UPDATES

സയന്‍സ്/ടെക്നോളജി

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ യുവാക്കളുടേതല്ല; കൂട്ട പിരിച്ചുവിടലിനൊപ്പം തൊഴിലവസരങ്ങളും ഇടിയുന്നു

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ പ്രധാനമേഖലകളില്‍ ഏറ്റവും കുറവ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് 2015ലും 2016ലുമാണ്

പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ എന്ന വലിയ വാഗ്ദാനവുമായി അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിന് മുന്ന് വര്‍ഷം കൊണ്ട് അതിന്റെ പത്തിലൊന്ന് തൊഴിലവസരങ്ങള്‍ പോലും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പോലെയുള്ള വന്‍പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും രാജ്യത്ത് തൊഴിലവസരങ്ങള്‍ കുത്തനെ ഇടിയുകയാണ്. ഐടി മേഖലയില്‍ നിന്നും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നത് സ്ഥിതിഗതി കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലും ബംഗളൂരുവിലും ഇതിനെതിരെ സമരങ്ങള്‍ ശക്തമാകുന്ന അവസരത്തിലാണ് കൂടുതല്‍ നിരാശാജനകമായ കണക്കുകള്‍ പുറത്തുവരുന്നത്. സമീപകാലത്തൊന്നും സ്ഥിതിഗതി മെച്ചപ്പെടാനും സാധ്യതയില്ലെന്നാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ പ്രധാനമേഖലകളില്‍ ഏറ്റവും കുറവ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് 2015ലും 2016ലുമാണ്. 2015ല്‍ 1.55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ 2016ല്‍ അത് 2.31 ലക്ഷമായിരുന്നു. ഏതാനും വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 2009ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതാണ് ഏറ്റവും ഉയര്‍ന്ന തോത്.

ശാസ്ത്ര, എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഐടി മേഖലയിലെ വന്‍കമ്പനികള്‍ വലിയ തോതില്‍ പിരിച്ചുവിടല്‍ നടത്തുന്നു എന്ന വാര്‍ത്തകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഐടി മേഖലയില്‍ ലേഓഫ് ഉണ്ടാവില്ല എന്ന മോദി സര്‍ക്കാരിന്റെയും നാസ്‌കോമിന്റെയും ഉറപ്പിന് കടകവിരുദ്ധമായാണ് ഐടി മേഖലയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്.

സാമ്പത്തികമേഖല ഉണര്‍വ് പ്രദര്‍ശിപ്പിക്കുന്നതായുള്ള കണക്കുകള്‍ പുറത്തുവരുമ്പോള്‍ അതൊട്ടും ഗുണപരമായല്ല തൊഴില്‍മേഖലയെ ബാധിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനം 7.5 ശതമാനം ആയിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. കമ്പനികള്‍ യന്ത്രവല്‍ക്കരണത്തിലേക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്കും കൂടുതലായി നീങ്ങുന്നതാണ് ഈ തൊഴില്‍രഹിത വളര്‍ച്ചയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020-ഓടെ ഇന്ത്യയിലെ ശരാശരി പ്രായം 29 ആവുമെന്നും അത് വന്‍ സാധ്യതകളിലേക്ക് രാജ്യത്തെ നയിക്കുമെന്നും പ്രധാനമന്ത്രി പലപ്പോഴും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ പുതിയതായി വരുന്ന കണക്കുകള്‍ ശുഭസൂചനയല്ല നല്‍കുന്നത്. തൊഴിലവസരങ്ങളുടെ സൃഷ്ടി ഈ നിരക്കില്‍ തുടര്‍ന്നാല്‍ പ്രതിവര്‍ഷം 1.2 കോടി മുതല്‍ 1.5 കോടി വരെ തൊഴില്‍രഹിതര്‍ ഇന്ത്യന്‍ തൊഴില്‍ കമ്പോളത്തിലേക്ക് പുതുതായി വരുമെന്ന് കണക്കാക്കപ്പെടുന്നു.

സംഘടിത, കോര്‍പ്പറേറ്റ് മേഖലകളില്‍ നമ്മള്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ പ്രണാബ് സെന്‍ പറയുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തോടൊപ്പം പ്രാദേശിക ഘടകങ്ങളും ഇതിന് കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംഘടിത മേഖലയിലെ കണക്കുകള്‍ മാത്രമാണ് തൊഴില്‍ ബ്യൂറോ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. അസംഘടിത മേഖലയിലെ കണക്കുകള്‍ വ്യക്തമല്ല. എന്നാല്‍ നോട്ടുനിരോധനം ഏറ്റവും പ്രതികൂലമായി ബാധിച്ചത് അസംഘടിത മേഖലയിലെ വളര്‍ച്ചയെയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അവിടെയും സ്ഥിതി ഒട്ടും ശോഭനമല്ലെന്ന് വേണം മനസിലാക്കാന്‍.

തൊഴില്‍രഹിത വളര്‍ച്ച വരും കാലങ്ങളില്‍ വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ മുന്‍ അംഗം എം ഗോവിന്ദ റാവു പറയുന്നു. ഐടി മേഖല ഇപ്പോള്‍ തന്നെ തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിലധിഷ്ടിത ഉല്‍പാദനത്തില്‍ നിന്നും മൂലധനാധിഷ്ടിത ഉല്‍പാദനത്തിലേക്കാണ് രാജ്യം പോകുന്നത്. അതേ സാഹചര്യത്തില്‍ തന്നെ ലോക കമ്പോളത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ചൂഷണം ചെയ്യത്തക്ക രീതിയില്‍ തൊഴില്‍സേനയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടതായും റാവു ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത് ചൈനയില്‍ വേതനം വര്‍ദ്ധിപ്പിച്ചപ്പോള്‍ അവിടം വിട്ടുപോയ ടെക്‌സ്‌റ്റൈല്‍സ്, തുകല്‍, ഉപഭോക്തൃ ഉല്‍പന്ന കമ്പനികള്‍ ബംഗ്ലാദേശ്, കമ്പോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയ കമ്പനികള്‍ സ്ഥാപിച്ചതെന്ന് റാവും ചൂണ്ടിക്കാട്ടുന്നു.

ഐടി മേഖലയുടെ കാര്യത്തില്‍ വന്‍കിട സ്ഥാപനങ്ങളായ ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസന്റ് എന്നീ കമ്പനികള്‍ മാത്രം ഈ വര്‍ഷം 56,000 എഞ്ചിനീയര്‍മാരെ പിരിച്ചുവിടാനാണ് ആലോചിക്കുന്നത്. ഇതോടൊപ്പം യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ തൊഴില്‍വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കൂടി തീരുമാനിച്ചതോടെ ഇന്ത്യന്‍ ഐടി തൊഴില്‍സേനയുടെ സ്ഥിതി കൂടുതല്‍ ആശങ്കജനകമാവും. ഐടി സേവന കമ്പനികളിലെ പകുതിയോളം ജീവനക്കാര്‍ അപ്രസക്തരാവുമെന്നാണ് മക്കിന്‍സെ ആന്‍ഡ് കമ്പനിയുടെ കണക്കുകള്‍ പറയുന്നത്. അടുത്ത മൂന്ന്, നാല് വര്‍ത്തിനുള്ള ആറു ലക്ഷം പേര്‍ ഈ മേഖലയില്‍ നിന്നും പിരിച്ചുവിടപ്പെടും എന്നാണ് അവരുടെ കണക്ക്.

ഇതോടൊപ്പം കയറ്റുമതിയില്‍ ഉണ്ടാവുന്ന വന്‍ഇടിവും കണക്കിലെടുക്കേണ്ടതുണ്ട്. 2013-14ല്‍ ഇന്ത്യയുടെ കയറ്റുമതി വരുമാനം 314.4 ബില്യണ്‍ ഡോളര്‍ ആയിരുന്നെങ്കില്‍ 2016-16ല്‍ അത് വെറും 196.6 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. അതായത് 37 ശതമാനമാണ് കയറ്റുമതി വരുമാനത്തില്‍ ഇടിവുണ്ടായത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പറഞ്ഞ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കില്ലെന്നും ഇത് ഇന്ത്യയിലെ മാത്രം പ്രതിഭാസമല്ലെന്നുമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ എന്‍ആര്‍ ഭാനുമതി പറയുന്നത്. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് പല രാജ്യങ്ങളും ആഭ്യന്തര സംരക്ഷണ നയങ്ങളുമായി മുന്നോട്ട് പോകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന സാമൂഹിക ആഘാതം വലുതായിരിക്കുമെന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം മേധാവി നേഷത്ത് ക്വയിസര്‍ പറയുന്നത്. ഒരു വികസ്വര രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുന്നത് ബഹുവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും കലാപങ്ങളും ഇതിന്റെ ലക്ഷണങ്ങളാണെന്ന് ക്വയിസര്‍ വിശദീകരിക്കുന്നു.

ഉല്‍പാദനം, നിര്‍മ്മാണം, വാണിജ്യം, ഗതാഗതം, ഹോട്ടലുകളും റസ്‌റ്റോറന്റുകളും, ഐടി/ബിപിഒ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ കണക്കുകളാണ് തൊഴില്‍ ബ്യൂറോ പൊതുവില്‍ പുറത്തുവിടുന്നത്. പശ്ചാത്തല സൗകര്യം, നിര്‍മ്മാണം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകള്‍ തൊഴില്‍ ഉല്‍പാദനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താറുണ്ടെന്ന് സെന്‍ പറയുന്നു. എന്നാല്‍ നിര്‍മ്മാണ, അടിസ്ഥാനമേഖലകള്‍ പൊതുവില്‍ കടക്കെണിയിലായതിനാല്‍ അവര്‍ക്ക് പുതിയ മൂലധനം കണ്ടെത്താനാവുന്നില്ലെന്നും ഇതൊരു ദൂഷിത വലയമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഏതായാലും ഇന്ത്യന്‍ തൊഴില്‍ കമ്പോളത്തിന്റെ ഭാവി അനിശ്ചിതമായി തന്നെ തുടരും എന്നാണ് സൂചനകള്‍. സര്‍ക്കാരുകളുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ പതിയാതിരിക്കുന്നിടത്തോളം അഭൂതപൂര്‍മായ ഒരു പ്രതിസന്ധിയാവും രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ കാത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍