UPDATES

വിശകലനം

തുടച്ചുനീക്കപ്പെട്ട് സിപിഎം; ബംഗാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് എംപിമാരില്ലാത്ത ആദ്യ ലോക്‌സഭ

ഇന്ത്യയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ബംഗാളില്‍ നിന്ന് ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളും ജയിക്കാത്തത്.

ബിജെപി വന്‍ മുന്നേറ്റമുണ്ടായ പശ്ചിമ ബംഗാളില്‍ തുടച്ചുനീക്കപ്പെട്ട് സിപിഎം. കഴിഞ്ഞ ലോക്‌സഭയില്‍ രണ്ട് എംപിമാരുണ്ടായിരുന്നു ബംഗാളില്‍ നിന്ന് സിപിഎമ്മിന്. റായ്ഗഞ്ചില്‍ മുഹമ്മദ് സലീമും മുര്‍ഷിദാബാദില്‍ ബദറുദ്ദോസ ഖാനും. എന്നാല്‍ ഇവരടക്കം സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ബംഗാളില്‍ നിന്ന് ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളും ജയിക്കാത്തത്.

1951-52ലെ ഒന്നാം ലോക്‌സഭ മുതല്‍ എല്ലാ സഭകളിലും ബംഗാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പ്രാതിനിധ്യമുണ്ടായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം നടന്ന ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ (1967) ബംഗാളില്‍ നിന്നുള്ള സിപിഎം എംപിമാരില്ലാത്ത ലോക്‌സഭയുണ്ടായിട്ടില്ല. 1977ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടാതെ തകര്‍ന്നപ്പോള്‍ ബംഗാളില്‍ 20 സീറ്റാണ്
സിപിഎം നേടിയത്. അതേ വര്‍ഷം ജൂണില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സംസ്ഥാനത്ത് അധികാരത്തിലെത്തുകയും ചെയ്തു. 1984ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം ഒരു സീറ്റ് മാത്രമാണ് നേടിയത്. ബംഗാളില്‍ അത്തവണ 18 സീറ്റ് നേടി. സിപിഐയ്ക്കും ആര്‍എസ്പിയ്ക്കും മൂന്ന് സീറ്റ് വീതവും ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റുമടക്കം 42ല്‍ 25 സീറ്റ് ആ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടിയിരുന്നു. 34 വര്‍ഷത്തെ ഭരണം 2011ലാണ് അവസാനിച്ചത് എങ്കിലും 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് സിപിഎമ്മിന് ആദ്യമായി വലി തിരിച്ചടിയുണ്ട്ായത്. കോണ്‍ഗ്രസുമായുള്ള ധാരണാശ്രമങ്ങള്‍, പരസ്പരം മത്സരിക്കരുത് എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പരാജയപ്പെട്ടു. കഴിഞ്ഞ തവണ നാല് സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ ഒരിടത്ത് ലീഡ് ചെയ്യുന്നുണ്ട്.

ബംഗാളില്‍ നിന്നുള്ള എംപിമാര്‍ – ജ്യോതിര്‍മൊയ് ബസുവിനേയും സോമനാഥ് ചാറ്റര്‍ജിയേയും പോലുള്ള മികച്ച പാര്‍ലമെന്റേറിയന്മാര്‍ ലോക്‌സഭയില്‍ സിപിഎമ്മിനെ നയിച്ചിരുന്നു. ബസുദേബ് ആചാര്യ സിപിഎമ്മിന്റെ ലോക്‌സഭ നേതാവായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പേര് നിര്‍ദ്ദേശിക്കപ്പെട്ട ഒരേയൊരു കമ്മ്യൂണിസ്റ്റ് നേതാവ് 23 വര്‍ഷം ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവാണ്. ബംഗാളില്‍ നിന്നുള്ള സിപിഐ നേതാവ് ഇന്ദ്രജിത്ത് ഗുപ്ത 1996 മുതല്‍ 98 വരെ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്നു.

കഴിഞ്ഞ തവണ 17 ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് 40 ശതമാനമായി ഉയര്‍ന്നതില്‍ സിപിഎമ്മില്‍ നിന്നുള്ള വോട്ട് ചോര്‍ച്ചയും വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍. 29 ശതമാനം വോട്ടുണ്ടായിരുന്ന സിപിഎമ്മിന്റെ വോട്ട് വിഹിതം കുത്തനെ ഇടിഞ്ഞു. തൃണമൂലിന് ബദല്‍ ഇനി ബിജെപി എന്ന് ബംഗാളികള്‍ തീരുമാനിച്ചിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബിജെപിയെ പിന്തുണക്കുന്നത് തീക്കളിയായിരിക്കുമെന്നും അതൊരിക്കലും ചെയ്യരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ഉപദേശിച്ചിരുന്നു. എന്നാല്‍ അപ്പോളേക്കും വൈകിയിരുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ വ്യക്തമായ പദ്ധതിയോടെ ആര്‍എസ്എസും ബിജെപിയും ലക്ഷ്യം വയ്ക്കുന്ന ബംഗാളില്‍ അവര്‍ 18 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ 34 സീറ്റുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് 23 സീറ്റില്‍ മാത്രമാണ് മുന്നില്‍. കഴിഞ്ഞ തവണ ബിജെപി നേടിയത് വെറും രണ്ട് സീറ്റ്.

കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പതിനായിരങ്ങള്‍ അണിനിരന്ന വന്‍ റാലിയും നന്ദി ഗ്രാമില്‍ 2008ന് ശേഷം പാര്‍ട്ടി ഓഫീസ് തുറന്നതുമെല്ലാം തങ്ങളുടെ തിരിച്ചുവരവിന്റെ സൂചനയായി സിപിഎം അവകാശപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇതൊന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നില്ല. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സംഘടനാ സംവിധാനമാണ് ബംഗാളില്‍ സിപിഎമ്മിന്റേത് എന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഒരു സീറ്റ് പോലുമില്ലാതിരുന്ന ബിജെപി സിപിഎമ്മിനെ അപ്രസക്തമാക്കി ത്രിപുരയില്‍ അധികാരം പിടിച്ചത് കഴിഞ്ഞ വര്‍ഷമാണ്. വ്യക്തമായ വര്‍ഗീയ ധ്രുവീകരണ പദ്ധതിയിലൂടെയും പ്രചാരണത്തിലൂടെയും തന്നെയാണ് പതുക്കെപതുക്കെ ബിജെപി ബംഗാള്‍ പിടിച്ചുകൊണ്ടിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം 2021ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും ശക്തമായി എതിര്‍ത്തിരുന്ന പ്രതിപക്ഷ കക്ഷി നേതാവായ മമത ബാനര്‍ജിയുടെ സര്‍ക്കാരിനെതിരെ രണ്ടാം മോദി സര്‍ക്കാരിന്റെ പ്രതികാര നടപടികളും സംഘട്ടനങ്ങളും വലിയ തോതില്‍ നടന്നേക്കാം. മുഖ്യപ്രതിപക്ഷ പാര്‍ട്ടി എന്ന പദവി 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് നഷ്ടമായിരുന്നു. 44 സീറ്റുകളുള്ള കോണ്‍ഗ്രസ് ആണ് നിലവില്‍ ബംഗാള്‍ നിയമസഭയിലെ മുഖ്യ പ്രതിപക്ഷം. സിപിഎമ്മിന് 32 സീറ്റാണുള്ളത്.

ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയമൊരുക്കിയ പ്രചാരണ തന്ത്രങ്ങളൊരുക്കിയ ആര്‍എസ്എസ് നേതാവ് സുനില്‍ ദേവ്ധര്‍ തന്നെയാണ് അവരുടെ മിഷന്‍ ബംഗാളിലും പ്രധാന പങ്ക് വഹിക്കുന്നത്. നേതാവില്ലാത്തത് സംബന്ധിച്ച് അധികാരത്തിലെത്താന്‍ ഒരു പ്രശ്‌നമേ അല്ല എന്ന് ത്രിപുരയില്‍ ബിജെപി തെളിയിച്ചിരുന്നു. മണിക് സര്‍ക്കാര്‍ എന്ന ജനകീയ നേതാവിന്റെ സ്ഥാനത്ത് ബിപ്ലബ് ദേബ് എന്ന അറിയപ്പെടാത്ത നേതാവിനെ പ്രതിഷ്ഠിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ബംഗാളിലും ബിജെപിക്ക് അധികാരം നേടാന്‍ കഴിഞ്ഞാല്‍ നേതൃ പ്രതിസന്ധിയുണ്ടാകില്ല. ബംഗാളി മധ്യവര്‍ഗത്തിന്റെ പിന്തുണ വലിയ തോതില്‍ ബിജെപിക്ക് ലഭിക്കുന്നു എന്നാണ് ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ കോണ്‍ഗ്രസ് ഭരണ കാലത്തെ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തി
അത് വോട്ടാക്കി അധികാരത്തിലെത്താന്‍ ശക്തമായ സംഘടനാ സംവിധാനവും തൊഴിലാളി, കര്‍ഷക ജനവിഭാഗങ്ങളുടെ പിന്തുണയുമുണ്ടായിരുന്ന സിപിഎമ്മിന് കഴിഞ്ഞു. ഭൂപരിഷ്‌കരണമടക്കമുള്ള ജനകീയ നടപടികളിലൂടെ മുന്നോട്ട് പോയ സിപിഎം ഭരണം 34 വര്‍ഷം നീണ്ടു. സിപിഎം കാലത്തെ അതിക്രമങ്ങളെ വോട്ടാക്കി അധികാരത്തില്‍ മമത ബാനര്‍ജിക്ക് കഴിഞ്ഞു. അതേസമയം മമതയുടെ കാലത്തെ അതിക്രമങ്ങളും ജനാധിപത്യ വിരുദ്ധ നടപടികളും സിപിഎമ്മിനല്ല, ബിജെപിക്കാണ് ബംഗാളില്‍ വളമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍