UPDATES

വിപണി/സാമ്പത്തികം

ഉര്‍ജിത് പട്ടേല്‍ രാജി വയ്ക്കില്ല; കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ മഞ്ഞുരുകലിന് ശ്രമം

ഉദാര വായ്പകള്‍ക്കുള്ള നിയന്ത്രണം നീക്കാനും കരുതല്‍ ധനത്തില്‍ നിന്ന് സര്‍ക്കാരിന് പണം നല്‍കാനുമുള്ള സമ്മര്‍ദ്ദം കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്.

റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകളും സംഘര്‍ഷവും പരഹരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഉര്‍ജിത് പട്ടേല്‍ രാജി വച്ചേക്കില്ല എന്നാണ് സൂചനയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ലിക്വിഡിറ്റി സംബന്ധിച്ചും ക്രെഡിറ്റ് സംബന്ധിച്ചുമുള്ള പ്രധാന ഭിന്നതകള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഉദാര വായ്പകള്‍ക്കുള്ള നിയന്ത്രണം നീക്കാനും കരുതല്‍ ധനത്തില്‍ നിന്ന് സര്‍ക്കാരിന് പണം നല്‍കാനുമുള്ള സമ്മര്‍ദ്ദം കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്. കരുതല്‍ധനത്തില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍, സമ്പദ് വ്യവസ്ഥ തകര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിലാണ് റിസര്‍വ് മണി കേന്ദ്ര ആവശ്യപ്പെടുന്നത്.

നവംബറില്‍ വിപണിയിലേയ്ക്ക് 40,000 കോടി രൂപ ഇറക്കുമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. ഇതില്‍ ആദ്യ ഗഡുവായി 12,000 കോടി രൂപ നവംബര്‍ 15നകം നല്‍കുമെന്നും അറിയിച്ചിരുന്നു. ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ വാങ്ങാന്‍ തീരുമാനിച്ചതായി ആര്‍ബിഐ അറിയിച്ചു. ഒക്ടോബറില്‍ 36000 കോടി രൂപ ആര്‍ബിഐ വിപണിയിലെത്തിച്ചിരുന്നു. 11 പൊതുമേഖലാ ബാങ്കുകളെ വായ്പ നല്‍കുന്നതില്‍ നിന്ന് ആര്‍ബിഐ വിലക്കിയിരുന്നു. കിട്ടാക്കടം കുറക്കാനും ലാഭത്തിനാകാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആര്‍ബിഐ ബോര്‍ഡ് യോഗത്തിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ, പറഞ്ഞ കാര്യങ്ങളാണ് ആര്‍ബിഐയും സര്‍ക്കാരും തമ്മിലുണ്ടായ പൊട്ടിത്തെറി വ്യക്തമാക്കിയത്. ആര്‍ബിഐയുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ഇടപെടലുകളുമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നായിരുന്നു ആചാര്യയുടെ ആരോപണം. അതേസമയം ആര്‍ബിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി അടക്കമുള്ളവര്‍ തിരിച്ചടിച്ചിരുന്നു. ആര്‍ബിഐ ആക്ടിലെ സെക്ഷന്‍ 7 പ്രകാരം ആര്‍ബിഐയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ട് എന്നാാണ് സര്‍ക്കാര്‍ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉര്‍ജിത് പട്ടേല്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമവായത്തിനുള്ള സാധ്യതകള്‍ സര്‍ക്കാരും ആര്‍ബിഐയും തേടുന്നത്. ആര്‍എസ്എസ് അനുകൂലിയായ എസ് ഗുരുമൂര്‍ത്തി അടക്കമുള്ളവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കടുത്ത അതൃപ്തി ആര്‍ബിഐ വൃത്തങ്ങളിലുണ്ടായിരുന്നു. ഇത്തരത്തില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുകയാണ് സര്‍ക്കാരെന്നും ഈ സാഹചര്യത്തില്‍ ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ രാജി വയ്ക്കുക എന്നീ രണ്ട് വഴികളേ ഗവര്‍ണര്‍ക്ക് മുന്നിലൂള്ളൂ എന്നാണ് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍