UPDATES

ട്രെന്‍ഡിങ്ങ്

ബാഴ്‌സലോണയില്‍ ടെന്നീസ് ക്ലബ്, ബ്രിട്ടനിൽ സ്വത്തുക്കള്‍, ഓഹരി വ്യാപാരത്തിലൂടെ കാര്‍ത്തി ചിദംബരമുണ്ടാക്കിയത് അത്ഭുതപ്പെടുത്തുന്ന ലാഭമെന്ന് അന്വേഷണ സംഘം

ജാമ്യം റദ്ദാക്കാനുള്ള നീക്കം ഇ ഡി ശക്തമാക്കി 

കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയതിനെ തുടര്‍ന്ന് മകന്‍ കാര്‍ത്തി ചിദംബരത്തിന് നല്‍കിയ ജാമ്യം റദ്ദാക്കാനുള്ള നീക്കം അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കി. കാര്‍ത്തി ചിദംബരം ഓഹരി വില്‍പ്പനയിലൂടെയാണ് ക്രമാതീതമായ രീതിയില്‍ സ്വത്ത് സമ്പാദിച്ചതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ വാദം. കാര്‍ത്തിയുടെ 54 കോടി രൂപയുടെ സ്വത്ത് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.

ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപത്തിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി വന്‍ തുകയാണ് കാര്‍ത്തി ചിദംബരം കൈപ്പറ്റിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഇതിന് പുറമെ ഓഹരി വില്‍പനയിലൂടെ അസാധാരണമായ നേട്ടമാണ് കാര്‍ത്തി ചിദംബരം ഉണ്ടാക്കിയതെന്നും അന്വേഷണ ഏജന്‍സി പറയുന്നു.

വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് ചട്ടങ്ങള്‍ മറികടക്കുന്നതിന് ഐഎന്‍എക്‌സ് മീഡിയ ഉടമയായ ഇന്ദ്രാണി മുഖര്‍ജി, ചിദംബരത്തെ കണ്ടപ്പോള്‍ മകന്റെ ബിസിനസ്സില്‍ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായാണ് ആരോപണം. ഇതിന്റെ ഭാഗമായി കമ്പനി രേഖകളില്‍ ക്രമക്കേട് നടത്തി കാര്‍ത്തി പണം കൈപ്പറ്റിയെന്നാണ് ആരോപണം. വാസന്‍ ഐ കെയറില്‍ ഉണ്ടായിരുന്ന ഓഹരികള്‍ വിറ്റ് 41 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നാണ് ഇ ഡി യുടെ മറ്റൊരു ആരോപണം. മറ്റൊരു കമ്പനിയുടെ ഓഹരി വിറ്റ് 18.49 കോടി രൂപയുടെ ലാഭമുണ്ടാക്കിയതായി കണ്ടെത്തിയെന്നും ഇ ഡി പറയുന്നു.

കാര്‍ത്തി ചിദംബരത്തിന്റെ പേരില്‍ ഇന്ത്യന്‍ ഓവര്‍സിസ് ബാങ്കിലുളള 9.23 കോടി രൂപയും അദ്ദേഹത്തിന്റെ കമ്പനിയായ എ എസ് സി പി എല്ലിന്റെ പേരിലുളള 90 ലക്ഷം രൂപയും ഇ ഡി കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു.

Also Read: ‘കാര്‍ത്തിയെ കാണാനും അയാളെ സഹായിക്കാനും പറഞ്ഞു’, ചിദംബരത്തെ കുടുക്കിയത് മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി

ഇതിന് പുറമെ വിവിധ വിദേശ രാജ്യങ്ങളില്‍ ഇദ്ദേഹത്തിനും കമ്പനിക്കുമുള്ള സ്വത്തുക്കളെക്കുറിച്ചും ഇ ഡിക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ബിസിനസ് ലൈന്‍ പുറത്തുവിട്ടു. ബ്രട്ടിനിലുള്ള ഫാം, സ്‌പെയിനെ ബാര്‍സലോണയിലെ ടെന്നീസ് ക്ലബ് എന്നിവയെക്കുറിച്ചുളള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായും ഇതേ തുടര്‍ന്ന് അതും കണ്ടുകെട്ടുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

കാര്‍ത്തിയുടെ കമ്പനിയുടെ ഓഹരികള്‍ ആദ്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും പിന്നീട് അവര്‍ കാര്‍ത്തിയുടെ മകളുടെ പേരിലേക്ക് ഈ ഓഹരികള്‍ കൈമാറ്റം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ കൈമാറിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും ബിസിനിസ്സ് ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കാര്‍ത്തി ചിദംബരത്തെ ഇ ഡി അറസ്റ്റ് ചെയ്തത്. കാര്‍ത്തിയുടെ കമ്പനി സെക്രട്ടറിയുടെ കംപ്യൂട്ടറില്‍നിന്നാണ് ഐഎന്‍എക്‌സ് ഇടപാടുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

Also Read: ആരോപണം ബിജെപി നേതാക്കള്‍ക്കെതിരാണോ? എങ്കില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും വരില്ല; മോദി കാലത്ത് മന്ദീഭവിച്ച അഴിമതിക്കേസുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍