുമാന കണക്കുകള്‍ (2011-12-ലെ വിലകള്‍വെച്ചുകൊണ്ട്) ഇവയെ യഥാക്രമം 5.5%, 9.5% എന്നായാണ് കണക്കാക്കുന്നത്. പുതിയ രീതിശാസ്ത്രത്തില്‍ ചെറുകിട, ഇടത്തരം സംരഭങ്ങളുടെ ഉത്പാദന കണക്കുകള്‍ കൂടുതല്‍ നന്നായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും, മൂല്യവര്‍ദ്ധനവ് വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുവെങ്കിലും സ്വതന്ത്ര വിദഗ്ദര്‍ വളര്‍ച്ചനിരക്കിലെ ഈ വലിയ വര്‍ധനവിനെ സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്.

CSO കണക്കുകള്‍ പുതുക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്നുണ്ട്. പുതിയ കണക്കുകള്‍ താത്ക്കാലിക കണക്കുകളും (provisional estimates) പിന്നെ പുതുക്കിയ കണക്കുകളുമായി (revised estimates)മാറുകയാണ്. ഇതും അന്തിമ കണക്കുകള്‍ക്ക് മുമ്പ് രൂപം മാറുന്നു. എന്നാല്‍ വാസ്തവം ഇതൊന്നുമല്ല എന്നാണ് സ്ഥിതി. ഉദാഹരണത്തിന്  2014-15-ലെ ആദ്യത്തെ പുതുക്കിയ കണക്കിനേക്കാള്‍ ഉയര്‍ന്ന്, താത്ക്കാലിക കണക്കുകള്‍ പ്രകാരം 2015-16-ലെ ജി ഡി പി വളര്‍ച്ച 7.6% ആണ്. പക്ഷേ,2015-16-ലെ താത്ക്കാലിക കണക്കുകളെ 2014-15-ലെ താത്ക്കാലിക കണക്കുകളുമായി താരതമ്യം ചെയ്താല്‍ ജി ഡി പി വളര്‍ച്ചാനിരക്ക് അത്ര കേമമല്ലാത്ത 6.6% ആകും. 2015-16-ലെ നാലാം പാദത്തിലെ യഥാര്‍ത്ഥ വളര്‍ച്ചാനിരക്കിന്റെ താത്ക്കാലിക കണക്കുകളുമായി 2014-15-ലെ ഇതേ കാലത്തെ താത്ക്കാലിക കണക്കുകള്‍ താരതമ്യം ചെയ്താല്‍, അനുപാതം 7.9%-ത്തില്‍ നിന്നും വെറും 4.8%-മാകും.

CSO കണക്കുകളില്‍ ഇനിയും വൈരുദ്ധ്യങ്ങളുണ്ട്. പല വിദഗ്ദ്ധരുടെയും സംശയങ്ങളെ ദുരീകരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നെങ്കില്‍  അവര്‍ പുതിയ രീതിശാസ്ത്രം പരിശോധിക്കാന്‍ ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കണം. CSO-ക്കു പുറത്തുള്ള നിരീക്ഷകര്‍ മാത്രമല്ല സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. റിസര്‍വ് ബാങ്കും, ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും കണക്കുകളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ ചെറിയ കാലത്തേക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുമായിരിക്കും. പക്ഷേ ഈ തട്ടിക്കൂട്ട് കണക്കുകള്‍ സര്‍ക്കാരിന്റെ വിശ്വാസ്യതക്കേല്‍പ്പിക്കുന്ന ആഘാതം നിസാരമല്ല.

പശ്ചിമബംഗാള്‍ ധനമന്ത്രിയായിരുന്ന അശോക് മിത്ര 1972-ല്‍ എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞത് ഇന്നലത്തെ ബ്രാഹ്മണന്മാരാണ് ഇന്നത്തെ സാമ്പത്തിക വിദഗ്ദ്ധന്മാര്‍ എന്നാണ്. ആദ്യത്തെ കൂട്ടര്‍ രാജാവിനും പ്രജകള്‍ക്കുമിടയില്‍ ഒരു കവചമായി നിന്നുകൊണ്ടു കാര്യങ്ങള്‍ അത്രയൊന്നും മോശമല്ല എന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ആധുനികകാലത്തെ സര്‍ക്കാര്‍ സാമ്പത്തിക വിദഗ്ദ്ധരും സ്ഥിതിവിവരകണക്കെടുപ്പുകാരും രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍, സമ്പദ് രംഗം മികച്ച രീതിയില്‍ നടക്കുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കും. പക്ഷേ സര്‍ക്കാരിന്റെ സ്തുതിപാഠകര്‍ക്കൊപ്പം ആര്‍പ്പുവിളിക്കുന്ന ഇവര്‍ക്ക് ചില ശുദ്ധാത്മാക്കളെ മാത്രമേ പറ്റിക്കാനാകുന്നുള്ളൂ എന്നതാണ് വാസ്തവം

(പരഞ്ചോയ് ഗുഹ തക്കുര്‍ത്ത ജെ. ഡെന്നിസ് രാജകുമാറുമായി ചേര്‍ന്നെഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍