UPDATES

‘നോട്ടുനിരോധനം എന്ന ദുരന്തവും ജിഎസ്ടിയും സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തി, മാന്ദ്യത്തിനു കാരണം മോദി സര്‍ക്കാരിന്റെ മിസ്‌മാനേജ്മെന്റ്’, രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്

സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച നടത്തണം

രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദി നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ദീര്‍ഘകാലം നിലനില്‍ക്കുമെന്നതിന്റെ സൂചനയാണെന്നും ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌ക്കാരത്തിന് നേതൃത്വം നല്‍കിയ ധനമന്ത്രി കൂടിയായ മന്‍മോഹന്‍ സിംഗ് പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറവ് നിരക്കായ അഞ്ചു ശതമാനം മാത്രമാണ് രേഖപ്പെടുത്തിയതെന്ന കണക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

രാജ്യത്തെ ഫാക്ടറി ഉത്പാദന രംഗത്തെ വളര്‍ച്ച കേവലം 0.6 ശതമാനമാണ്. ജി എസ് ടി മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നടപ്പാക്കിയതും മനുഷ്യനിര്‍മിത ദുരന്തമായ നോട്ടുനിരോധനം നടപ്പാക്കിയതും ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നും സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ എണ്ണമിട്ട് പറഞ്ഞാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഉപഭോക്തൃ ഡിമാന്റില്‍ വന്‍ കുറവാണ് ഉണ്ടായതെന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണ്. നികുതി വരുമാനത്തില്‍ വലിയ കുറവുണ്ടായത് ആശങ്ക ഉണ്ടാക്കുന്നതാണ്. നികുതി സംവിധാനത്തിലെ നടപ്പിലാക്കപ്പെടുന്ന ഭീകരമായ അന്തരീക്ഷം കാരണം നികുതിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കുന്നില്ല. സാമ്പത്തിക അതിജീവനത്തിന്റെ പാതയിലല്ല രാജ്യമെന്നതിന്റെ സൂചനയാണ് ഇതെന്നും  അദ്ദേഹം പറഞ്ഞു.

തൊഴില്‍രഹിത വളര്‍ച്ചയാണ് മോദി ഭരണത്തിലുണ്ടാകുന്നതെന്നും മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചു. ഓട്ടോമൊബൈല്‍ മേഖലയില്‍ മൂന്നര ലക്ഷം ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. അസംഘടിതമേഖലിയിലും സമാനമായ അവസ്ഥയാണ്.

ഗ്രാമീണ മേഖലയിലെ അവസ്ഥ പരിതാപകരമാണ്. കര്‍ഷകര്‍ക്ക് ആവശ്യത്തിന് വരുമാനം ലഭിക്കുന്നില്ല. ഇന്ത്യയിലെ 50 ശതമാനം ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ വരുമാന കുറവുണ്ടായതിനെയാണ് മോദി സര്‍ക്കാര്‍ കുറഞ്ഞ നാണയപെരുപ്പമായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശം ഇല്ലാതാക്കപ്പെടുകയാണെന്ന് റിസര്‍വ് ബാങ്ക് ഫണ്ട് കൈമാറിയതിനെ  പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. 1.76 ലക്ഷം കോടി രൂപ കൈമാറിയതിലൂടെ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനം എങ്ങനെയാവുമെന്ന് പറയാന്‍ കഴിയില്ല. റിസര്‍വ് ബാങ്കില്‍നിന്ന് കിട്ടിയ വന്‍ തുക എങ്ങനെ ചെലവഴിക്കണമെന്നതിന് പദ്ധതിയില്ലെന്നാണ് സര്‍ക്കാര്‍ തന്നെ പറയുന്നത്.

ഇതിനെല്ലാം പുറമെ ഇന്ത്യ പുറത്തുവിടുന്ന കണക്കുകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിയങ്ങള്‍ അന്താരാഷ്ട്ര നിക്ഷേപകരുടെ വിശ്വാസത്തെ തളർത്തി. അന്താരാഷ്ട്ര  രംഗത്തെ മാറ്റങ്ങള്‍ മൂലമുണ്ടായ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി കയറ്റുമതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി.

ഇത്തരത്തില്‍ വളര്‍ച്ചാ മാന്ദ്യത്തിലൂടെ  മുന്നോട്ടുപോകാൻ രാജ്യത്തിന്    സാധിക്കില്ല. പ്രതികാര രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോട്ടു നിരോധനം നടപ്പാക്കിയതിനു പിന്നാലെ ഇതിലെ അപകടം ചൂണ്ടിക്കാണിച്ച സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ് മന്‍മോഹന്‍ സിംഗ്. ഇതുമൂലം രാജ്യത്തിന്റെ ജിഡിപിയില്‍ ഒന്ന് മുതല്‍ രണ്ടു ശതമാനം വരെ കുറവുണ്ടാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇത് തുടര്‍വര്‍ഷങ്ങളില്‍ ശരിയാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അഞ്ചു ട്രില്യണ്‍ ആക്കുമെന്നാണ് മോദി നേരത്തെ പ്രസ്താവിച്ചിരുന്നത്. എന്നാല്‍ രാജ്യം കനത്ത സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നു പോകുന്നുവെന്നാണ് വിവിധ മേഖലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ കഴിഞ്ഞയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി അനുവദിക്കുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ റിസര്‍വ് ബാങ്ക് തങ്ങളുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോാടി രൂപ സര്‍ക്കാരിലേക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടെന്നും സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായിട്ടുള്ള മാന്ദ്യം മാറ്റാന്‍ കഴിയില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ഫാക്ടറി ഉത്പാദന മേലഖയിലെ വളര്‍ച്ചാ നിരക്ക് നാലു ശതമാനമായി ചുരുങ്ങിയത് തൊഴില്‍ ലഭ്യതയിലടക്കം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും കൂടുതലാണെന്ന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ തന്നെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2019 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 5 ശതമാനം വളർച്ച നേടിയതായ റിപ്പോർട്ട് പുറത്തു വന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 5.8 ശതമാനമായിരുന്നു വളർ‌ച്ചാ നിരക്ക്. ആറര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ‌വളർച്ചാ നിരക്കാണ് ഈ സാമ്പത്തിക വർഷം ആദ്യപാദത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇത്തവണ രേഖപ്പെടുത്തിയതെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്ക് ഓഫീസ് (സിഎസ്ഒ) വ്യക്തമാക്കിയിരുന്നു.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല, ബിജെപി എംപി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പുതിയ സാമ്പത്തിക നയം നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഞ്ച് ട്രില്യന്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം മറക്കാന്‍ തയാറായിക്കോളൂ എന്നാണ് സ്വാമിയുടെ ട്വീറ്റ്. ഇച്ഛാശക്തി മാത്രം കൊണ്ടോ പാണ്ഡിത്യം കൊണ്ടു മാത്രമോ സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സാധിക്കില്ലെന്ന് സ്വാമി പറയുന്നു. അതിന് ഈ രണ്ടു ഘടകങ്ങളും ആവശ്യമാണ്. എന്നാല്‍ ഇന്ന് രാജ്യത്തിന് ഇതു രണ്ടുമില്ലെന്നും സ്വാമി വിമര്‍ശിച്ചു.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍