UPDATES

വിപണി/സാമ്പത്തികം

ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; ജയ്റ്റ്ലിയുടെ വിമര്‍ശനത്തിന് രണ്ട് ദിവസം മുമ്പ്

കേസ് അട്ടിമറിക്കായി ജയ്റ്റ്‌ലി സിബിഐയുടെ അധികാരത്തില്‍ കൈ കടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഐസിഐസിഐ സാമ്പത്തിക ക്രമക്കേടും അനധികൃതമായി ലോണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് മുന്‍ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ ചികിത്സയിലുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഐസിഐസിഐ കേസ് സിബിഐ അന്വേഷിക്കുന്ന രീതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് രണ്ട് ദിവസം മുമ്പ് തന്നെ ചന്ദ കൊച്ചാറിനെതിരായ എഫ്‌ഐആറില്‍ ഒപ്പ് വച്ച എസ് പി സുധാംശു ധര്‍ മിശ്രയെ സ്ഥലം മാറ്റിയിരുന്നു.

ഡല്‍ഹിയിലെ സിബിഐ ബാങ്കിംഗ് ആന്‍ഡ് സെക്യൂരിറ്റീസ് ഫ്രോഡ് സെല്‍ (ബിഎസ്എഫ്‌സി) അംഗമായിരുന്നു സുധാംശു മിശ്ര. റാഞ്ചിയിലെ എക്കണോമിക് ഒഫന്‍സ് വിംഗിലേയ്ക്കാണ് സ്ഥലം മാറ്റിയത്. ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ ഗ്രൂപ്പ് ഉടമ വേണുഗോപാല്‍ ദൂതിനുമെതിരെ വഞ്ചനാകുറ്റത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐസിഐസിഐ കേസില്‍ സിബിഐയുടേത് പ്രൊഫഷണല്‍ അന്വേഷണമല്ലെന്നും എവിടെയുമെത്താത്ത എടുത്തുചാട്ടമാണെന്നും ജയ്റ്റ്‌ലി വിമര്‍ശിച്ചിരുന്നു.

കേസ് അട്ടിമറിക്കായി ജയ്റ്റ്‌ലി സിബിഐയുടെ അധികാരത്തില്‍ കൈ കടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ജയ്റ്റലി സിബിഐയെ ഭീഷണിപ്പെടുത്തുകയാണ് എന്ന് കോണ്‍ഗ്രസ് രാജ്യസഭ എംപി ആനന്ദ ശര്‍മ കുറ്റപ്പെടുത്തി. കേസ് ഇഴഞ്ഞുനീങ്ങിയാല്‍ മതി എന്ന സന്ദേശമാണ് ജയ്റ്റ്‌ലി നല്‍കുന്നത് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

2012ല്‍ ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് 3250 കോടി രൂപയുടെ വായ്പ അനുവദിക്കുകയും ആറ് മാസത്തിന് ശേഷം വേണുഗോപാല്‍ ദൂതും ദീപക് കൊച്ചാറും ഉള്‍പ്പെട്ട കമ്പനിക്ക് വീഡിയോകോണ്‍ കോടിക്കണക്കിന് രൂപ നല്‍കുകയും ചെയ്തതായി 2018 മാര്‍ച്ചില്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ചന്ദ കൊച്ചാര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടികള്‍ സജീവമായത്. 2017 ഡിസംബറില്‍ തന്നെ ലോണ്‍ അനുവദിച്ചുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. 20 ബാങ്കുകള്‍ ഉള്‍പ്പെട്ട എസ് ബി ഐ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ലഭിച്ച 40,000 കോടി രൂപയാണ് വീഡിയോകോണ്‍ നല്‍കിയത്.

ഐസിഐസിഐ ബാങ്കില്‍ നിന്ന് വായ്പയെടുത്ത 3250 കോടിയില്‍ 2810 കോടിയും വേണുഗോപാല്‍ ദൂത് തിരിച്ചടച്ചിരുന്നില്ല. 2017ല്‍ വീഡിയോ കോണ്‍ തിരിച്ചടക്കാനുള്ള തുക നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. 2009 ഓഗസ്റ്റ് 26ന് ഐസിഐസിഐ ബാങ്കിന്റെ സാംക്ഷനിംഗ് കമ്മിറ്റി ചട്ടവിരുദ്ധമായി മൂന്നൂറ് കോടി രൂപയുടെ വായ്പ വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് നല്‍കിയിരുന്നതായി സിബിഐ പറയുന്നു. 2008 സെപ്റ്റംബര്‍ ഏഴിന് നല്‍കിയ ചന്ദ കൊച്ചാര്‍ അധികാര ദുര്‍വിനിയോഗം നടത്തി ലോണ്‍ അനുവദിച്ചതിന് പിന്നാലെ വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റിഡില്‍ നിന്ന് ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള നുപൂര്‍ റിനീവബിള്‍സിന് 64 കോടി രൂപ ലഭിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍