UPDATES

ട്രെന്‍ഡിങ്ങ്

ആധാര്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ല

ഈ വലിയ ദുരന്തത്തില്‍ നിന്നും അന്താരാഷ്ട്രതലത്തിലെ അപമാനത്തില്‍ നിന്നും സുപ്രീംകോടതി ഇന്ത്യയെ രക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ശനിയാഴ്ച ഫെമിനിസ്റ്റും എഴുത്തുകാരിയുമായ കല്യാണി മേനോന്‍ സുപ്രീംകോടതിയെ അറിയിച്ചത് 13.5 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായാണ്. അതേസമയം യുഐഡിഎഐ (യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) ട്രൈബ്യൂണ്‍ പത്രത്തിനും അവരുടെ റിപ്പോര്‍ട്ടര്‍ക്കും എതിരെ കേസ് ഫയല്‍ ചെയ്തു. അഞ്ഞൂറ്‌ രൂപ കൊടുത്താല്‍ ആരുടെ വേണമെങ്കില്‍ ആധാര്‍ വിവരങ്ങള്‍ കിട്ടുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്. യുഐഡിഎഐയുടെ ഈ അസംബന്ധ നിലപാട് തന്നെ ആധാര്‍ എന്തുകൊണ്ട് ഒരു ദേശീയ പദ്ധതിയായി നടപ്പാക്കാന്‍ പാടില്ല എന്ന വാദത്തിന് ബലം നല്‍കുന്നതാണ്.

സ്വകാര്യതയോ വിവര സംരക്ഷണമോ വലിയ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഒരു രാജ്യമല്ല ഇന്ത്യ. വിവരം ചോരലുകള്‍ പുറത്തുകൊണ്ടുവരുന്നവര്‍ പൊലീസ് സ്‌റ്റേഷനിലെത്തും. അതേസമയം വിവരം ചോര്‍ത്തല്‍ സുഗമമായി നടക്കുകയും ചെയ്യും. സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോരുന്ന നിരവധി സംഭവങ്ങളുണ്ടായി. വ്യക്തികളുടെ സ്വകാര്യതയെ ഗുരുതരമായി ബാധിക്കുന്നതാണ് ഇതെന്നും അഞ്ചംഗ ഭരണഘടന ബഞ്ചിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കല്യാണി മേനോന്‍ ചൂണ്ടിക്കാട്ടുന്നു.

13.5 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നത് ആധാര്‍ ആക്ടിന്റെ സെ്ക്ഷന്‍ 29ന്റെയും ലംഘനമാണിത്. 2016ലെ ആധാര്‍ റെഗുലേഷന്‍സ് 6, 7ന്റേയും. ആധാര്‍ നിയമ പ്രകാരം ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കാന്‍ യുഐഡിഎഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കല്യാണി മേനോന്‍ പറയുന്നു. പൗരന്മാരുടെ സുരക്ഷിതത്വത്തില്‍ ആധാര്‍ ആക്ട് വിട്ടുവീഴ്ച ചെയ്തു എന്ന് ആരോപിച്ചുള്ള ഹര്‍ജികള്‍ ജനുവരി 17ന് സുപ്രീംകോടതി ഭരണഘടന ബഞ്ച് പരിഗണിക്കാനിരിക്കുകയാണ്.

ആധാറിന് പല ഗുണങ്ങളുമുണ്ടെന്നത് ഞങ്ങളുടെ വാദമല്ല. ഇത് സര്‍ക്കാര്‍ സേവനങ്ങള്‍ സുഗമമാക്കാന്‍ സഹായിക്കുന്നു. ക്ഷേമ പദ്ധതികളിലെ അഴിമതി കുറയ്ക്കുകയും സ്വകാര്യ വ്യവസായങ്ങളെ ഇത് സഹായിക്കുകയും ചെയ്യാം. ഇങ്ങനെയുള്ള അവകാശവാദങ്ങളുണ്ട്. എന്നാല്‍ ആധാര്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ല. അഴിമതി മുതല്‍ തിരിച്ചറിയല്‍ രേഖകള്‍ വരെയുള്ള കാര്യങ്ങളില്‍. സുപ്രീംകോടതി ആധാര്‍ പദ്ധതി റദ്ദാക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത് നിര്‍ബന്ധമാക്കാതിരിക്കുകയെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ആധാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ആളുകള്‍ മരിക്കുന്നു. ഗുരുതരമായ സ്വകാര്യത ലംഘനം നടക്കുന്നു. വിദേശ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്നു. പ്രധാന വ്യക്തികള്‍ ഉള്‍പ്പടെ ഏതൊരു ഇന്ത്യക്കാരന്റേയും വിദേശ ശക്തികള്‍ക്ക് ദുരുപയോഗം ചെയ്യാമെന്ന നിലയാണ് ഇതുണ്ടാക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താനും തന്ത്രപ്രധാനമായ ദേശീയ പദ്ധതികളെ അട്ടിമറിക്കാനും ഇത് ഉപയോഗിക്കപ്പെടാം. ഈ വലിയ ദുരന്തത്തില്‍ നിന്നും അന്താരാഷ്ട്രതലത്തിലെ അപമാനത്തില്‍ നിന്നും സുപ്രീംകോടതി ഇന്ത്യയെ രക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കി വയ്ക്കുന്നതില്‍ നമ്മുടെ ഉദ്യോഹസ്ഥ സംവിധാനം പരാജയമാണെന്നതിന് എന്തെങ്കിലും തെളിവ് കോടതിക്ക് വേണമെങ്കില്‍ പഞ്ചാബിലെ കാര്യം നോക്കിയാല്‍ മതി. ആധാറിന്റെ ഈ അണ്ടര്‍ഗ്രൗണ്ട് വില്‍പ്പനയെക്കുറിച്ച് ദ ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവിടെ നടക്കുന്ന സംഭവവികാസങ്ങള്‍ നോക്കുക. ട്രൈബ്യൂണിനും ഈ വിവരം പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ രചന ഖൈരയ്ക്കും എതിരെ യുഐഡിഎഐ കേസ് രജിസ്റ്റര്‍ ചെയ്തു. വാട്‌സ് ആപ്പ് വഴി നിശ്ചിത തുകയ്ക്ക് ആധാര്‍ വിവരങ്ങള്‍ കൊടുത്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അനില്‍ കുമാര്‍, സുനില്‍കുമാര്‍, രാജ്് തുടങ്ങി രചന ബന്ധപ്പെട്ടവരുടെ പേരുകളിലെല്ലാം കേസ് എടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 419, 420, 468, 471 തുടങ്ങി വഞ്ചന വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കുന്നത്. ഐടി ആക്ടിന്റെ സെക്ഷന്‍ 66, ആധാര്‍ ആക്ടിന്റെ 36/37 എന്നിവയും ചേര്‍ത്തിരിക്കുന്നു.

യുഐഡിഎഐ ലോജിസ്റ്റിക്‌സ് ആന്‍ ഗ്രീവന്‍സ് റീഡ്രസല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ബിഎം പട്‌നായിക് ഇങ്ങനെ പറയുന്നു – പേര് വെളിപ്പെടുത്താത്ത വില്‍പ്പനക്കാരില്‍ നിന്നും ദ ട്രൈബ്യൂണ്‍ പത്രം വാട്‌സ് ആപ്പ് വഴി ആധാര്‍ നമ്പറുകളുടെ വിവരങ്ങള്‍ പണം കൊടുത്ത് വാങ്ങി എന്നാണ് 2018 ജനുവരി മൂന്നിന്റെ റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ടര്‍ എങ്ങനെയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടതെന്ന് എഫ്‌ഐആറില്‍ ഇങ്ങനെ പറയുന്നു – ഇത്തരത്തില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണ്. ജനുവരി മൂന്നിന്റെ ട്രൈബ്യൂണ്‍ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു – പേ ടിഎം വഴി 500 രൂപ അടച്ചു. 10 മിനുട്ട് കാെണ്ട് ഈ റാക്കറ്റുമായി ബന്ധപ്പെട്ട് ഏജന്റ് ഒരു ഗേറ്റ് വേ റെഡിയാക്കി ലോഗിന്‍ ഐഡിയും പാസ് വേഡും തന്നു. ഏതൊരു ആധാര്‍ നമ്പറും സൈറ്റില്‍ കൊടുത്ത് വ്യക്തിയുടെ വിവരങ്ങള്‍ അറിയാം – പേര്, അഡ്രസ്, പോസ്റ്റല്‍ കോഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ മെയില്‍ – അങ്ങനെയെല്ലാം.

ശനിയാഴ്ച വൈകീട്ട് യുഐഡിഎഐയുടെ ഛണ്ഡിഗഡ് റീജിയണല്‍ ഓഫീസില്‍ നിന്ന് ട്രൈബ്യൂണ്‍ എഡിറ്റര്‍ ഇന്‍ ചീഫിന് കത്ത് വന്നു – വിരലടയാളങ്ങളോ കൃഷ്ണമണിയുടെ സ്‌കാനോ നേടാന്‍ കഴിയുമോ എന്ന ചോദ്യമാണ് റിപ്പോര്‍ട്ടറോട് യുഐഡിഎഐ ഉന്നയിച്ചത്. എത്ര ആധാര്‍ നമ്പറുകള്‍ ഇത്തരത്തില്‍ പരിശോധിച്ചു എന്നും ഇത് ആരുമായിട്ടൊക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്നും യുഐഡിഎഐ ചോദിച്ചു. ജനുവരി എട്ടിനകം ഈ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ വിരലടയാളങ്ങളും ഐറിസ് സ്‌കാനും കിട്ടിയിട്ടില്ലെന്ന് കരുതേണ്ടി വരും. ആധാര്‍ വിവരങ്ങളുമായി ബന്ധപ്പെട്ട് യാതൊരു അവകാശലംഘനങ്ങളും സ്വകാര്യതാ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നാണ് യുഐഡിഎഐ അവകാശപ്പെടുന്നത്. ബയോമെട്രിക് വിവരങ്ങളടക്കം പൂര്‍ണമായും സുരക്ഷിതമാണെന്ന് യുഐഡിഎഐ ആവര്‍ത്തിക്കുന്നു. നിങ്ങളുടെ തൊട്ടടുത്തുള്ള ഏതെങ്കിലുമൊരു മാര്‍ക്കറ്റില്‍ ചെന്നാല്‍ ബോധ്യമാകും ഈ യുഐഡിഎഐക്കാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന്. ഏതായാലും മറ്റുള്ള ഇന്ത്യക്കാരെ ഈ ദുരിതത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍