UPDATES

വാര്‍ത്തകള്‍

“ഗംഭീര്‍, നിങ്ങള്‍ക്ക് ഇങ്ങനെ തരംതാഴാന്‍ നാണമില്ലേ?” സ്ഥാനാര്‍ത്ഥി അതിഷി മാര്‍ലെനയേയും ഉപമുഖ്യമന്ത്രി സിസോദിയയേയും ചേര്‍ത്ത അപവാദ പ്രചാരണത്തില്‍ എഎപി

ATISHI MARLENA – KNOW YOUR CANDIDATE (അതിഷി മാര്‍ലെന – നിങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അറിയൂ) എന്ന് പറഞ്ഞുള്ള ലഘുലേഘയാണ് മണ്ഡലത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അതിഷി മാര്‍ലെനയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഒളിംപ്യനും ബോക്‌സറുമായ വിജേന്ദര്‍ സിംഗും ഏറ്റുമുട്ടുകയാണ്. അതിഷിയേയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും ബന്ധിപ്പിച്ചുള്ള അപവാദ പ്രചാരണമാണ് ഈസ്റ്റ് ഡല്‍ഹിയിലെ ഏറ്റവും പുതിയ വിവാദം. ഇതിന് പിന്നില്‍ ഗൗതം ഗംഭീറും ബിജെപിയുമാണ് എന്ന് എഎപി ആരോപിക്കുന്നു.

ഗംഭീറിനെ പേരെടുത്ത് പറഞ്ഞാണ് സിസോദിയയുടെ വിമര്‍ശനം. ഇത്തരത്തില്‍ എനിക്കും അതിഷിക്കുമെതിരെ അപവാദ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്നാണോ നിങ്ങള്‍ കരുതുന്നത്. നിങ്ങള്‍ക്ക് ലജ്ജയില്ലേ. എന്നെയും അതിഷിയേയും ഈസ്റ്റ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. നിങ്ങള്‍ ഏത് തരത്തിലുള്ള വ്യക്തിയാണ് എന്നാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത് – മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. ATISHI MARLENA – KNOW YOUR CANDIDATE (അതിഷി മാര്‍ലെന – നിങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അറിയൂ) എന്ന് പറഞ്ഞുള്ള ലഘുലേഘയാണ് മണ്ഡലത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഈ ലഘുലേഖയുടെ കോപ്പിയും ചേര്‍ത്താണ് മനീഷ് സിസോദിയയുടെ ട്വീറ്റ്.

അതിഷി ‘വേശ്യ’യാണ് എന്നും മനീഷ് സിസോദിയയുടെ ‘വെപ്പാട്ടി’യാണ് എന്നും നോട്ടീസില്‍ പറയുന്നു. അതിഷിയുടെ ക്രിസ്ത്യാനിയായ ഭര്‍ത്താവ് ബീഫ് തിന്നുന്നയാളാണ് എന്നും ഇതില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ആന്ധ്രപ്രദേശിലെ സ്‌കൂളില്‍ അധ്യാപികയായിരിക്കെ സഹ അധ്യാപകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അതിഷിയെ നാട്ടുകാര്‍ പിടികൂടിയിരുന്നതായും ഇയാള്‍ അതിഷിയെ വിവാഹം കഴിച്ചതായും നോട്ടീസ് പറയുന്നു. കെജ്രിവാളിനെ നായ എന്നാണ് നോട്ടീസ് വിശേഷിപ്പിക്കുന്നത്. മനീഷ് സിസോദിയ പട്ടികജാതിയില്‍പ്പെട്ടവരാണ് എന്നും സിസോദിയയെ പോലെ തൊലി വെളുത്തവര്‍ സാധാരണ താഴ്ന്ന ജാതിക്കാര്‍ ആവാറില്ലെന്നും അടക്കം അവിഹിതബന്ധത്തില്‍ ജനിച്ച സിസോദിയയുടെ അവിഹിത സന്തതിയെ അതിഷി പ്രസവിക്കാന്‍ പോവുകയാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഇത്തരത്തിലൊരാള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യുമോ എന്നും നോട്ടീസ് ചോദിക്കുന്നു.

സിസോദിയയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അതിഷി പൊട്ടിക്കരഞ്ഞു. ഗംഭീര്‍ ആണ് ലഘുലേ വിതരണം ചെയ്തത് എന്ന് അതിഷിയും ആരോപിച്ചിരുന്നു. എത്രത്തോളം തരം താഴാന്‍ കഴിയുമെന്ന് അവര്‍ കാണിക്കുകയാണ്. ഗംഭീര്‍ ഇത്രയ്ക്ക് നിലവാരമില്ലാത്തയാളാണ് എന്ന് കരുതിയിരുന്നില്ല എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഇത്തരക്കാരെ ജയിപ്പിച്ച് വിട്ടാല്‍ സ്ത്രീകളുടെ സുരക്ഷ എന്താകുമെന്നും കെജ്രിവാള്‍ ചോദിച്ചു. അതിഷി ധൈര്യമായി മുന്നോട്ടുപോകണമെന്നും ഇത്തരക്കാരെ നേരിട്ട് മാത്രമേ നമുക്ക് പോരാട്ടം നടത്താനാകൂ എന്നും കെജ്രിവാള്‍ പറഞ്ഞു.

അതേസമയം അതിഷിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പരാജയഭീതിയില്‍ നിന്നുണ്ടാകുന്നതുമാണ് എന്ന് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ജയിക്കാനുള്ള നാണം കെട്ട കളിയാണ് സഹപ്രവര്‍ത്തകയെ വച്ച് കെജ്രിവാള്‍ കളിക്കുന്നത് എന്നും ഡല്‍ഹിയുടെ മുഖ്യമന്ത്രി ഇത്തരത്തിലൊരാളായതില്‍ ലജ്ജിക്കുന്നു എന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു. ആരോപണം തെറ്റാണ് എന്ന് തെളിഞ്ഞാല്‍ കെജ്രിവാള്‍ രാഷ്ട്രീയം വിടാന്‍ തയ്യാറുണ്ടോ എന്ന് ഗംഭീര്‍ ചോദിക്കുന്നു. രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വച്ചു എന്ന് പറഞ്ഞ് ഗംഭീറിനെതിരെ അതിഷി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. 12നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍