UPDATES

ട്രെന്‍ഡിങ്ങ്

പാസ്പോർട്ട് കിട്ടണമെങ്കിൽ ഹിന്ദുമതം സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർ; പരാതിയുമായി മിശ്രവിവാഹിതർ രംഗത്ത്

വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന് ഈ പ്രശ്നങ്ങൾ കാണിച്ച് ട്വീറ്റ് ചെയ്തെങ്കിലും നേരിട്ടുള്ള പ്രതികരണമുണ്ടായില്ല.

പാസ്പോർട്ട് കിട്ടാന്‍ ഹിന്ദുമതത്തിലേക്ക് മാറണമെന്ന് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി ആരോപണം. ലഖ്നൗവിലാണ് സംഭവം. തൻവി സേഥ്, അനസ് സിദ്ദിഖി എന്നിവരാണ് പരാതിയുമായി രംഗത്തുള്ളത് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ അഞ്ചാമത്തെ കൗണ്ടറിലിരുന്ന വികാസ് മിശ്ര എന്നയാള്‍ തന്നോട് മുസ്ലിമായ ഭർത്താവ് മതം മാറിയാൽ മാത്രമേ പാസ്പോർട്ട് കിട്ടൂ എന്നു പറഞ്ഞ് അപമര്യാദയായി പെരുമാറിയെന്ന് തൻവി സേഥ് പറഞ്ഞു. വിവാഹം കഴിച്ചതിനു ശേഷവും ഭര്‍ത്താവിന്റെ പേര് തന്റെ പേരിനോടൊപ്പം വെക്കാത്തതിന് അയാൾ രോഷം കൊണ്ടെന്നും എല്ലാവരുടെയും മുമ്പിൽ വെച്ച് അപമാനിച്ചെന്നും തൻവി പറയുന്നു.

അഡീഷണൽ പാസ്പോർട്ട് ഓഫീസറുടെ ഓഫീസിലേക്ക് തന്നെ പറഞ്ഞയച്ചെന്നും അവിടെച്ചെന്നപ്പോൾ മെയിൻ‌ ഓഫീസ് നിൽക്കുന്ന ഗോമതിനഗറിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടതായും അവര്‍ പറയുന്നു.

പാസ്പോർട്ടിനാവശ്യമായ എല്ലാ രേഖകളും താൻ സമർപ്പിച്ചിട്ടുണ്ടെന്ന് തൻവി വ്യക്തമാക്കി.  എന്നാല്‍ ഭർത്താവ് അനസ് സിദ്ദിഖ്വിയുടെ പാസ്പോർട്ട് പുതുക്കിക്കിട്ടണമെങ്കിൽ ഹിന്ദുമതത്തിലേക്ക് മാറണമെന്ന് കൗണ്ടറിലിരുന്നയാൾ ആവശ്യപ്പെട്ടു.

വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന് ഈ പ്രശ്നങ്ങൾ കാണിച്ച് ട്വീറ്റ് ചെയ്തെങ്കിലും നേരിട്ടുള്ള പ്രതികരണമുണ്ടായില്ല. പകരം സ്വരാജിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിജയ് ദ്വിവേദി പ്രശ്നത്തിലിടപെട്ടു. വിദേശകാര്യ മന്ത്രാലയത്തില്‍ പാസ്പോർട്ട്, വിസ കാര്യങ്ങളുടെ സെക്രട്ടറിയായ ഡിഎം മുലായിയെ താൻ കാര്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ടെന്ന് ദ്വിവേദി പറഞ്ഞു. ലഖ്നൗ റീജ്യണൽ പാസ്പോർട്ട് ഓഫീസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍