UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ പടം വെച്ച് ഉന്നാവോ പീഡനക്കേസ് പ്രതിയുടെ സ്വാതന്ത്ര്യദിന പത്രപ്പരസ്യം: അസഹ്യമെന്ന് പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങൾ ഈ പരസ്യത്തിലുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തർപ്രദേശിലെ പ്രമുഖ നേതാക്കളുടെയും ചിത്രത്തിനൊപ്പം തന്റെ ചിത്രം പ്രാധാന്യത്തോടെ ചേർത്ത് ഉന്നാവോ പീഡനക്കേസ് പ്രതിയുടെ പത്രപ്പരസ്യം കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കാര്യങ്ങൾ സഹിക്കാവുന്നതിലുമപ്പുറമായെന്ന് അവർ ട്വീറ്റ് ചെയ്തു.

സിബിഐയുടെ റിപ്പോർട്ട് സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു, സുപ്രീംകോടതിയുടെ ഇടപെടലും ഉണ്ടായി. എന്നാൽ ബിജെപി ഇപ്പോഴും ഉന്നാവോ പീഡനക്കേസ് പ്രതിയെ ഹൃദയത്തിൽ കൊണ്ടു നടക്കുകയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. ബിജെപിയുടെ വലിയ നേതാക്കൾക്കൊപ്പമാണ് പീഡനക്കേസ് പ്രതിയുടെ ചിത്രം ഏറ്റവും പ്രാധാന്യത്തോടെ ചേർത്തിരിക്കുന്നത്. ഇതിൽ ബിജെപി നേതാക്കൾക്ക് പ്രതികരണമില്ലാത്തതെന്താണെന്നും അവർ ചോദിച്ചു.

‘സെൻഗാർ ചെറിയ മീനല്ല, യുപിയിലെ സർവസംഗ പരിത്യാഗികളായ യോഗികൾ ധ്യാനത്തിലാണ്’

ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങൾ ഈ പരസ്യത്തിലുണ്ട്. സ്വാതന്ത്ര്യദിനാശംസ നേരുന്നതാണ് പരസ്യം. ഈ ഫുൾപേജ് പരസ്യം ഒരു ഹിന്ദി ദിനപ്പത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്ത് വലിയ സ്വാധീനമുള്ള നേതാവാണ് പീഡനക്കേസ് പ്രതിയായ കുല്‍ദിപ് സിങ് സെൻഗാർ.

ബിജെപി ഭരിക്കുന്ന ഉങ്ഗു നഗർ പഞ്ചായത്താണ് ഈ പരസ്യം നൽകിയതെന്നതും ശ്രദ്ധേയമാണ്. സെന്‍ഗാർ തങ്ങളുടെ എംഎൽഎയാണെന്നും അയാൾ എംഎൽഎ ആയിരിക്കുന്നിടത്തോളം ചിത്രം കൊടുക്കുമെന്നും ഇവർ പറയുന്നു. അതെസമയം പാർട്ടിക്ക് ഈ പോസ്റ്ററുമായി ബന്ധമില്ലെന്നാണ് ബിജെപിയുടെ നിലപാട്.

കാൻപുർ മേഖലയിലെ ഏറ്റവും പ്രമുഖനായ നേതാവ് എന്ന വിശേഷണമാണ് സെൻഗാറിന് ചേരുക. പീഡനക്കേസ് പ്രതിയായിട്ടും രണ്ടു വർഷക്കാലം സെൻഗാറിനെ ബിജെപി പുറത്താക്കിയിരുന്നില്ല. ഈയിടെ ഇതേ പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച കേസില്‍ക്കൂടി പ്രതിയായതോടെയാണ് ബിജെപിക്കുമേൽ സമ്മർദ്ദമേറുകയും പുറത്താക്കുകയും ചെയ്തത്. ഈ സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. പെൺകുട്ടിയും അഭിഭാഷകനും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പെൺകുട്ടിയെ 2017 ജൂണ്‍ നാലിന് ഉന്നാവിലെ മാഖി ഗ്രാമത്തിലെ വസതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. മൂന്നു ദിവസത്തിന് ശേഷം വീണ്ടും കാറില്‍ കൂട്ടിക്കൊണ്ടുപോയി എംഎല്‍എയുടെ അടുത്ത അനുയായികളും പീഡിപ്പിച്ചെന്നുമാണ് കേസ്.

ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് പെണ്‍കുട്ടി ആരോപണം ഉന്നയിച്ചിട്ടും കേസിൽ നടപടി ഉണ്ടായിരുന്നില്ല. ഇതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ സമരം നടത്തിയ പെണ്‍കുട്ടി തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സാഹചര്യമുണ്ടായതോടെ വിഷയം ദേശീയ തലത്തില്‍ വാര്‍ത്തയാവുകയായിരുന്നു. പിന്നീടാണ് എംഎല്‍എയെ പ്രതിചേര്‍ത്തത്.

എന്നാൽ, തൊട്ടുപിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തു. വ്യാജക്കേസാണിതെന്ന് അന്നുമുതൽ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പോലീസ് കസ്റ്റഡിയില്‍വച്ച് പിതാവിന് ക്രൂര മര്‍ദ്ദനമേൽക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസും പിന്‍വലിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. പിതാവിനെ ആക്രമിച്ച സംഭവത്തില്‍ ദൃക്‌സാക്ഷിയായ മുഹമ്മദ് യൂനുസ് മാസങ്ങള്‍ക്ക് ശേഷം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍