UPDATES

ട്രെന്‍ഡിങ്ങ്

ആം ആദ്മി വെല്ലുവിളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുക്കുമോ? ഇവിഎം ഉപേക്ഷിച്ചവരും മുറുകെ പിടിക്കുന്നവരും

വികസിത രാജ്യങ്ങളില്‍ മിക്കയിടങ്ങളിലും പരീക്ഷിച്ച് പരാജയപ്പെടുകയും ഉപേക്ഷിക്കുകയും ചെയ്ത ഒന്നാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം).

വോട്ടിംഗ് യന്ത്രത്തെ ചൊല്ലി ആം ആദ്മിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ വാക്‌പോര് മുറുകിയിരിക്കുകയാണ്. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്നത് തെളിയിക്കുന്നതിനായി ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭയില്‍ യന്ത്രത്തിന്റെ മാതൃക വച്ച് നടത്തിയ വിശദീകരണത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ഇത്തരത്തില്‍ യന്ത്രത്തിന്റെ മാതൃകകളുണ്ടാക്കി ആര്‍ക്കും എന്തും കാണിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് പറഞ്ഞത്. ഇത് യഥാര്‍ത്ഥ ഇലക്ട്രോണിക് യന്ത്രവുമായി ഒരു തരത്തിലും ബന്ധപ്പെടുന്നതല്ല. അത്രയും സുരക്ഷിതമായ സംവിധാനങ്ങളോടെയാണ് തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ തയ്യാറാക്കുന്നതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശവാദം.

സോഫ്റ്റ്‌വെയര്‍ വിദഗ്ധരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കുന്ന ഹക്കാതോണ്‍ സംഘടിപ്പിക്കുമെന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തായിരിക്കും പരിശോധന. മേയ് 12-ന്റെ സര്‍വകക്ഷി യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച തീരുമാനം. അതേസമയം തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഒരു വോട്ടിംഗ് യന്ത്രം കൈമാറിയാല്‍ അതില്‍ തിരിമറി നടത്താന്‍ കഴിയുമെന്ന കാര്യം തെളിയിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചു. 90 സെക്കന്റ് കൊണ്ട് മദര്‍ബോഡില്‍ മാറ്റം വരുത്താമെന്നാണ് വോട്ടിംഗ് യന്ത്രത്തിന് സമാനമായ മെഷിനില്‍ തിരിമറി നടത്താമെന്ന് തെളിയിച്ചുകൊണ്ട് എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് നിയമസഭയില്‍ വിശദീകരിച്ചത്. അരമണിക്കൂര്‍ വിശദീകരണമാണ് സൗരഭ് നടത്തിയത്. ഏത് യന്ത്രവും തിരിമറിക്ക് വിധേയമാക്കാന്‍ കഴിയുമെന്ന് സ്ഥാപിക്കുകയായിരുന്നു സൗരഭിന്റെ ലക്ഷ്യം.

ഒരു മുന്‍ ഐഐടി വിദ്യാര്‍ത്ഥി നിര്‍മ്മിച്ച പ്രോട്ടോ ടൈപ്പാണ് നിയമസഭയില്‍ പരീക്ഷിച്ചിച്ചത്. ഒരു മുന്‍ ഐഐടി വിദ്യാര്‍ത്ഥി കൂടിയായ കെജ്രിവാളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചിരിക്കുന്നതും. സീക്രട്ട് കോഡുകള്‍ ക്രമക്കേടിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും ഏത് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്യപ്പെടണം എന്ന് നിര്‍ണയിക്കാന്‍ കഴിയുമെന്നുമാണ് മുന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ കൂടിയായ സൗരഭ് പറഞ്ഞത്. കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടേയും വെല്ലുവിളി പ്രസക്തമാണ്. അത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുക്കേണ്ടതുമാണ്. പ്രത്യേകിച്ച് വോട്ടിംഗ് യന്ത്രം രാജ്യത്ത് വലിയൊരു വിവാദത്തിന് കാരണമാവുകയും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍. ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ വലിയ ഭീഷണിയായിട്ടാണ് ക്രമക്കേട് നടത്താന്‍ കഴിയുന്ന വോട്ടിംഗ് യന്ത്രങ്ങളെ ആം ആദ്മി പാര്‍ട്ടി അവതരിപ്പിക്കുന്നത്. കക്ഷി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചുള്ള ആരോപണം എന്നതിലുപരി വളരെ ഗൗരവമുള്ള പ്രശ്‌നവും ആശങ്കയുണ്ടാക്കുന്ന കാര്യവും തന്നെയാണിത്.

വികസിത രാജ്യങ്ങളില്‍ മിക്കയിടങ്ങളിലും പരീക്ഷിച്ച് പരാജയപ്പെടുകയും ഉപേക്ഷിക്കുകയും ചെയ്ത ഒന്നാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം). അമേരിക്കയിലും പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം വോട്ടിംഗ് യന്ത്രം ഉപേക്ഷിക്കാനുള്ള കാരണങ്ങളിലൊന്ന് ഇതില്‍ ക്രമക്കേട് നടത്താന്‍ കഴിയില്ല എന്ന് ഉറപ്പിക്കാന്‍ സാധിക്കാത്തതാണ്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ വോട്ടിംഗ് യന്ത്രം തുടരുന്നുണ്ട്. എന്നാല്‍ മിക്ക സംസ്ഥാനങ്ങളും ഇത് ഉപേക്ഷിച്ചിരിക്കുന്നു. 2012ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 56 ശതമാനം പേര്‍ പേപ്പര്‍ ബാലറ്റില്‍ വോട്ട് ചെയ്തപ്പോള്‍ 39 ശതമാനം പേര്‍ മാത്രമാണ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത്. യൂറോപ്പില്‍ ബെല്‍ജിയവും ഫ്രാന്‍സും മാത്രമാണ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ആറെണ്ണം വോട്ടിംഗ് മെഷീന്‍ ഉപേക്ഷിച്ച് ബാലറ്റിലേയ്ക്ക് മടങ്ങി.

അതേസമയം ഏഷ്യന്‍, ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വോട്ടിംഗ് യന്ത്രം കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ലാറ്റിമേരിക്കയില്‍ ബ്രസീലിലാണ് ഇതിന് തുടക്കം കുറിച്ചത്. ബ്രസീലിന് പിന്നാലെ വെനിസ്വേല, പാരഗ്വായ്, പനാമ, കോസ്റ്ററിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങി. ഇതില്‍ വെനിസ്വേല ബാലറ്റിലേയ്ക്ക് തിരിച്ച് പോയതായാണ് സിഐഎ സുരക്ഷാ വിദഗ്‌ന്റെ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. വികസ്വര രാജ്യങ്ങളില്‍ സാങ്കേതികവിദ്യയുടെ പുരോഗതിയുടെ ഭാഗമായാണ് ഇവിഎമ്മുകള്‍ അവതരിപ്പിക്കപ്പെടുന്നത്. കൂടുതല്‍ പേരെ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനും ഇതിന് പങ്കുണ്ട്. പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്. അതേസമയം ഇലക്ട്രോണിക് വോട്ടുകളുടെ പരിശോധന ഉറപ്പുവരുത്താന്‍ ആവശ്യപ്പെടുന്ന നിയമം 2014ല്‍ ബ്രസീല്‍ പിന്‍വലിച്ചിരുന്നു. ഇന്ത്യയിലും ഇത്തരം പരിശോധനകള്‍ സാദ്ധ്യമാകുന്നില്ല. സുതാര്യത വലിയ പ്രശ്നം തന്നെയാണ്.

കെനിയയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉണ്ടാക്കിയത് പോലുള്ള അരാജകത്വമോ പ്രശ്‌നങ്ങളോ ഒന്നും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെങ്കില്‍ പോലും ഇത്തരം ഭീഷണികള്‍ നേരിടുന്നുണ്ട്. കെനിയയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പങ്ങള്‍ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ടി വരുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാവുന്നതാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍. സുതാര്യതയില്ലെന്ന് കാണിച്ചാണ് നെതര്‍ലാന്‍ഡ്‌സ് വോട്ടിംഗ് യന്ത്രം ഉപേക്ഷിച്ചത്. മൂന്ന് കൊല്ലം നീണ്ടു നിന്നതും 51 മില്യണ്‍ പൗണ്ട് ചിലവ് വരുന്നതുമായ പരീക്ഷണം സംഘടിപ്പിച്ച അയര്‍ലന്‍ഡ് ബാലറ്റിലേയ്ക്ക് മടങ്ങി. ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞാണ് ജര്‍മ്മനി വോട്ടിംഗ് യന്ത്രം ഉപേക്ഷിച്ചത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ജര്‍മ്മനി നിരോധിക്കുകയും ചെയ്തിരുന്നു. അമേരിക്കയില്‍ കാലിഫോര്‍ണിയ അടക്കമുള്ള മിക്ക സംസ്ഥാനങ്ങളും വോട്ടിംഗ് യന്ത്രം ഉപേക്ഷിച്ചു. മാസിഡോണിയ, ഉക്രെയിന്‍ തുടങ്ങിയ വികസ്വര യൂറോപ്യന്‍ രാജ്യങ്ങളും വോട്ടിംഗ് യന്ത്രങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍