UPDATES

വിപണി/സാമ്പത്തികം

70 വര്‍ഷത്തിനിടെ രാജ്യം അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയാണിപ്പോള്‍ – നീതി ആയോഗ് വൈസ് ചെയര്‍മാന്‍ പറയുന്നു

നോട്ട് നിരോധനവും ജി എസ് ടിയും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡും കാര്യങ്ങളെ മാറ്റിമറിച്ചു.

രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യമുണ്ട് എന്ന് സമ്മതിച്ച് നീതി ആയോഗ്. ഇതിന് കാരണം സ്വകാര്യ മേഖലയിലെ വിശ്വാസക്കുറവാണ് എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു. ആര്‍ക്കും ആരേയും വിശ്വാസമില്ല. ആരും പണം കൊടുക്കാന്‍ തയ്യാറാല്ല. പണത്തിന് മേല്‍ എല്ലാവരും അടയിരിക്കുകയാണ്. അസാധാരണ നടപടികള്‍ പ്രശ്‌നപരിഹാരത്തിന് ആവശ്യമായി വരും – രാജീവ് കുമാര്‍ പറഞ്ഞു. പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വകാര്യ മേഖലയുടെ അവിശ്വാസം മാറ്റാനും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ പ്രോത്സാഹനം നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് നീതി ആയോഗ് ആവശ്യപ്പെട്ടു. മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് നിലവിലുള്ളത് എന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥ ഒന്നാകെ ഭീഷണിയിലാണ്. ഇത് കഴിഞ്ഞ 70 വര്‍ഷത്തിനിടെ രാജ്യം നേരിട്ടിട്ടില്ലാത്ത അവസ്ഥയാണ് – രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.

2009-14 കാലത്തെ (രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്) അനിയന്ത്രിതമായ പണ വിതരണവും വായ്പ നല്‍കലുമാണ് ഇതിന് കാരണമെന്നാണ് രാജീവ് കുമാറിന്റെ വാദം. ഇത് വലിയ തോതില്‍ നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിക്കാനിടയാക്കി. നിഷ്‌ക്രിയ ആസ്തി ക്രമാതീതമായി വര്‍ദ്ധിച്ചത് ബാങ്കുകളുടെ വായ്പ നല്‍കല്‍ ശേഷം കുറച്ചു. ഇതിനിടയില്‍ സമാന്തര ബാങ്കുകള്‍ വ്യാപകമായി വായ്പ നല്‍കുന്ന നിലയുണ്ടായി. ബാങ്ക് ഇതര ധന സ്ഥാപനങ്ങള്‍ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യാനായില്ല. നോട്ട് നിരോധനവും ജി എസ് ടിയും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡും കാര്യങ്ങളെ മാറ്റിമറിച്ചു.

നേരത്തെ 35 ശതമാനം പണവിനിമയമുണ്ടായിരുന്നത് ഇപ്പോള്‍ ഇതിലും വളരെ താഴെയാണ്. നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം സങ്കീര്‍ണമായ സാഹചര്യമാണുണ്ടാക്കിയത്. ഇതിനൊന്നും എളുപ്പത്തില്‍ ഉത്തരമില്ല – രാജീവ് കുമാര്‍ പറഞ്ഞു. സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കേണ്ട പണം നല്‍കുന്നതിലെ കാലതാമസവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടാകാം എന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍