UPDATES

സംസ്ഥാനങ്ങളിലൂടെ

സിപിഎമ്മും ബിജെപിയും നേരിട്ടേറ്റുമുട്ടുന്ന കോയമ്പത്തൂരില്‍ ജി എസ് ടിയും നോട്ട് നിരോധനവും വിധി നിര്‍ണയിക്കുമോ?

കോയമ്പത്തൂര്‍ ലോക്‌സഭ സീറ്റിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാണ് നോട്ട് നിരോധനവും ജി എസ് ടിയും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ പ്രതിഫലിക്കും എന്നത് നിര്‍ണായകമാണ്.

ഏപ്രില്‍ 16ന് വൈകീട്ട് അഞ്ചേ മുക്കാലോടെയാണ് കോയമ്പത്തൂരില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ പിആര്‍ നടരാജന്റെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രകടനവും പൊതുയോഗവും അവസാനിച്ചത്. കോയമ്പത്തൂരിലെ രാജ സ്ട്രീറ്റില്‍. ഡിഎംകെയും കോണ്‍ഗ്രസും കൊങ്കുനാട് മക്കള്‍ ദേശീയ കച്ചിയുമടക്കം (കെഎംഡികെ) മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടേയും പ്രവര്‍ത്തകരുണ്ട്. അവരവരുടെ കൊടികളുമായി. കൂടുതലും ചുവന്ന തൊപ്പിയും ചുവന്ന ഷാളും പിആര്‍ നടരാജന്റെ ചിത്രവും അരിവാള്‍ ചുറ്റിക നക്ഷത്രവുമുള്ള ബാഡ്ജുകളുമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ തന്നെ.

മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടേയും കൊടികള്‍ വച്ച ഇന്നോവ കാറിലാണ് നടരാജന്റെ മണ്ഡല പര്യടനം. യുവാക്കളായ സിപിഎം പ്രവര്‍ത്തകര്‍ കൂടെയുണ്ട്. മലയാളിയായ സന്തോഷ് ആണ് നടരാജന്റെ സന്തത സഹചാരികളിലൊരാള്‍. സിപിഎം ഏരിയ സെക്രട്ടറിയാണ്. തൊട്ടടുത്തുള്ള പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ സിപിഎമ്മിലെ എംബി രാജേഷും കോണ്‍ഗ്രസിലെ വികെ ശ്രീകണ്ഠനും ഏറ്റുമുട്ടുമ്പോള്‍ കോയമ്പത്തൂരില്‍ ഒരേ വേദിയില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും സിന്ദാബാദ് മുഴങ്ങുന്നു. രാഹുല്‍ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും എംകെ സ്റ്റാലിന്റേയും എം കരുണാനിധിയുടേയും ചിത്രങ്ങളുള്ള കോയമ്പത്തൂരിലെ സിപിഎം പോസ്റ്ററുകള്‍ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു.

ഇന്ത്യയില്‍ ബിജെപിയും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുന്ന അപൂര്‍വം മണ്ഡലങ്ങളിലൊന്നാണ് കോയമ്പത്തൂര്‍. ദക്ഷിണേന്ത്യയില്‍ ഇത്തരത്തില്‍ മറ്റ് മണ്ഡലങ്ങളില്ല. ത്രിപുരയിലെ രണ്ട് സീറ്റുകളിലാണ് ഇത്തരത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ പ്രധാന പോരാട്ടം നടക്കുന്നത്. ഡിഎംകെ മുന്നണി സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ പിആര്‍ നടരാജനും എഐഎഡിഎംകെ മുന്നണി സ്ഥാനാര്‍ത്ഥിയായ ബിജെപിയിലെ സിപി രാധാകൃഷ്ണനും തമ്മിലാണ് പോരാട്ടം. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, കൊങ്കുനാട് മക്കള്‍ ദേശീയ കച്ചി (കെഎംഡികെ) എന്നിവയാണ് മണ്ഡലത്തില്‍ സ്വാധീനമുള്ള ഡിഎംകെ സഖ്യകക്ഷികള്‍. വൈകോയുടെ എംഡിഎംകെ, മുസ്ലീം ലീഗ് തുടങ്ങിയ കക്ഷികളും മുന്നണിയുടെ ഭാഗമാണ്.

പ്രചാരണത്തിന്റെ സമാപനം കുറിച്ചുള്ള യോഗത്തില്‍ സ്ഥാനാര്‍ത്ഥി പിആര്‍ നടരാജന് പുറമെ, സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ജി രാമകൃഷ്ണന്‍, സിംഗനല്ലൂര്‍ എംഎല്‍എയും ഡിഎംകെ നേതാവുമായ എന്‍ കാര്‍ത്തിക്, കോണ്‍ഗ്രസും സിപിഐയും കൊങ്കുനാട് മക്കള്‍ കച്ചിയും മുസ്ലീ ലീഗും അടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരെല്ലാം വേദിയിലുണ്ടായിരുന്നു. പ്രധാന നേതാക്കളെല്ലാം പ്രസംഗിച്ച് ഏറ്റവുമൊടുവില്‍ പിആര്‍ നടരാജന്റെ ഹ്രസ്വമായ പ്രസംഗം. വേദിയില്‍ പ്രസംഗിച്ച മറ്റ് നേതാക്കളെ പോലെ അത്ര ആവേശകരമായ പ്രസംഗമല്ല നടരാജന്റേത്. നടരാജന്റേയും മറ്റ് നേതാക്കളുടേയും ചോദ്യങ്ങള്‍ ഒരേ സമയം ബിജെപിക്കും എഐഎഡിഎംകെയ്ക്കും എതിരെയാണ്. ജി എസ് ടി, നോട്ട് നിരോധനം, നീറ്റ്, ബിജെപിയുടെ കേന്ദ്ര ഭരണത്തിനും എഐഎഡിഎംകെയുടെ സംസ്ഥാന ഭരണത്തിനും എതിരായ വിമര്‍ശനങ്ങള്‍ – പ്രസംഗങ്ങള്‍ ഇങ്ങനെ പോകുന്നു.

ദേശീയ തലത്തില്‍ മോദി സര്‍ക്കാര്‍ നടത്തുന്ന റെയ്ഡുകളെ പറ്റി നടരാജന്‍ ചോദിക്കുന്നു. ഇതിന് ശേഷമാണ് ഡിഎംകെ നേതാവും തൂത്തുക്കുടിയിലെ സ്ഥാനാര്‍ഥിയുമായ എംകെ കനിമൊഴിയുടെ വീട്ടില്‍ നടന്ന റെയ്ഡ് സംബന്ധിച്ച് വാര്‍ത്ത വരുന്നത്. മധ്യപ്രദേശില്‍ കമല്‍ നാഥിന്റേയും തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാക്കളുടേയും വീട്ടില്‍ നടത്തിയ ആദായ നികുതി റെയ്ഡിനെക്കുറിച്ച് നടരാജന്‍ പറയുന്നു. എന്തുകൊണ്ട് എടപ്പാടി പളനിസാമിയേയും മന്ത്രി വിജയഭാസ്‌കറിനേയുമൊന്നും റെയ്ഡ് ചെയ്യുന്നില്ല എന്നാണ് നടരാജന്‍ ചോദിക്കുന്നത്. എല്ലാ നേതാക്കളും അരിവാള്‍ ചുറ്റിക നക്ഷത്രം ഉയര്‍ത്തിപ്പിടിക്കുന്നു. ഒരാള്‍ മൈക്കില്‍ മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നു. മദ്ധിയ മോദിയെ ജയിച്ചിടുവോം…(കേന്ദ്രത്തില്‍ മോദിയെ തോല്‍പ്പിക്കും), വാക്ക് അടിപ്പോം, വാക്ക് അടിപ്പോം, അരിവാള്‍ സുറ്റി നച്ചത്തിറം… (അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്യും).

ഡിഎംകെ തി മു കായും എഐഎഡിഎംകെ ആ തി മു കായും ബിജെപി ഭാരത ജനതാ കച്ചിയും കോണ്‍ഗ്രസ് ഇന്തിയ ദേശീയ കോണ്‍ഗ്രസ് കച്ചിയും സിപിഎം മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് കച്ചിയും സിപിഐ ഇന്തിയ കമ്മ്യൂണിസ്റ്റ് കച്ചിയുമാണ്. കേരളത്തിലെ പോലെ എല്ലാ പാര്‍ട്ടികളും ഒരേ സ്ഥലത്ത് ശക്തിപ്രകടനം നടത്തി പരസ്യപ്രചാരണം അവസാനിപ്പിക്കുന്ന രീതി ഇവിടെയില്ല. ഇരു മുന്നണികളിലും വ്യത്യസ്ത ഇടങ്ങളിലാണ് പ്രചാരണം അവസാനിപ്പിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി താരതമ്യപ്പെടുത്തോള്‍ പൊതുവെ തണുപ്പനാണ് കോയമ്പത്തൂര്‍ നഗരത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം മിക്ക പാര്‍ട്ടികളുടേയും ദേശീയ നേതാക്കളെല്ലാം കോയമ്പത്തൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു.

തമിഴ്‌നാട്ടിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലേയും എന്ന പോലെ കോയമ്പത്തൂരിലും പണവും മദ്യവും മിക്ക പാര്‍ട്ടികളും നിര്‍ബാധം വിതരണം ചെയ്യുന്നു. 250 രൂപ, 350 രൂപ, ക്വാര്‍ട്ടര്‍ മദ്യം, ബിരിയാണി ഇങ്ങനെയെല്ലാമാണ് ഓഫറുകള്‍. ഓഫറുകളുടെ വലിപ്പ, ചെറുപ്പങ്ങള്‍ റാലികളിലെ ജനപങ്കാളിത്തം കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. 10 മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. പലയിടങ്ങളിലും നേതാക്കളെത്തിയത് രാത്രി 12 മണി കഴിഞ്ഞ്. എഐഎഡിഎംകെയും ടിടിവി ദിനകരന്റെ എഎംഎംകെയുമാണ് ഇതില്‍ മത്സരിക്കുന്നത്. ഡിഎംകെയും മോശമല്ല. ഇടതുപാര്‍ട്ടികളാണ് ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നിറക്കണം, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം, എംകെ സ്റ്റാലിനെ മുഖ്യമന്ത്രിയാക്കണം, പിആര്‍ നടരാജന് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തണം – ഇതാണ് ഡിഎംകെ മുന്നണി കോയമ്പത്തൂരിലെ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത്. തിരുപ്പൂര് നിന്ന് വന്ന സിപി രാധാകൃഷ്ണനെ പോലെയല്ല, പിആര്‍ നടരാജന്‍ നാട്ടുകാരനാണെന്നും എന്ത് ആവശ്യത്തിനും അടുത്ത് തന്നെയുണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു. നടരാജന്‍ ഒരു തവണയും രാധാകൃഷ്ണന്‍ രണ്ട് തവണയും നേരത്തെ കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പോരാട്ടം കടുത്തതാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഈസി വാക്ക് ഓവര്‍ ഇരു മുന്നണികളും പ്രതീക്ഷിക്കുന്നില്ല.

ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നും ‘പമ്പ് സിറ്റി’ എന്നും അറിയപ്പെടുന്ന കോയമ്പത്തൂര്‍, തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരങ്ങളിലൊന്നായ കോയമ്പത്തൂര്‍ ഉള്‍പ്പെടുന്ന ലോക്‌സഭ മണ്ഡലം. മോട്ടോര്‍ പമ്പുകള്‍, പവര്‍ ലൂമുകള്‍, വെറ്റ് ഗ്രൈന്‍ഡറുകള്‍ തുടങ്ങി ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ രംഗത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്ന്. രാജ്യത്തെ പമ്പ്‌സെറ്റുകളില്‍ 50 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കോയമ്പത്തൂരിലാണ്. ഒരു കാലത്ത് ടെക്‌സ്റ്റൈല്‍ വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന്. നാഷണല്‍ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ഓഫീസ് കോയമ്പത്തൂരിലുണ്ട്. എന്നാല്‍ ടെക്‌സ്റ്റൈല്‍ വ്യവസായം ക്ഷയിച്ചിരിക്കുന്നു. മില്ലുകളില്‍ മിക്കതും ഇല്ലാതായിരിക്കുന്നു. വ്യവസായങ്ങളില്‍ പലതും ക്ഷയിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് പമ്പ് സിറ്റിക്ക് ആഘാതമായി മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനവും ജി എസ് ടിയും വരുന്നത്. ഇത്തവണ കോയമ്പത്തൂര്‍ ലോക്‌സഭ സീറ്റിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാണ് നോട്ട് നിരോധനവും ജി എസ് ടിയും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ പ്രതിഫലിക്കും എന്നത് നിര്‍ണായകമാണ്.

1952ലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് മുതലുള്ള ചരിത്രത്തില്‍ 16 പൊതുതിരഞ്ഞെടുപ്പുകളും രണ്ട് ഉപതിരഞ്ഞെടുപ്പുകളും നടന്നപ്പോള്‍ മൂന്ന് തവണയൊഴികെ ദേശീയ പാര്‍ട്ടികളെയാണ് കോയമ്പത്തൂര്‍ വിജയിപ്പിച്ചത്. ഡിഎംകെ രണ്ട് തവണയും എഐഎഡിഎംകെ ഒരു തവണയും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ആറ് തവണയും സിപിഐ അഞ്ച് തവണയും സിപിഎം രണ്ട് തവണയും ബിജെപി രണ്ട് തവണയും വിജയം കണ്ടു.

1952ല്‍ കോണ്‍ഗ്രസിലെ ടിഎ രാമലിംഗം ചെട്ടിയാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹം വൈകാതെ അന്തരിച്ചു. രാമലിംഗം ചെട്ടിയാരുടെ മരണത്തെ തുടര്‍ന്ന് അതേ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ മഹാലിംഗം അവിഭക്ത സിപിഐയിലെ പാര്‍വതി കൃഷ്ണനെ 41,327 വോട്ടിന് പരാജയപ്പെടുത്തി ലോക്‌സഭയിലെത്തി. 1957ലെ രണ്ടാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍വതി കൃഷ്ണന്‍ കോണ്‍ഗ്രസിലെ പിഎസ് രംഗസ്വാമിയെ 15012 വോട്ടിന് തോല്‍പ്പിച്ച് ലോക്‌സഭയിലെത്തി. 1962ല്‍ കോണ്‍ഗ്രസിലെ പിആര്‍ രാമകൃഷ്ണനോട് 42,561 വോട്ടുകള്‍ക്ക് പാര്‍വതി കൃഷ്ണന്‍ പരാജയപ്പെട്ടു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം നടന്ന 1967ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ മഹാലിംഗവും സിപിഎമ്മിലെ കെ രമണിയും തമ്മിലാണ് ഏറ്റുമുട്ടിയത്. കരുത്തനായ മഹാലിംഗത്തെ 65,921 വോട്ടിന് തോല്‍പ്പിച്ച് രമണി ലോക്‌സഭയിലെത്തി. 57.93 ശതമാനം വോട്ട് നേടിയാണ് കെ രമണി ജയിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ കെ രമണി തമിഴ്‌നാട്ടിലേയ്ക്ക് കുടിയേറുകയും തമിഴ്‌നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളും 1964ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളുമാണ്. മൂന്ന് തവണ തമിഴ്‌നാട് നിയമസഭയിലെത്തി.

സിപിഎമ്മും സിപിഐയും വിരുദ്ധ ചേരികളിലായിരുന്ന 70കളിലെ തിരഞ്ഞെടുപ്പുകളിലെല്ലാം സിപിഐ വിജയം കണ്ടു. 1971ല്‍ സിപിഐയിലെ കെ ബാലദണ്ഡായുധം സംഘടനാ കോണ്‍ഗ്രസിലെ രാമസ്വാമിയെ 77,053 വോട്ടിന് പരാജയപ്പെടുത്തി. ശക്തമായ ത്രികോണ പോരില്‍ സിപിഎമ്മിന്റെ കെ രമണി മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം സിപിഐ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഐയുമായി സഖ്യത്തിലായിരുന്നു. 1973ല്‍ ബാലദണ്ഡായുധം അന്തരിച്ചു. ഉപതിരഞ്ഞെടുപ്പില്‍ പാര്‍വതി കൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്തി.

1977ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിലും അടിയന്തരാവസ്ഥയ്ക്ക് എതിരായിരുന്നില്ല കോയമ്പത്തൂരിന്റെ ജനവിധി. കോണ്‍ഗ്രസ് ചേരിയിലായിരുന്ന സിപിഐയ്ക്ക് തന്നെ ജയം. പാര്‍വതി കൃഷ്ണന്‍ 21,178 വോട്ടിന് ജനതാ മുന്നണിയുടെ ഭാഗമായിരുന്ന സംഘടനാ കോണ്‍ഗ്രസിലെ എസ് വി ലക്ഷ്മണനെ തോല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന ജനകീയ ട്രേഡ് യൂണിയന്‍ നേതാവായിരുന്ന പാര്‍വതി കൃഷ്ണന്‍ അവസാനമായി ലോക്‌സഭയിലെത്തിയതും ഈ തിരഞ്ഞെടുപ്പിലാണ്. കോയമ്പത്തൂരിലെ മില്‍ തൊഴിലാളികളേയും വാല്‍പ്പാറയിലെ തോട്ടം തൊഴിലാളികളേയും സംഘടിപ്പിച്ച് പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ കൊങ്കുനാട് മേഖലയില്‍ വലിയ സ്വാധീനമുള്ള തൊഴിലാളി നേതാവായി മാറിയ പാര്‍വതി കൃഷ്ണന്‍ പിന്നീട് മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയായിരുന്നു.

പൊതുവെ ഡിഎംകെയേക്കാള്‍ എഐഎഡിഎംകെയ്ക്ക് സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തില്‍ 1980ല്‍ ആദ്യമായി ഡിഎംകെ വിജയം കണ്ടു. ഇറ മോഹന്‍ പാര്‍വതി കൃഷ്ണനെ തോല്‍പ്പിച്ചത് 56,109 വോട്ടിന്. പിന്നീടുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയിച്ചു. 1984, 89, 91 വര്‍ഷങ്ങളില്‍ ഹാട്രിക് വിജയം നേടിയ കോണ്‍ഗ്രസിലെ സികെ കുപ്പുസ്വാമി മൂന്ന് തവണയും തിരഞ്ഞെടുക്കപ്പെട്ടത് ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക്. 1984ലും 89ലും പരാജയപ്പെട്ടത് സിപിഎമ്മിലെ ആര്‍ ഉമാനാഥ്. 91ല്‍ കെ രമണി. 1,86,064 വോട്ടിനാണ് 91ല്‍ രമണിയെ കുപ്പുസ്വാമി പരാജയപ്പെടുത്തിയത്. കോയമ്പത്തൂരിലെ മില്ലുകളുടെ തകര്‍ച്ച ഇടതുപക്ഷത്തിന്റെ സ്വന്തമായ കരുത്തിനെ 90കളില്‍ ക്ഷയിപ്പിച്ചു.

96ല്‍ കുപ്പുസ്വാമിയെ ഡിഎംകെയിലെ എം രാമനാഥന്‍ രണ്ട് ലക്ഷത്തില്‍ പരം വോട്ടിനാണ് തോല്‍പ്പിച്ചത്. മണ്ഡലത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷവും ഇതാണ്. 1998ല്‍ ബിജെപി ആദ്യമായി വിജയം കണ്ടു. സിപി രാധാകൃഷ്ണന്‍ ഡിഎംകെയിലെ കെആര്‍ സുബ്ബരായനെ 1,44,676 വോട്ടിന് തോല്‍പ്പിച്ചു. 1999ല്‍ ഇതേ ഡിഎംകെ തന്നെ വാജ്‌പേയിയുടെ എന്‍ഡിഎ സര്‍ക്കാരില്‍ ഭാഗമാകുന്നതും കണ്ടു. 99ല്‍ ബിജെപി വിജയം ആവര്‍ത്തിച്ചു. എന്നാല്‍ സിപി രാധാകൃഷ്ണന്റെ ഭൂരിപക്ഷം 54,077 ആയി കുറഞ്ഞു. 2004ല്‍ സിപി രാധാകൃഷ്ണനെ 1,63,151 വോട്ടിന് തോല്‍പ്പിച്ച് സിപിഐയിലെ കെ സുബ്ബരായന്‍ മണ്ഡലം പിടിച്ചെടുത്തു. 1977ന് ശേഷം സിപിഐയുടെ വിജയമായിരുന്നു ഇത്. സുബ്ബരായന്‍ ഇത്തവണ തിരുപ്പൂര്‍ ലോക്‌സഭ സീറ്റില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുമായി ഏറ്റുമുട്ടുന്നു.

കെ രമണിയുടെ മകളുടെ ഭര്‍ത്താവായ പിആര്‍ നടരാജന്‍ കോയമ്പത്തൂരിലെ പൊതുസമ്മതനായ നേതാവാണ്. 2009ല്‍ കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലെത്തിയിരുന്നു. ഇത്തവണ ഉറച്ച വിജയപ്രതീക്ഷയിലാണ് നടരാജനും സിപിഎമ്മും. ഇത്തവണ ആര്‍ക്കാണ് ജയസാധ്യത എന്ന ചോദ്യത്തിന് പറയാന്‍ കഴിയില്ലെന്നും തീ മു കാ (ഡിഎംകെ) മുന്നണിക്കാണ് കൂടുതല്‍ സാധ്യതയെന്നും പറയുന്നവരുണ്ട്. മലയാളികളും ഉത്തരേന്ത്യക്കാരും കോയമ്പത്തൂരില്‍ നിര്‍ണായക വോട്ട് ബാങ്കാണ്. അഞ്ച് ലക്ഷത്തോളം മലയാളികള്‍ കോയമ്പത്തൂരിലുണ്ടെന്നാണ് കണക്ക്. ഇതില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വോട്ടുണ്ട്. മലയാളികളില്‍ ഭൂരിപക്ഷവും ഇടതുപക്ഷത്തെ പിന്തുണച്ച് വരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപിക്കും മലയാളികള്‍ക്കിടയില്‍ പിന്തുണ ലഭിച്ച് വരുന്നുണ്ട്. ഭൂരിപക്ഷം
മലയാളികളുടേയും പിന്തുണ ഇത്തവണയും നടരാജന് തന്നെ ലഭിച്ചേക്കും എന്നാണ് പൊതുവായ അഭിപ്രായം.

വിദ്യാഭ്യാസ വായ്പകള്‍ എഴുത്തള്ളാനുള്ള പ്രവര്‍ത്തനമായിരിക്കും തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യം നടത്തുക എന്നാണ് പിആര്‍ നടരാജന്‍ പ്രചാരണ സമയത്ത് മാധ്യമങ്ങളോട് പറഞ്ഞത്. സബ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് മേല്‍ ജി എസ് ടി ചുമത്തുന്നത് ഒഴിവാക്കാന്‍ ശ്രമിക്കും. കുടിവെള്ള സ്വകാര്യവത്കരണം അടക്കമുള്ള കാര്യങ്ങളെ എതിര്‍ക്കുമെന്നും നടരാജന്‍ പറയുന്നു. ആത്മീയ വ്യവസായി ജഗ്ഗി വാസുദേവ് കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുമെന്നും ഇത്തരക്കാരെ പുറത്താക്കി പശ്ചിമഘട്ടം സംരക്ഷിക്കുമെന്നും നടരാജന്‍ പറഞ്ഞിരുന്നു.

അതേസമയം ഉത്തരേന്ത്യന്‍ വോട്ട് ഇത്തവണയും ബിജെപിയിലേയ്ക്ക് പോകാനാണ് സാധ്യത. ഉത്തരേന്ത്യക്കാരുടെ പ്രത്യേകിച്ച് ഹിന്ദി മേഖലയില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തിലുള്ള, പ്രദേശങ്ങളാണ് കോയമ്പത്തൂര്‍ നഗരത്തിലെ ആര്‍കെ പുരം അടക്കമുള്ളവ. ഏതാണ്ട് മലയാളികളുടെ അത്ര തന്നെ ഉത്തരേന്ത്യന്‍ വോട്ടര്‍മാരുമുണ്ട് കോയമ്പത്തൂര്‍ മണ്ഡലത്തില്‍. ഈ ഉത്തരേന്ത്യന്‍ വോട്ട് ബാങ്കില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്, തിരൂപ്പൂര്‍ മത്സരിക്കാതെ രാധാകൃഷ്ണന്‍ കോയമ്പത്തൂര്‍ തിരഞ്ഞെടുക്കുന്നതും. കേന്ദ്ര കയര്‍ ബോര്‍ഡ് ചെയര്‍മാനാണ് രാധാകൃഷ്ണന്‍. തിരുപ്പൂരിലും വലിയ തോതില്‍ ഉത്തരേന്ത്യന്‍ സാന്നിധ്യമുണ്ടെങ്കിലും വോട്ടവകാശമുള്ള ഉത്തരേന്ത്യക്കാര്‍ താരതമ്യേന കുറവാണ്. വിവിധ ഭാഷക്കാര്‍ ഇടകലര്‍ന്നിരിക്കുന്ന സമൂഹമാണ് കോയമ്പത്തൂരിലേത്. തെലുങ്ക് കുടുംബങ്ങളെല്ലാം തമിഴ് രാഷ്ട്രീയവുമായി താദാത്മ്യപ്പെട്ട് കഴിഞ്ഞു. ഡിഎംകെ അല്ലെങ്കില്‍ എഐഎഡിഎംകെ എന്ന നിലയില്‍. കോയമ്പത്തൂരിലെ
ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് വ്യവസായ രംഗങ്ങളിലുമുള്ള ഉത്തരേന്ത്യന്‍ വോട്ടര്‍മാരുടെ നിര്‍ണായക സ്വാധീനമാണ് 90കള്‍ തൊട്ട് ബിജെപിയുടെ വലിയ വളര്‍ച്ചയ്ക്ക് കാരണമായത്. മണ്ഡലത്തിലെ ഉത്തരേന്ത്യന്‍ വോട്ട് ബാങ്ക് ബിജെപിക്കൊപ്പം തന്നെ തുടരുന്നു. ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും ബിജെപിക്ക് ആളുണ്ട് എന്ന നിലയായിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ കോയമ്പത്തൂരിലും സമീപ മണ്ഡലങ്ങളായ നീലഗിരിയിലും തിരുപ്പൂരിലും പൊള്ളാച്ചിയിലും മറ്റും വലിയ തോതില്‍ ഡിഎംകെ മുന്നണിക്ക് ലഭിക്കാനാണ് സാധ്യത. പല ന്യൂനപക്ഷ സമുദായ ഗ്രൂപ്പുകളും ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തിട്ടുമുണ്ട്. ക്രിസ്ത്യന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നടരാജന് അനുകൂലമായി ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. എട്ടിമടയില്‍ മുമ്പ് ആര്‍എസ്എസുകാര്‍ പുരോഹിതനെ ആക്രമിച്ചതടക്കമുള്ള സംഭവങ്ങള്‍ ഇത്തരം ഗ്രൂപ്പുകള്‍ ക്രിസ്ത്യന്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കോയമ്പത്തൂരില്‍ സിപിഎമ്മിനും നീലഗിരിയിലും പൊള്ളാച്ചിയിലും ഡിഎംകെയ്ക്കും വോട്ട് ചെയ്യാന്‍ മലയാളി ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു.

കോയമ്പത്തൂരിനെ പോലെ തന്നെ വ്യവസായ നഗരമായ തിരുപ്പൂരിലും ജി എസ് ടിയും നോട്ട് നിരോധനവും നിര്‍ണായകമാണ്. ചെറുകിട, ഇടത്തരം വ്യവസായങ്ങളില്‍ 30 ശതമാനത്തോളം തിരുപ്പൂരില്‍ അടച്ചുപൂട്ടേണ്ടി വന്നു. കോയമ്പത്തൂരില്‍ 40 ശതമാനം എന്നാണ് കണക്ക്. തമിഴ്‌നാട്ടില്‍ മൊത്തം 50,000ല്‍ പരം എം എസ് എം ഇ (മൈക്രോ, സ്‌മോള്‍, ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്) അഥവാ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ അടച്ചുപൂട്ടി എന്നാണ് എഐഎഡിഎംകെ സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരിക്കുന്ന കണക്ക്.

കോവൈ പവര്‍ ഡ്രൈവന്‍ പമ്പ് ആന്‍ഡ് സ്‌പെയര്‍സ് മാനുഫാക്ച്വറേര്‍സ് അസോസിയേഷന്‍ (കെഒപിഎംഎ) ഇത്തവണ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ പിആര്‍ നടരാജനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട് കോട്ടേജ് ആന്‍ഡ് സ്മാള്‍ സ്‌കേല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് ജെ ജയിംസും അഴിമുഖത്തോട് പറഞ്ഞത് അത് തന്നെ. 18 ശതമാനം ജി എസ് ടി അംഗീകരിക്കാനാവില്ല. ഇത് ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കുന്നതാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വലിയ തോതില്‍ കൂടുന്നു. ജോബ് വര്‍ക്കിന് ജി എസ് ടി ഏര്‍പ്പെടുത്തുന്നു. ജി എസ് ടി ഒരു പ്രശ്‌നവുമുണ്ടാക്കുന്നില്ല എന്നാണ് ബിജെപിക്കാര്‍ ഇപ്പോള്‍ ഇവിടെ വന്ന് പ്രസംഗിക്കുന്നത്. പ്രശ്‌നങ്ങള്‍ അനുഭവിച്ച ഞങ്ങളോടാണ് ഇത് പറയുന്നത്. തങ്ങളുടെ സംഘടനയില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. എന്നാല്‍ നോട്ട് നിരോധനവും ജി എസ് ടിയോടും തങ്ങള്‍ക്കുണ്ടാക്കിയ ദുരിതത്തോടുള്ള പ്രതികരണം ഈ തിരഞ്ഞെടുപ്പിലുണ്ടാകും.

രൂക്ഷമായ ജലക്ഷാമം നേരിടുന്ന കോയമ്പത്തൂര്‍ നഗരത്തിലെ കുടിവെള്ള വിതരണം ഫ്രഞ്ച് കമ്പനിയായ സൂയസിന് 26 വര്‍ഷത്തേയ്ക്ക് നല്‍കാനുള്ള 2961 കോടി രൂപയുടെ പദ്ധതി വിവാദമായിരിക്കുകയാണ്. ഡിഎംകെ മുന്നണി എഐഎഡിഎംകെ സര്‍ക്കാരിനെതിരെ ഇത് പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. എഐഡിഎംകെയും ബിജെപിയും ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഈ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ലോക്‌സഭ തിരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കും എന്ന് പറയാനാകില്ല.

നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം വ്യവസായ നഗരമായ കോയമ്പത്തൂരിനേല്‍പ്പിച്ച ആഘാതം വലുതാണ്. ജിഡി നായിഡുവിന്റെ വാട്ടര്‍ടെക് എന്ന കമ്പനി – പൈപ്പുകളും ടാപ്പുകളും മറ്റും നിര്‍മ്മിക്കുന്നവര്‍, പ്രീകോള്‍ എന്നൊരു കമ്പനി – ഇരുചക്ര വാഹനങ്ങളുടെ മീറ്റര്‍ ബോര്‍ഡുകള്‍ നിര്‍മ്മിച്ചിരുന്ന കമ്പനി, ശാന്തിഗീര്‍ എന്ന ഗിയര്‍ബോക്‌സ് നിര്‍മ്മിച്ചിരുന്ന കമ്പനി, ലക്ഷ്മി മില്‍സ് തുടങ്ങിയവയൊന്നും പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നില്ല. ഉള്ള തൊഴിലാളികളെ തന്നെ പിരിച്ചുവിടുന്നു. കയറ്റുമതി നടക്കുന്നില്ല. ആഭ്യന്തര വിപണിയെ മാത്രം ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ്. ചൈനയില്‍ നിന്നടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്ക്. തിരുപ്പൂരിലെ തുണി വ്യവസായത്തെ ഇതെല്ലാം സാരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ വച്ച് നോക്കിയാല്‍ സാങ്കേതികമായി സിപി രാധാകൃഷ്ണന് അല്‍പ്പം മുന്‍ തൂക്കമുണ്ട്. ബിജെപിയും എഐഎഡിഎംകെയും ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ച തിരഞ്ഞെടുപ്പില്‍ പോലും മൂന്ന് ലക്ഷത്തില്‍ പരം വോട്ടുകള്‍ നേടാന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞു. 3,89,701 വോട്ടുകളാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ സിപി രാധാകൃഷ്ണന്‍ നേടിയത്. വിജയിച്ച എഐഎഡിഎംകെയിലെ പി നാഗരാജന്‍ നേടിയത് 4,31,717. എഐഎഡിഎംകെ 36.69 ശതമാനം വോട്ട് നേടിയപ്പോള്‍ ബിജെപി 33.12 ശതമാനം വോട്ട് നേടി. ഡിഎംകെ മൂന്നാം സ്ഥാനവും കോണ്‍ഗ്രസ് നാലാം സ്ഥാനവും നേടിയപ്പോള്‍ സിപിഎം അഞ്ചാം സ്ഥാനത്തായി. ഡിഎംകെയിലെ കെ ഗണേഷ് കുമാറിന് 2,17,083 വോട്ട് (18.45 ശതമാനം). കോണ്‍ഗ്രസിലെ ആര്‍ പ്രഭുവിന് 56,962 വോട്ട് (4.84 ശതമാനം). സിപിഎമ്മിലെ പിആര്‍ നടരാജന്‍ നേടിയത് 34,197 വോട്ട് മാത്രം (2.91 ശതമാനം). ആര്‍ പ്രഭു മുന്‍ കേന്ദ്ര മന്ത്രിയാണ്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്നു. കോയമ്പത്തൂരിലെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രഭുവിന്റെ ഉടമസ്ഥതയിലുള്ളതാണ്.

പക്ഷെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി. 2019ല്‍ ബിജെപി തരംഗമില്ല. എഐഎഡിഎംകെയെ നയിക്കാന്‍ ജയലളിതയില്ല. പാര്‍ട്ടി പിളര്‍ന്നിരിക്കുന്നു. വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേട്ര കഴഗം (എഎംഎംകെ) പാര്‍ട്ടിയിലേയ്ക്ക് പോയി. നോട്ട് നിരോധനവും ജി എസ് ടിയുമുണ്ടാക്കിയ തകര്‍ച്ചയില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ കടുത്ത രോഷത്തിലാണ്. സംസ്ഥാനത്തുടനീളമുള്ള ബിജെപി വിരുദ്ധ മനോഭാവം മറ്റ് മണ്ഡലങ്ങളുടെ അത്രത്തോളമില്ലെങ്കിലും കോയമ്പത്തൂരിലും പ്രതിഫലിച്ചേക്കാം. ടിടിവി ദിനകരന്റെ പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമായിരിക്കും.

ആറ് നിയമസഭാ മണ്ഡലങ്ങളില്‍ (കോയമ്പത്തൂര്‍ നോര്‍ത്ത്, സൗത്ത്, കൗണ്ടംപാളയം, സുളൂര്‍, സിംഗനല്ലൂര്‍, പല്ലടം) ഒന്നിലൊഴികെ ബാക്കി എല്ലാം എഐഎഡിഎംകെയുടെ കയ്യില്‍. സിംഗനല്ലൂരില്‍ ഡിഎംകെയിലെ എന്‍ കാര്‍ത്തിക് ആണ് എംഎല്‍എ. സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 22 നിയമസഭ മണ്ഡലങ്ങളില്‍ ഒന്നാണ് സുളൂര്‍. എഐഎഡിഎംകെ എംഎല്‍എ ആര്‍ കനകരാജിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ കോണ്‍ഗ്രസിന് ഈ സീറ്റ് ഡിഎംകെ കൊടുത്തില്ല. പൊങ്കല്ലൂര്‍ പളനിസ്വാമി എന്ന മുന്‍ മന്ത്രിയാണ് ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി.

കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2010ല്‍ ‘സെമ്മൊഴി മാനാട്’ എന്ന പേരില്‍ ലോക തമിഴ് സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഗാന്ധിപുരം ഫ്‌ളൈ ഓവര്‍ അടക്കം ആ സമയത്താണ് പ്രഖ്യാപിച്ചത്. എന്നാല്‍ കരുണാനിധി വിഭാവനം ചെയ്ത തരത്തിലൊന്നും പദ്ധതി നടപ്പായില്ല. ചെറിയ പാലം മാത്രമാണ് പിന്നീടുണ്ടായത്. എഐഎഡിഎംകെയുടെ ശക്തികേന്ദ്രങ്ങളായ കൊങ്കുനാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമ്മൊഴി മാനാട് അടക്കമുള്ളവ കോയമ്പത്തൂരില്‍ സംഘടിപ്പിച്ചത്. എന്നാല്‍ 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കൊങ്കുനാട് ജയലളിതയുടെ എഐഎഡിഎംകെ തൂത്തുവാരി. 2016ല്‍ ഒരു സീറ്റ് – സിംഗനല്ലൂര്‍ മാത്രം ഡിഎംകെയ്ക്ക് കിട്ടി. കൊങ്കുനാട്ടില്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ 2016ല്‍ ഭരണം ഡിഎംകെയ്ക്ക് കിട്ടിയേനെ എന്ന് വിലയിരുത്തുന്നവരുണ്ട്. സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പൊള്ളാച്ചി, ഗോപിച്ചെട്ടിപ്പാളയം, ഊട്ടി മേഖലകളിലൊന്നും ഡിഎംകെയ്ക്ക് കാര്യമായി സീറ്റൊന്നും കിട്ടിയില്ല. ഇത്തവണ പക്ഷെ ദിനകരന്‍ എഐഎഡിഎംകെയ്ക്ക് തലവേദനയാണ്. ദിനകരന്‍ വരുന്നിടത്തെല്ലാം വലിയ ആള്‍ക്കൂട്ടമാണ്. വലിയ തോതില്‍ പണം ചിലവഴിക്കുന്നു. എഐഎഡിഎംകെ ചിലഴിക്കുന്നതിനേക്കാള്‍ പണം ദിനകരന്‍ ചിലവാക്കുന്നു.

കൊങ്കുനാട് മേഖലയില്‍ ദിനകരന്‍ ഫാക്ടര്‍ എത്രത്തോളമുണ്ട് എന്ന കാര്യത്തില്‍ ദിനകരന്‍ അടക്കമുള്ളവര്‍ക്ക് ഇതുവരെ ധാരണയില്ല എന്നാണ് മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ സുധീന്ദ്ര കുമാര്‍ അഭിപ്രായപ്പെട്ടത്. ജയലളിത ഇല്ല എന്നല്ലാതെ എഐഎഡിഎംകെ സര്‍ക്കാരിനെതിരെ പ്രത്യക്ഷത്തില്‍ വലിയ വിരുദ്ധ വികാരങ്ങളില്ല. ജയലളിതയില്ലാത്തതുകൊണ്ട് എഐഎഡിഎംകെയ്ക്ക് വോട്ട് ചെയ്യേണ്ടതില്ല എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അവര്‍ വലിയാരു ഭാഗമാണ് എന്ന് തോന്നുന്നില്ല. ഇവിടെ ജയലളിത ഇല്ലാത്തത് പോലെ അപ്പുറത്ത് കരുണാനിധിയുമില്ല. എഐഎഡിഎംകെ, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പാവയായി പ്രവര്‍ത്തിക്കുന്നു എന്ന ഡിഎംകെ പ്രചാരണം ജനങ്ങള്‍ എത്രത്തോളം സ്വീകരിച്ചിട്ടുണ്ട് എന്ന ചോദ്യമുണ്ട്. അതേസമയം ബിജെപിയ്‌ക്കൊപ്പം കൂടിയതിനാല്‍ ന്യൂനപക്ഷ പിന്തുണ ഇല്ലാതാകും എന്ന ആശങ്ക എഐഎഡിഎംകെയ്ക്കുണ്ട്. ചെറിയൊരു മുന്‍തൂക്കം നിലവില്‍ ഡിഎംകെയ്ക്കുണ്ട്. കമല്‍ഹാസന്റെ പാര്‍ട്ടി വലിയ നേട്ടമുണ്ടാക്കും എന്ന് തോന്നുന്നില്ല.

ജി എസ് ടി വലിയൊരു പ്രശ്‌നമാകുമെന്നും സുധീന്ദ്ര കുമാര്‍ കരുതുന്നില്ല. പക്ഷെ നോട്ട് നിരോധനവും ജി എസ് ടിയും നടപ്പാക്കിയ സമയത്തുണ്ടാക്കിയ ആഘാതം കുറേപേര്‍ക്കുണ്ട്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പില്‍ ബിജെപിയേയും എഐഎഡിഎംകെയേയും മറിച്ചിടാന്‍ മാത്രമുള്ള വലിയ സ്വാധീനം ചെലുത്തുമോ എന്നത് സംശയമാണ്. തമിഴ് തൊഴിലാളികള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായിരുന്ന പഴയ സ്വാധീനം മില്ലുകള്‍ അടച്ചുപൂട്ടിയതോടെ ഇല്ലാതായിട്ടുണ്ട്. അതേസമയം രണ്ട് തവണ നേരത്തെ ജയിച്ചിട്ടുള്ള സിപി രാധാകൃഷ്ണനെതിരെ വ്യാപകമായി ഉണ്ടായിരുന്ന പരാതി മണ്ഡലം തിരിഞ്ഞുനോക്കില്ല എന്നായിരുന്നു. രണ്ടാമത്തെ തവണ ഭൂരിപക്ഷം കാര്യമായി കുറഞ്ഞിരുന്നു.

ചെന്നൈ അടക്കമുള്ള പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ മാത്രമേ ദിനകരന്റെ പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമുള്ളൂ എന്നെല്ലാം കരുതപ്പെടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെക്കാളും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തേക്കാളും കാര്യപ്രാപ്തിയുള്ള നേതാവായി പരമ്പരാഗത അണ്ണാ ഡിഎംകെ അനുകൂലികള്‍ കാണുന്നത് ടിടിവി ദിനകരനെയാണ്. ടിടിവി ദിനകരന്റെ പാര്‍ട്ടിയുടെ ഭാവി എന്തായിരിക്കും എന്ന സൂചന ഈ തിരഞ്ഞെടുപ്പ് നല്‍കും. സര്‍ക്കാര്‍ തന്റെ പ്രചാരണം തടയാന്‍ ശ്രമിക്കുന്നു എന്നാണ് ദിനകരന്റെ പരാതി. ആം ആദ്മി പാര്‍ട്ടിയെ പോലെ നഗര മധ്യവര്‍ഗത്തിന്റെ പാര്‍ട്ടി എന്ന പ്രതിച്ഛായ വിട്ടൊഴിയാത്ത കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം ആരുടെ വോട്ട് ബാങ്കിനാണ് ഭീഷണിയാവുക എന്നതും മേയ് 23 വരെ കാത്തിരുന്ന് കാണേണ്ടി വരും.

നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും വിജയിക്കാന്‍ കഴിയുമെന്ന് ഡിഎംകെ മുന്നണി അവകാശപ്പെടുന്നു. നിലവില്‍ ഡിഎംകെയുടെ 89 സീറ്റ് അടക്കം പ്രതിപക്ഷത്ത് 98 സീറ്റാണുള്ളത്. 234 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റ്. 22ല്‍ 20ഉം ഡിഎംകെ മുന്നണി നേടിയാല്‍ സര്‍ക്കാര്‍ വീഴുമെന്നര്‍ത്ഥം. ഇത്തരത്തിലൊരു തരംഗമുണ്ടെങ്കില്‍ അത് എഐഎഡിഎംകെയ്ക്ക് സ്വാഭാവികമായും ലോക്‌സഭ തിരഞ്ഞെടുപ്പിലും ഭീഷണിയാകും. 2014ല്‍ എഐഎഡിഎംകെ 37 സീറ്റും ബിജെപിയും സഖ്യകക്ഷിയായിരുന്ന പിഎംകെയും ഓരോ സീറ്റ് വീതവുമാണ് നേടിയത്. ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും ഒരു സീറ്റ് പോലും കിട്ടിയിരുന്നില്ല. ഇത്തരമൊരു വന്‍ വിജയമൊന്നും ഡിഎംകെ മുന്നണി ഇത്തവണ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് സംശയമാണ്. എന്നാലും മികച്ച വിജയം അവര്‍ പ്രതീക്ഷിക്കുന്നു.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍