UPDATES

വാര്‍ത്തകള്‍

ഒഡീഷയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ യുവതിയെ മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്നു

ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തിയിതിന് ശേഷം വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

മാവോയിസ്റ്റ് ആക്രമണത്തില്‍ ഒഡീഷയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. കന്ദമാലില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. പോളിങ്ങ് ബൂത്തിലേക്ക് പോകുന്ന വഴി സഞ്ജുക്ത ഡീഗല്‍ എന്ന സെക്ടര്‍ ഓഫീസര്‍ കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തിയിതിന് ശേഷം വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഗോഞ്ചപ്പട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ബലന്ദപ്പ ഗ്രാമത്തിന് സമീപമുള്ള പാതയില്‍വച്ചാണ് ആക്രണമുണ്ടായത്. വേടിയേറ്റാണ് സഞ്ജുക്ത കൊല്ലപ്പെട്ടതെന്നാണ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

മറ്റ് ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നും എന്നാല്‍ ഇവിഎം മെഷ്യനുകള്‍ക്കും മറ്റ് പോളിംഗ് സാമഗ്രഹികള്‍ക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പോലീസ് പറയുന്നു. ഫിരിങ്കിയ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഒരു ഗ്രാമത്തിലെ ബൂത്തിലേക്ക് പോയ പോളിംഗ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേയും മാവോയിസ്റ്റ് ആക്രണമുണ്ടായി.

സംഭവത്തെ തുടര്‍ന്ന് ഇലക്ഷന്‍ കമ്മിഷന്‍ പോളിംഗ് സമയം കുറച്ചിട്ടുണ്ട്. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുമണി വരെയായിരിക്കും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന കന്ദമാല്‍ ജില്ലയിലെ പോളിംഗ്. നാല് ഘട്ടമായിട്ടാണ് ഒഡീഷയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഏപ്രില്‍ ഒന്നിന് കഴിഞ്ഞിരുന്നു. രണ്ടാം ഘട്ടം ഇന്ന് നടക്കാനായിരിക്കുകയാണ്. ഏപ്രില്‍ 23നും 29നും ഒഡിഷയില്‍ വോട്ടെടുപ്പുണ്ട്.

പോലീസ് കാലഹന്ദി-കന്ദമാല്‍- ബൗദ്ധ- നയാഹ്ര ഡിവിഷനില്‍ സിപിഐ (മാവോയിസ്റ്റ്) വിഭാഗമാണ് ആക്രമണം നടത്തിയെന്ന് പോലീസ് സംശയിക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പോസ്റ്ററുകളും ബാനറുകളും കന്ദമാല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പതിച്ചിരുന്നു.

അതേസമയം ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനറല്‍ ഒബ്സര്‍വര്‍ ആയി നിയോഗിച്ചിരുന്ന മുഹമ്മദ് മുഹസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഒഡീഷയിലെ സംബാല്‍പൂരിലാണ് സംഭവം. എസ് പി ജി സംരക്ഷണമുള്ളവരോട് പെരുമാറേണ്ട രീതി സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ ലംഘിച്ചു എന്ന് പറഞ്ഞാണ് നടപടി. എസ് പി ജി സംരക്ഷണമുള്ളവരെ ഇത്തരത്തില്‍ പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പരിശോധന കാരണം പ്രധാനമന്ത്രിയുടെ യാത്ര 15 മിനുട്ട് വൈകി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍