UPDATES

എത്തിഹാദും ഹിന്ദുജയും പിന്മാറുന്നു: ജെറ്റ് എയര്‍വേയ്സിനു മുന്നിൽ വീണ്ടും വഴികളടഞ്ഞു

എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോർഷ്യവുമായി 8400 കോടി രൂപയുടെ കടമാണ് ജെറ്റ് എയർവേസിനുള്ളത്. 

തകർച്ചയെ മുന്നിൽക്കാണുന്ന ജെറ്റ് എയർവേയ്സിനു വേണ്ടിയുള്ള കമ്പനിയുടെ രക്ഷാപ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി ഹിന്ദുജ ഗ്രൂപ്പിന്റെയും എത്തിഹാദ് എയർവേയ്സിന്റെയും പിന്മാറ്റം. ഏതാണ്ട് രണ്ട് മാസത്തോളമായി ജെറ്റ് എയർവേയ്സ് സർവ്വീസുകളൊന്നും നടക്കുന്നില്ല.

ജെറ്റ് എയർവേയ്സ് ഓഹരികൾ വാങ്ങാനുള്ള ചർച്ചകൾ ഹിന്ദുജ ഗ്രൂപ്പ് നടത്തിവരികയായിരുന്നു. നിലവിൽ തങ്ങൾക്ക് കമ്പനിയിലുള്ള നിക്ഷേപം വർധിപ്പിക്കാനുള്ള സാധ്യതകൾ ആരായുകയായിരുന്ന എത്തിഹാദ് എയർവേയ്സും പ്രസ്തുത നീക്കം നിർത്തിവെച്ചതായാണ് അറിയുന്നത്. ഇതെക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

ജെറ്റ് എയർവേയ്സിന്റെ ശ്രമങ്ങളുമായി അടുത്ത് ബന്ധമുള്ള ചിലരെ ഉദ്ധരിച്ച് ലിവ്മിന്റ് ആണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ജെറ്റ് എയര്‍വേയ്സിലെ നിക്ഷേപം അബദ്ധമാണെന്നാണ് ഹിന്ദുജ ഗ്രൂപ്പ് കരുതുന്നത്. ജെറ്റിനെതിരെ സർക്കാർതല അന്വേഷണം നടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇവർ പിൻവാങ്ങിയിരിക്കുന്നത്.

ഇതുകൂടാതെ രണ്ട് വായ്പാദാതാക്കൾ ജെറ്റ് എയർവേയ്സിനെതിരെ നിയമനടപടികൾ തുടങ്ങിയ സാഹചര്യം കൂടി ഹിന്ദുജ ചൂണ്ടിക്കാട്ടുന്നുണ്ട്. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ ഷാമാൻ വീൽസ്, ഗഗ്ഗാർ എന്റർപ്രൈസസ് എന്നീ വായ്പാദാതാക്കള്‍ ആവശ്യമുന്നയിച്ചിരിക്കുകയാണ്.

എയർലൈൻ കമ്പനിക്ക് നോട്ടീസ് നൽകാൻ ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ കോടതി ഈ രണ്ട് സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വരുന്ന വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്.

ജെറ്റ് എയർവേയ്സ് നടത്തിയ നിയമലംഘനങ്ങൾ സംബന്ധിച്ച് കമ്പനീസ് രജിസ്ട്രാർ ഒരു റിപ്പോർട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനെ ആധാരമാക്കി കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി നടത്തിയ നികുതിനിയമ ലംഘനങ്ങളിലേക്ക് ആദായനികുതി വകുപ്പ് ഇതിനകം തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ വിദേശനിക്ഷേപ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2014ൽ എത്തിഹാദ് വിമാനക്കമ്പനി നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് പരിശോധന നടക്കുന്നത്.

നേരത്തെ ജെറ്റ് എയർവേയിസിൽ‌ തങ്ങൾ നടത്തിയ നിക്ഷേപം സംരക്ഷിക്കാനുള്ള ആലോചന ഇത്തിഹാദിനുണ്ടായിരുന്നു. എന്നാൽ ഈ പദ്ധതി വേണ്ടെന്നു വെച്ചിരിക്കുകയാണ് കമ്പനി എന്നാണറിയുന്നത്. മെയ് മാസത്തിലാണ് എത്തിഹാദ് നിക്ഷേപം നടത്താനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്. 1,700 കോടിയുടെ നിക്ഷേപം ജെറ്റ് നടത്തിയേക്കാമെന്നാണ് ലഭിച്ചിരുന്ന വിവരം.

എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോർഷ്യവുമായി 8400 കോടി രൂപയുടെ കടമാണ് ജെറ്റ് എയർവേസിനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍