UPDATES

ട്രെന്‍ഡിങ്ങ്

മുണ്ടെയുടെ അപകടമരണം, ഗൗരി ലങ്കേഷിന്റെ കൊലപാതം, ഇവിഎം ഹാക്കിംഗ്; ഒരു ബോളിവുഡ് ക്രൈം ത്രില്ലര്‍ പോലെ സയീദ് ഷൂജയുടെ വെളിപ്പെടുത്തലുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രധാനമാണ്

രാജ്യം പൊതു തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറെടുക്കവെയാണ് സായിദ് ഷൂജയുടെ വെളിപ്പെടുത്തല്‍ വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിരിക്കുന്നത്. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം പിടിക്കുന്നത് ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് കാണിച്ചായിരുന്നുവെന്നാണ് ഹാക്കര്‍ ആയ ഷൂജ വെളിപ്പെടുത്തല്‍ പോലെ പറയുന്നത്. തെരഞ്ഞെടുപ്പിന് ബാലറ്റ് ഉപയോഗിക്കണമെന്നും ബിജെപി വിജയിക്കാന്‍ വേണ്ടി വ്യാപകമായി ഇവിഎമ്മില്‍ (ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീന്‍) കള്ളത്തരം കാണിക്കുന്നുണ്ടെന്നും പ്രതിക്ഷ പാര്‍ട്ടികള്‍ നിരന്തരം ആവശ്യം ഉന്നയിക്കുന്നതിനിടയിലാണ് ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേനും ഫോറിന്‍ പ്രസ് അസോസിയേഷനും സംഘടിപ്പിച്ച ഹാക്കത്തോണില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഷൂജ ആ ആവശ്യത്തിന് അടിസ്ഥാനമുണ്ടെന്ന തരത്തില്‍ ഏറ്റുപറച്ചില്‍ നടത്തിയിരിക്കുന്നത്.

ജീവന് ഭീഷണിയുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് ഇപ്പോള്‍ യുഎസില്‍ ഉള്ള സയീദ് ഷൂജ, താന്‍ 2009-2104 കാലഘട്ടത്തില്‍ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഇസിഐ)യില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മിക്കുന്നത് ഇസിഐ ആണ്. ഷൂജയുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ഏറ്റെടുക്കുന്നതും ഈയൊരു പശ്ചാത്തലംകൊണ്ടു തന്നെയാണ്. വോട്ടിംഗ് ക്രമക്കേടുകള്‍ നടന്നു എന്നതിനപ്പുറം ഷൂജയുടെ മറ്റ് ചില പരാമര്‍ശങ്ങളും രാജ്യം അതീവ ഗൗരവത്തോടെ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അപകട മരണവും പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും ഇവിഎം ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കിടക്കുന്നൂവെന്നാണ് ഷൂജ പറയുന്നത്.

എവിഎമ്മില്‍ ക്രമക്കേട് നടത്താനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഇസിഐയില്‍ നിന്നു തന്നെയാണ് ചോദ്യം വന്നതെന്നാണ് ഹൈദരാബാദുകാരനായ ഷൂജ പറയുന്നത്. അതിനുള്ള പ്രോഗ്രാം താനും തന്റെ ടീമും ചേര്‍ന്നു തയ്യാറാക്കിയെന്നും ഇതിനുശേഷമാണ് ഗോപിനാഥ് മുണ്ടെ തങ്ങളെ സമീപിക്കുന്നതെന്നും ഷൂജ പറയുന്നു. തനിക്കറിയാവുന്ന വിവരങ്ങള്‍വച്ച് ബിജെപി നേതൃത്വത്തെ ഭയപ്പെടുത്താന്‍ മുണ്ടെ ശ്രമം നടത്തിയതാണ്, അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചതെന്നും ഹാക്കര്‍ പറയുന്നു. തനിക്ക് പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ വന്നതോടെയാണ് മുണ്ടെ ഒരു ബ്ലാക്ക് മെയ്‌ലിംഗ് പോലെ ഇവിഎം ക്രമക്കേടുകള്‍ പുറത്തുവിടുമെന്ന ഭീഷണി മുഴക്കിയത്. അതുപക്ഷേ അദ്ദേഹത്തിനു തന്നെ തിരിച്ചടിയായെന്നാണ് ഷൂജയുടെ വെളിപ്പെടുത്തലുകള്‍. നരേന്ദ്ര മോദി സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായി അധികാരമേറ്റ മുണ്ടെ 2014 ജൂണില്‍, അതായത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരാഴ്ച്ച മാത്രം പിന്നിട്ടപ്പോള്‍, ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ട്രാഫിക് സിഗ്നലില്‍ കിടന്നിരുന്ന മുണ്ടെയുടെ കാറില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു മുണ്ടെയെക്ക് പരിക്കേല്‍ക്കുകയും എയിംസില്‍ കൊണ്ടുവന്നെങ്കിലും അവിടെ വച്ച് മരിക്കുകയുമായിരുന്നു. മുണ്ടെയുടെ മരണകാരമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാരണം അപകടത്തെ തുടര്‍ന്നുളള ഹൃദയാഘാതമാണ്. ചില സംശയങ്ങള്‍ ഈ മഹാരാഷ്ട്രാ നേതാവിന്റെ അപകട മരണത്തില്‍ ഉയര്‍ന്നിരുന്നത് വീണ്ടും ചര്‍ച്ചയാക്കുകയാണ് ഷൂജ.

മുണ്ടെയുടെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് ഉറപ്പിക്കുന്നതുപോലെ ഷൂജ മറ്റൊരു വെളിപ്പെടുത്തലും നടത്തുന്നു. അത് ഒരു എന്‍ഐഎ ഉദ്യോഗസ്ഥന്റെ മരണമാണ്. മുണ്ടെയുടെ മരണത്തെ കുറിച്ച് അന്വേഷിച്ച എന്‍ഐഎ ഓഫിസര്‍ തന്‍സീല്‍ അഹമ്മദിന്റെ. തന്‍സീല്‍ തന്നെ തിരക്കി വന്നിരുന്നുവെന്നും ഇവിഎം ക്രമക്കേടുകളെ കുറിച്ച് തിരക്കിയിരുന്നുവെന്നും ഷൂജ പറയുന്നു. മുണ്ടെയുടെ മരണത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് തന്‍സീല്‍ അഹമ്മദ് കൊല്ലപ്പെട്ടതെന്നും പറയുന്നു ഷൂജ.

ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ കൂടി സയീദ് ഷൂജ നടത്തുന്നുണ്ട്. അതിങ്ങനെയാണ്; 2014 ല്‍ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നു ഞങ്ങള്‍ക്ക് മനസിലായി. അതിനുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടി. ഇതുവച്ച് ബിജെപിയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ തീരുമാനിച്ചു. അതിന്‍പ്രകാരം ഹൈദരാബാദില്‍ ഒരു ബിജെപി നേതാവിനെ കാണാന്‍ പോയി. പക്ഷേ, അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായത്. ആ നേതാവിന്റെ സുരക്ഷ ഉദ്യോഗസ്ഥന്‍ ഞങ്ങളെ വെടിവച്ചു. എന്റെ കൂടെയുണ്ടായിരുന്നവര്‍ എല്ലാം കൊല്ലപ്പെട്ടു. അടുത്ത ദിവസം ഹൈദരാബാദിലെ കിഷന്‍ബാഹില്‍ ഒരു വര്‍ഗീയ കലാപം ഉണ്ടായി. അന്നത്തെ ആ കലാപത്തില്‍ കൊല്ലപ്പെട്ടവരെന്നു പറഞ്ഞത് എന്റെ കൂടെയുണ്ടായിരുന്നവരാണ്.

ഷൂജയുടെ വെളിപ്പെടുത്തലുകളില്‍ വരുന്ന മറ്റൊരു പേരാണ് ഗൗര് ലങ്കേഷ്. ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇപ്പോഴും സജീവ ചര്‍ച്ചയായി നില്‍ക്കുമ്പോള്‍, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ശത്രുത മാത്രമല്ല ഗൗരിയുടെ കൊലപാതകത്തിനു പിന്നിലെന്ന് പറയാവുന്ന തരത്തിലാണ് ഷൂജയുടെ വാക്കുകള്‍. ഇവിഎം ക്രമക്കേടുകളെ കുറിച്ച് ഗൗരി ലങ്കേഷിന് വിവരം കിട്ടി. അവരത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറെടുത്തു. വോട്ടിംഗ് യന്ത്രത്തിന്റെ കേബിള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയാന്‍ വിവരാവകാശപ്രകാരം ചോദ്യങ്ങള്‍ നല്‍കി. അതിനു പിന്നാലെ അവര്‍ കൊല്ലപ്പെടുകയുമാണ് ഉണ്ടായതെന്ന് സയീദ് ഷൂജ പറയുന്നു.

സയീദ് ഷൂജയുടെ വെളിപ്പെടുത്തലുകള്‍ ബിജെപി തള്ളിക്കളയുന്നതിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനും ഷൂജയ്‌ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. അസംബന്ധങ്ങളെന്നാണ് ഷൂജയുടെ വാദങ്ങളെ കമ്മിഷന്‍ വിമര്‍ശിച്ചത്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ആണ് എല്ലാമെന്നും പറയുന്നതിനൊപ്പം ഷൂജയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്നു. പക്ഷേ, സയീദ് ഷൂജയുടെ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസും മറ്റും പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിക്കെതിരേയുള്ള ആയുധം ആക്കിയിരിക്കുകയാണ്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ സാന്നിധ്യം ബിജെപിക്ക് വീണുകിട്ടിയ ആയുധമാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി അകലം പാലിക്കുന്നുണ്ടെങ്കിലും ‘മോദിയേയും ഇന്ത്യയേയും തകര്‍ക്കാന്‍ കോണ്‍ഗ്രസ് ലണ്ടന്‍ വരെയല്ല, പാക്കിസ്ഥാന്‍ വരെ പോകു’മെന്ന കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ്‌ നഖ്വിയുടെ വാക്കുകള്‍ തന്നെയായിരിക്കും ബിജെപി ഈ വിഷയത്തെ എങ്ങനെ നേരിടും എന്നതിന്റെ സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍