UPDATES

2019ൽ ഇതുവരെ വിറ്റത് 1,716.05 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ; കഴിഞ്ഞ വർഷം ആകെ വിറ്റതിനെക്കാൾ 62% വർധന

ഇത്തവണത്തെ വിൽപന 62 ശതമാനത്തോളം ഉയർവന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1,716.05 കോടിയുടെ ഇലക്ടറൽ ബോണ്ട് വിറ്റുവെന്ന് വിവരം. പൂനെ സ്വദേശിയായ വിഹാർ ദുർവ് എന്ന വിവരാവകാശ പ്രവർത്തകൻ നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. 2018ൽ ആകെ വിറ്റ ഇലക്ടറൽ ബോണ്ടുകളുടെ മൂല്യം 1,056.73 രൂപയാണ്.

മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഗാന്ധിനഗർ, ഗുവാഹട്ടി, ഭുവനേശ്വർ, ചണ്ഡിഗഢ്, ഹൈദരാബാദ്, റായ്പാർ, ജയ്പൂർ, ലഖ്നൗ, പനാജി എന്നീ പ്രധാന നഗരങ്ങളിൽ മാത്രം പുറത്തിറക്കിയ ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചാണ് വിവരാവകാശ അപേക്ഷയിലെ അന്വേഷണം. 2018ൽ ആറ് റൗണ്ടുകളായാണ് ഇലക്ടറൽ ബോണ്ട് പുറത്തിറക്കിയത്. മാർച്ച് ഏപ്രിൽ, മെയ്, ജൂലൈ, ഒക്ടോബർ, നവംബർ മാസങ്ങളിൽ. ഇവയുടെ വിൽപനയിലൂടെ കിട്ടിയ തുകയും, 2019 ജനുവരി, മാർച്ച് എന്നീ മാസങ്ങളിൽ രണ്ട് റൗണ്ടുകളായി പുറത്തിറക്കിയ ബോണ്ടുകളുടെ വിൽപനയിലൂടെ കിട്ടിയ തുകയും എത്രയെന്ന് വ്യക്തമാക്കാനായിരുന്നു ആവശ്യം.

2018ൽ മുംബൈയിൽ ആറ് റൗണ്ടുകളായി വിറ്റ ഇലക്ടറൽ ബോണ്ടുകളുടെ ആകെ മൂല്യം 382.70 കോടിയായിരുന്നത് 2019 ൽ വെറും രണ്ട് റൗണ്ടുകൾ കൊണ്ട് 495.60 കോടിയിലേക്ക് ഉയർന്നു. മിക്ക നഗരങ്ങളിലും വിൽപന വൻതോതിൽ ഉയർന്നിട്ടുണ്ടെന്നു കാണാം. കൊൽക്കത്തയാണ് ഇത്തവണ ബോണ്ട് വിൽപനയിൽ രണ്ടാമതെത്തിയിരിക്കുന്നത്. 370 കോടി മൂല്യമുള്ള ബോണ്ടുകൾ ഈ നഗരത്തിൽ വിറ്റുപോയി. ഹൈദരാബാദില്‍ 290.50 കോടി മൂല്യമുള്ള ബോണ്ടുകൾ വിറ്റു.

ഏറ്റവുമൊടുവിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ 1 ശതമാനത്തിൽ കുറയാത്ത വോട്ടുകൾ നേടിയിട്ടുള്ള രാഷ്ട്രീയ സംഘടനയ്ക്കു മാത്രമേ ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിക്കാൻ സാധിക്കൂ. ഇന്ത്യൻ പൗരന്മാര്‍ക്കു മാത്രമേ ഈ ബോണ്ടുകൾ വാങ്ങാനും കഴിയൂ. രാജ്യത്തേക്ക് തെരഞ്ഞെടുപ്പു കാലത്ത് അനധികൃതമായി കള്ളപ്പണമൊഴുകുന്നത് തടയുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കാൻ തുടങ്ങിയത്.

ഇത്തവണത്തെ വിൽപന 62 ശതമാനത്തോളം ഉയർവന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്.

കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷൻ അനുസരിച്ചാണ് എസ്ബിഐ ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കുക. ഏപ്രിൽ 11 മുതൽ രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഇതുവരെ രണ്ട് റൗണ്ടുകളിലായി ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കുകയുണ്ടായി.

ഇലക്ടറർ ബോണ്ടുകൾ ജനാധിപത്യ സംവിധാനങ്ങളെ പണമുപയോഗിച്ച് അട്ടിമറിക്കാനുള്ള അവസരം സൃഷ്ടിക്കുന്നതാണെന്ന ആരോപണം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. കോർപ്പറേറ്റ് പണം പാർട്ടികളിലേക്ക് അവധിയില്ലാതെ ഒഴുകാൻ ഇത് കാരണമാകുമെന്നാണ് ഇലക്ടറൽ ബോണ്ടുകളെ എതിർക്കുന്ന അസോസിയേഷൻ ഫോർ ഡോമാക്രാറ്റിക് റിഫോംസ് വാദിക്കുന്നത്. സിപിഎമ്മിനും സമാനമായ വാദമുണ്ട്. ഇങ്ങനെ കണക്കില്ലാതെ ഒഴുകുന്ന കോർപ്പറേറ്റ് പണം രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാക്കുന്നുവെന്നും ഇരുകൂട്ടരും വാദിക്കുന്നു. ഇതുവരെ ചെലവായിട്ടുള്ള ഇലക്ടറൽ ബോണ്ടുകള്‍ 10 ലക്ഷം മുതൽ വിലയുള്ളവയാണ്. ചെറിയ വിലയിലുള്ള ബോണ്ടുകൾ ചെലവാകുന്നില്ലെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. കോർപ്പറേറ്റുകളെ മാത്രം സഹായിക്കുന്ന സംവിധാനമാണ് ഇലക്ടറൽ ബോണ്ട് എന്നതിന് ഇതൊരു തെളിവാണെന്നും സിപിഎം പറയുന്നു. ഇലക്ടറർ ബോണ്ടുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍