UPDATES

ട്രെന്‍ഡിങ്ങ്

50% വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യം; ഐഎസ്ഐ റിപ്പോർട്ട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ

നിലവിൽ ഒരു അസംബ്ലി മണ്ഡലത്തിലെ ഒരു പോളിങ് സ്റ്റേഷനിൽ മാത്രമാണ് വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ വോട്ടിങ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കുക.

2019 പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ എത്ര വിവിപാറ്റ് (Voter Verifiable Paper Audit Trail) മെഷീനുകളിലെ സ്ലിപ്പുകൾ വോട്ടിങ് മെഷീൻ വോട്ടുകൾ എണ്ണുന്നതിനൊപ്പം എണ്ണുമെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെ കമ്മീഷൻ ഏൽപ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പു തന്നെ ഈ റിപ്പോർട്ട് സമർപ്പിക്കപ്പെടുമെന്നാണ് കമ്മീഷൻ പറയുന്നത്.

വോട്ടിങ് മെഷീൻ കൃത്രിമം വ്യാപകമായി ചർച്ചയാകുകയും വലിയോതിലുള്ള വിശ്വാസ്യതാ സംബന്ധിയായ പ്രശ്നം ഉയർന്നുവരികയും ചെയ്ത സാഹചര്യത്തില്‍ പ്രതിപക്ഷമൊന്നാകെ ആവശ്യപ്പെട്ടതിനാലാണ് എല്ലാ വോട്ടിങ് മെഷീനുകൾക്കുമൊപ്പം വിവിപാറ്റ് മെഷീനുകൾ കൂടി എത്തിയിരിക്കുന്നത്. എന്നാൽ ഇവയെല്ലാം എണ്ണുകയില്ല എന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ ആവശ്യം ആകെ വിവിപാറ്റുകളിൽ പകുതിയും വോട്ടിങ് മെഷീൻ വോട്ടുകൾക്കൊപ്പം എണ്ണി ഫലപ്രഖ്യാപനത്തിനു മുമ്പായി ഒത്തുനോക്കണമെന്നാണ്.

നിലവിൽ ഒരു അസംബ്ലി മണ്ഡലത്തിലെ ഒരു പോളിങ് സ്റ്റേഷനിൽ മാത്രമാണ് വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ വോട്ടിങ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കുക. എന്നാൽ ഇത് പോരെന്നാണ് പ്രതിപക്ഷവും വോട്ടിങ് മെഷീന്റെ പ്രവർത്തനത്തിൽ സംശയമാരോപിക്കുന്നവരും ആവശ്യപ്പെടുന്നത്. ഇതേ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന കാര്യം കമ്മീഷൻ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. കമ്മീഷൻ തീരുമാനം ഇതിനെക്കൂടി ആശ്രയിച്ചിരിക്കും. ഈ വിധിയിൽ പറയുന്നതു പ്രകാരം വോട്ടെണ്ണൽ നടത്തേണ്ടതായി വരും.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഈ പ്രശ്നം തങ്ങൾ ചർച്ച ചെയ്യുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വൃത്തങ്ങൾ പറയുന്നു. ഈ ചർച്ചയ്ക്കു ശേഷം എന്ത് നിലപാടെടുക്കണമെന്നതിൽ തീരുമാനം വരും.

രാജ്യത്ത് ആകെ 10 ലക്ഷം പോളിങ് ബൂത്തുകളാണുള്ളത്. മൊത്തം 90 കോടി വോട്ടർമാരുമുണ്ട്. ആകെ വോട്ടർമാരിൽ 8.4 കോടി പേർ ആദ്യമായി വോട്ട് ചെയ്യുന്നവവരാണ്.

2014 ലോകസഭാ തെരഞ്ഞെടുപ്പിലും പിന്നീട് വന്ന ചില അസംബ്ലി തെരഞ്ഞെടുപ്പുകളിലും വൻതോതിലുള്ള വോട്ടിങ് മെഷീൻ ഹാക്കിങ് നടന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തിയിരുന്നു. ആംആദ്മി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഈ വിഷയം ഗൗരവമായി ഉന്നയിക്കുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍