UPDATES

വാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് കോഴ: ബിജെപി നേതാക്കള്‍ക്കെതിരെ കേസ് ആവശ്യപ്പെടുന്ന ലഡാക്കിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ആരാണ്?

മോദിക്കും അമിത് ഷായ്ക്കും നല്‍കിയ ക്ലിന്‍ ചീറ്റുകള്‍ക്കെതിരെ നിലപാടെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരേയൊരു അംഗം അശോക് ലവാസയാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കോഴ നല്‍കിയെന്ന പരാതികളില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ലഡാക്കിലെ ലേ ഡിസ്ട്രിക്ട് ഇലക്ഷന്‍ ഓഫീസറും ഡെപ്യൂട്ടി കമ്മീഷണറുമായ ആവ്‌നി ലവാസ. ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന, എംഎല്‍സി വിക്രം രണ്‍ധാവ എന്നിവര്‍ക്കെതിരെയാണ് പരാതികള്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കനുകൂലമായി റിപ്പോട്ടിംഗ് നടത്തുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കവറില്‍ പണം നല്‍കിയെന്ന പരാതികളാണ് നേതാക്കള്‍ക്കെതിരെയുള്ളത്. മേയ് രണ്ടിന് വാര്‍ത്താസമ്മളേനത്തില്‍ ഇവര്‍ക്ക് കവറുകള്‍ കൈമാറിയെന്നാണ് പരാതി. ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട്. കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോടതിയെ സമീപിച്ചതായി ആവ്‌നി ലവാസ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നിരന്തരം പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവര്‍ക്ക് എല്ലാ പരാതികളിലും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ആവനി ലവാസയുടെ നടപടി. മോദിക്കും അമിത് ഷായ്ക്കും നല്‍കിയ ക്ലിന്‍ ചീറ്റുകള്‍ക്കെതിരെ നിലപാടെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരേയൊരു അംഗം അശോക് ലവാസയാണ്. അശോക് ലവാസയുടെ മകളാണ് ആവ്‌നി ലവാസ. 2013 ബാച്ച് ജമ്മു കാശ്മീര്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ്.

ലഡാക്കില്‍ ആകെ ഒരു ലോക്‌സഭ സീറ്റാണുള്ളത്. വോട്ടെടുപ്പ് നടന്നത് തിങ്കളാഴ്ച. മൂന്ന് പരാതികളാണ് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെയുള്ളത്. പ്രസ് ക്‌ളബും ലേ എസ്എച്ച്ഒയും (സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍) പരാതികള്‍ കൈമാറിയിട്ടുണ്ട്. അതേസമയം തനിക്കെതിരായ പരാതികളില്‍ കഴമ്പനില്ലെന്നും കവറില്‍ റാലിക്കുള്ള ക്ഷണക്കത്ത് ആയിരുന്നു എന്നുമാണ് രവീന്ദര്‍ റെയ്‌നയുടെ വിശദീകരണം. താന്‍ നേരിട്ട് ഒരു മാധ്യമപ്രവര്‍ത്തകനും കവര്‍ നല്‍കിയിട്ടില്ലെന്നും അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും റെയ്‌ന പറയുന്നു.

ബിജെപി നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കവര്‍ നല്‍കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതില്‍ ഒരു വനിത മാധ്യമപ്രവര്‍ത്തക കവര്‍ തുറന്നുനോക്കിയ ശേഷം ബിജെപി നേതാവിനെ അത് തിരിച്ചേല്‍പ്പിക്കുന്നതും കാണാം. നേതാവ് പണം വാങ്ങാന്‍ വിസമ്മതിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തക അത് മേശപ്പുറത്ത് തന്നെ വച്ചിട്ട് പോകുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍