UPDATES

വാര്‍ത്തകള്‍

ഇനി അവശേഷിക്കുന്നത് വെറും 169 സീറ്റുകള്‍; മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലുള്ളത് അഞ്ചു പരാതികള്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നും യോഗം ചേരുമെന്നാണ് സൂചനകള്‍

പ്രധാനമന്ത്രി വിവാദ പരാമര്‍ശം നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആദ്യ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചത് ഒരു മാസത്തിനു ശേഷം. അതും തെരഞ്ഞെടുപ്പിന്റെ നാലു ഘട്ടങ്ങള്‍ അവസാനിക്കുകയും ആകെയുള്ള 542 സീറ്റുകളില്‍ 373 സീറ്റുകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുകയും ചെയ്തശേഷവും.

ഏപ്രില്‍ ഒന്നിനായിരുന്നു മഹാരാഷ്ട്രയിലെ വാര്‍ധയില്‍ വച്ചുള്ള മോദിയുടെ ആദ്യ വിവാദ  പ്രസംഗം നടന്നത്. അമേത്തിക്കു പുറമെ വയനാട്ടില്‍ കൂടി മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. സംഝോത സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ടതിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുക്കളില്‍ ഭീകരര്‍ ഉണ്ടാകില്ലെന്നും കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുത്വ ഭീകരത എന്ന് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഭൂരിപക്ഷ ഹിന്ദുക്കളുടെ ക്രോധം താങ്ങാനാകാതെയാണ് ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായ വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധി കടന്നു കളഞ്ഞത് എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഈ പ്രസംഗം പുറത്തുവന്നയുടന്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും മോദിക്കെതിരെ കമ്മീഷന്‍ സ്വമേധയാ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ഈ പരാതിയാണ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നുവെന്നും ഏപ്രില്‍ ആറിന് ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് മോദി പെരുമാറ്റച്ചട്ടമൊന്നും ലംഘിച്ചിട്ടില്ല എന്നുമായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 123 (3എ), 125 എന്നിവ ലംഘിച്ചിട്ടില്ല എന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. മതം, ജാതി, വംശം, സമുദായം, ഭാഷാ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളില്‍ പെട്ട പൗരന്മാര്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥി പരാമര്‍ശം നടത്താന്‍ പാടില്ല എന്നാണ് 123 (3എ) പറയുന്നത്. ഇത് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും അല്ലെങ്കില്‍ രണ്ടും എന്നാണ് ചട്ടം 125 പറയുന്നത്. മോദിയുടെ വയനാട് പരാമര്‍ശത്തില്‍ ഇതൊന്നും ലംഘിച്ചിട്ടില്ല എന്ന് കമ്മീഷന്‍ ഇന്നലെ വ്യക്തമാക്കി.

Also Read: വർഗീയ പരാമർശം: മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുദ്ധിപത്രം, അസംഖാന് 48 മണിക്കൂർ വിലക്ക്

ഇതിനു പുറമെ നാലു പരാതികള്‍ കോണ്‍ഗ്രസിന്റേതായും ഒരെണ്ണം സിപിഎമ്മിന്റേതായും കമ്മീഷന്റെ മുമ്പാകെ ഇപ്പോഴുമുണ്ട്. ഏപ്രില്‍ ആറിന് മഹാരാഷ്ട്രയിലെ നന്ദേഡില്‍ നടത്തിയ പ്രസംഗത്തിലും വയനാട് മണ്ഡലം രാജ്യത്തെ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായ സ്ഥലം എന്ന പരാമര്‍ശം മോദി ആവര്‍ത്തിച്ചിരുന്നു. ഏപ്രില്‍ ഒമ്പതിനായിരുന്നു അടുത്ത വിവാദ പരാമര്‍ശം. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബലാക്കോട്ട് ആക്രമണം നടത്തിയ സൈനികര്‍ക്കും ആദ്യമായി വോട്ടു ചെയ്യുന്നവരുടെ സമ്മതിദാനാവകാശം അഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഒസ്മാനാബാദ് ജില്ല മജിസ്‌ട്രേറ്റ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്നാണ് അറിയുന്നത്. കാരണം, ഏതെങ്കിലും വിധത്തില്‍ രാജ്യത്തെ സൈനിക വിഭാഗങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍തഥികളും അകലം പാലിക്കണം എന്ന് രണ്ടു തവണ കമ്മീഷന്‍ രേഖാമൂലം തന്നെ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഏപ്രില്‍ 21-ന് ഗുജറാത്തിലെ പത്താനില്‍ നടത്തിയ പ്രസംഗത്തില്‍ മോദി വീണ്ടും സൈന്യത്തെ പരാമര്‍ശിച്ചു. അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടു തന്നില്ലെങ്കില്‍ കൂട്ടക്കൊലയുടെ രാത്രിയായിരിക്കും ഉണ്ടാവാന്‍ പോവുക എന്ന് താന്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നായിരുന്നു പ്രസ്താവന. അന്നേ ദിവസം, രാജസ്ഥാനിലെ അതിര്‍ത്തി ജില്ലയായ ബാര്‍മറില്‍ സംഘടിപ്പിച്ച യോഗത്തില്‍ ആണവായുധം പരാമര്‍ശിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ദീപാവലിക്ക് പൊട്ടിക്കാന്‍ വച്ചിരിക്കുന്നതല്ല ഇന്ത്യയുടെ ആണവായുധം എന്ന് പാക്കിസ്ഥാന്‍ മനസിലാക്കണം എന്നായിരുന്നു പ്രസ്താവന. ഈ പ്രസ്താവനകളെ കുറിച്ചുള്ള പരാതികളെല്ലാം ഇപ്പോഴും കമ്മീഷന്റെ മുമ്പാകെ തന്നെയുണ്ട്.

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി ഇന്നലെ, പരാതികളില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് വന്നത്. മോദിക്ക് പുറമെ സമാനമായ വിധത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിവാദ പ്രസ്താവനകളെ കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷന് പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയൊന്നും ഇതുവരെ പരിഗണിച്ചിട്ടില്ല. അതേ സമയം, എസ്.പി നേതാവ് അസം ഖാന് രണ്ടു തവണ പ്രചരണ വിലക്ക് ഏര്‍പ്പെടുത്തി. ബിജെപി നേതാക്കളായ യോഗി ആദിത്യനാഥ്, മനേകാ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി എന്നീ പ്രമുഖര്‍ക്കും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏര്‍പ്പെടുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ബിഹാറിലെ ബേഗുസരായില്‍ മത്സരിച്ച കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗിനെതിരെയുള്ള പരാതിയില്‍ കമ്മീഷന്‍ നടപടി എടുത്തത് അവിടെ വോട്ടെടുപ്പ് അവസാനിച്ചു കഴിഞ്ഞ ശേഷമായിരുന്നു. സമാനമായ വിധത്തില്‍ ഇന്നലെ ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ ജിത്തുഭായി വഘാനിയെ മെയ് രണ്ടു മുതല്‍ മൂന്നു ദിവസത്തേക്ക് രാജ്യത്തെവിടെയും പ്രചരണം നടത്തുന്നതില്‍ നിന്ന് ഇന്നലെ വിലക്കിയിട്ടുണ്ട്. ഏപ്രില്‍ ഏഴിന് അസഭ്യവര്‍ഷം നടത്തിയെന്ന പരാതിയില്‍ നടപടി വന്നത് ഇന്നലെയാണ്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23-ന് അവസാനിക്കുകയും ചെയ്തിരുന്നു.

അതോടൊപ്പം, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം തുടര്‍ച്ചയായുണ്ടാകുന്ന ഘട്ടത്തിലും മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ തയാറാകുന്നില്ല എന്ന പരാതി പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ഒഴികെ തെരഞ്ഞെടുപ്പ് നടക്കുന്ന 542 മണ്ഡലങ്ങളില്‍ 373 സീറ്റുകളിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്നതാകട്ടെ, വെറും 169 സീറ്റുകള്‍ മാത്രമാണ്. ഇനിയുള്ള 18 ദിവസങ്ങള്‍ക്കുള്ളില്‍ എത്ര പരാതികളില്‍ കമ്മീഷന്‍ തീര്‍പ്പു കല്‍പ്പിക്കുമെന്നത് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലെങ്കിലും പെരുമാറ്റ ചട്ടലംഘന വിഷയങ്ങളില്‍ നടപടിയുണ്ടാവുമോ എന്നും പ്രതിപക്ഷം ചോദിക്കുന്നു. നിലവില്‍ ക്ലീന്‍ ചിറ്റ് ലഭിച്ച സാഹചര്യത്തില്‍ ഇനി നടക്കാനിരിക്കുന്ന 169 സീറ്റുകളിലേക്കുള്ള മോദിയുടേയും അമിത് ഷായുടേയും പ്രചരണം ഏതുവിധത്തിലായിരിക്കും എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറ്റു നോക്കുന്നുണ്ട്. കാരണം, ബിജെപിക്ക് വളരെ നിര്‍ണായകമായ സീറ്റുകളാണ് ഇനിയുള്ളവ. 169 സീറ്റുകളില്‍ 118 സീറ്റുകളും ബിജെപി 2014-ല്‍ നേടിയിരുന്നു. ഭരണം നിലനിര്‍ത്തണമെങ്കില്‍ ഈ സീറ്റുകളും നിലനിര്‍ത്തണം എന്നതാണ് ബിജെപിയെ സംബന്ധിച്ചുള്ള സാഹചര്യം. ഇതില്‍ തന്നെ കഴിഞ്ഞ തവണ ബിജെപിക്ക് 36-ഉം സഖ്യകക്ഷിയായ അപ്നാദളിന് രണ്ടും സീറ്റുകള്‍ ലഭിച്ച 41 സീറ്റുകള്‍ യുപിയിലും ബിജെപിക്ക് 17-ഉം സഖ്യകക്ഷി എല്‍ജെപിക്ക് രണ്ടും സീറ്റുകള്‍ ലഭിച്ച 23 സീറ്റുകള്‍ ബിഹാറിലും ബാക്കിയുണ്ട്. മധ്യപ്രദേശില്‍ ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള 23 സീറ്റുകളില്‍ 22-ഉം രാജസ്ഥാനിലെ 12-ല്‍ 12-ഉം ഝാര്‍ഖണ്ഡിലെ 11-ല്‍ ഒമ്പതും ഹരിയാനയിലെ പത്തില്‍ ഏഴും ഡല്‍ഹിയിലെ ഏഴില്‍ ഏഴും കഴിഞ്ഞ തവണ വിജയിച്ചത് ബിജെപിയാണ്. മോദി മത്സരിക്കുന്ന കിഴക്കന്‍ യുപിയിലെ വരാണസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്രത്തോളം ഫലവത്തായി പ്രവര്‍ത്തിക്കും എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളും ഉറ്റുനോക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നും യോഗം ചേരുമെന്നാണ് സൂചനകള്‍. നിലവില്‍ ലഭിച്ചിട്ടുള്ള പരാതികള്‍ ഉടന്‍ തീര്‍പ്പാക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു. മേയ് രണ്ടിന് കോണ്‍ഗ്രസിന്റെ പരാതി സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പെരുമാറ്റ ചട്ട ലംഘനത്തില്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ല എന്ന പരാതിയില്‍ ഇന്നലെ സുപ്രീം കോടതി കമ്മീഷന്റെ പ്രതികരണം ആരാഞ്ഞിരുന്നു. ഇതില്‍ രാഹുല്‍ ഗാന്ധിക്കെതിരായ പരാതികളും കമ്മീഷന് മുമ്പാകെയുണ്ട്‌. മോദിയെ നിരന്തരമായി കള്ളന്‍ എന്നാക്ഷേപിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നല്‍കിയിട്ടുള്ളത്. സുപ്രീം കോടതി വരെ മോദി കള്ളനാണ് എന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്ന തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയതിന് ഇന്നലെ സുപ്രീം കോടതി രാഹുലിനെതിരെ രംഗത്ത് വന്നിട്ടുള്ള സാഹചര്യത്തില്‍ കമ്മീഷന്‍ എന്തു നിലപാട് എടുക്കും എന്നത് പ്രസക്തമാണ്‌. ആഴ്ചയില്‍ രണ്ടുവട്ടം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനറും മറ്റു രണ്ടു കമ്മീഷണര്‍മാരും യോഗം ചേര്‍ന്ന് പെരുമാറ്റ ചട്ട ലംഘനം ഉള്‍പ്പെടെയുള്ള കേസുകളില്‍ തീരുമാനം എടുക്കണം എന്നതാണ് വ്യവസ്ഥ. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ശേഷം ഇന്നലെ മാത്രമാണ് കമ്മീഷന്‍ യോഗം ചേര്‍ന്നത്. ഇതിനിടയില്‍ ആറു തവണ യോഗം ചേരേണ്ടിയിരുന്നുവെങ്കിലും അതുണ്ടായില്ല എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍