UPDATES

കായികം

ബംഗ്ലാ കടുവകളും പരാജയപ്പെട്ടു; ടീം ഇന്ത്യയുടെ കുതിപ്പ് സെമിയില്‍ വരെയെത്തി

അഴിമുഖം പ്രതിനിധി

ഒന്നു മുരണ്ടെന്നുമാത്രം, ടീം ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശത്തെ തടയാന്‍ അതിനപ്പുറമൊന്നും ബംഗ്ലാ കടുവകള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. 109 റണ്‍സിന് ബംഗ്ലാദേശിനെ തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ലോകകപ്പിന്റെ സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ടീമായത്. സ്‌കോര്‍- ഇന്ത്യ-302/6, ബംഗ്ലാദേശ്-193. ഇന്ത്യക്കായി ഉമേഷ് യാദവ് 4 ഉം ഷമിയും ജഡേജയും രണ്ടു വിക്കറുകള്‍ വീതവും വീഴ്ത്തി. ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ 17 വിക്കറ്റുമായി ഷമിയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.

ഇന്ത്യന്‍ ബാറ്റിംഗിന്റെ തുടക്കത്തില്‍ ബംഗ്ലാ ബൗളര്‍മാര്‍ കാണിച്ച ഉത്സാഹം തന്നെ ബാറ്റ്‌സ്മാന്‍മാരും തുടക്കത്തില്‍ കാണിച്ചിരുന്നു. എങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ അധികസമയമൊന്നും ആ മിടുക്ക് തുടരാന്‍ അവര്‍ക്കായില്ല. ഈ ലോകകപ്പില്‍ തുടര്‍ച്ചയായി ഏഴാം തവണയും തങ്ങളുടെ എതിരാളികളെ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ബൗളര്‍മാര്‍ക്കൊപ്പം ഫീല്‍ഡര്‍മാരുടെ മികച്ച പ്രകടനം കൂടിയായപ്പോള്‍ ബംഗ്ലാ ബാറ്റ്‌സ്മാന്മാര്‍ക്ക് കൂടുതലൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ഇന്നത്തെ കളിയില്‍ മൂന്നു മേഖലകളിലും ടീം ഇന്ത്യ മികച്ചു നിന്നെങ്കിലും ബാറ്റിംഗിലെ രോഹിത്-റെയ്‌ന കൂട്ടുകെട്ടിനോടാണ് ഈ വിജയത്തിന് ടീം ഇന്ത്യ കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്. 28 ഓവറില്‍ വെറും 115 റണ്‍സ് എടുക്കുന്നതിനിടയില്‍ 3 വിക്കറ്റുകള്‍ നഷ്ടപ്പെട്ട സ്ഥിതിയില്‍ ടീം ഉഴറുമ്പോഴാണ് റെയ്‌നയും രോഹിതും ഒന്നിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ നല്ലൊരു ഇന്നിംഗ്‌സ് കളിക്കാതെ വിമര്‍ശകരുടെ വാളോങ്ങലിന് വിധേയനായി നില്‍ക്കുകയായിരുന്നു രോഹിത് ശര്‍മ. എന്നാല്‍ രോഹിതിന്റെ പ്രതിഭയില്‍ വിശ്വാസമുണ്ടായിരുന്ന ധോണി എല്ലാ വിമര്‍ശനങ്ങളെയും തള്ളി, തന്റെ ഒപ്പണറില്‍ പ്രതീക്ഷവയ്ക്കുകയായിരുന്നു. ആ പ്രതീക്ഷയാണ് തകര്‍പ്പനൊരു സെഞ്ച്വറിയോടെ രോഹിത് സഫലീകരിച്ചത്. 126 ബോളില്‍ 14 ഫോറും 3 സിക്‌സും അടക്കം 137 റണ്‍സാണ് രോഹിത് ഇന്ന് അടിച്ചു കൂട്ടിയത്. സെമിയില്‍ കടന്ന ടീം ഇന്ത്യക്ക് ഏറെ സന്തോഷം നല്‍കുന്നതും രോഹിത് ഫോമിലേക്ക് തിരിച്ചെത്തിയതു തന്നെയാകും. സിംബാവെയ്‌ക്കെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ സെഞ്ച്വറിയടിച്ച റെയ്‌ന ഇതേ ഫോം തന്നെ ഇന്നും കളത്തില്‍ പ്രകടമാക്കി.57 പന്തില്‍ 7 ഫോറും ഒറു സിക്‌സുമടക്കം 65 റണ്‍സ് റെയ്‌ന നേടി. രോഹിത്,റെയ്‌ന, ധോണി എന്നിവരുടെ പുറത്താകലിനുശേഷം അവസാന ഓവറുകളില്‍ ജഡേജ നടത്തിയ മിന്നലാക്രമണം സ്‌കോര്‍ 300 കടത്തി. 10 ബോളുകളില്‍ 4 ബൗണ്ടറികളടക്കം 23 റണ്‍സാണ് ജഡേജ സ്വന്തമാക്കിയത്. ബംഗ്ലാദേശിനു വേണ്ടി തസ്‌കിന്‍ അഹമ്മദ് 3 വിക്കറ്റ് വീഴ്ത്തി.

ഈ വിജയത്തോടെ നൂറ് വിജയങ്ങള്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ചരിത്ര നേട്ടം മഹേന്ദ്ര സിംഗ് ധോണി സ്വന്തമാക്കി. മുഹമ്മദ് അസറുദീന്റെ റെക്കോര്‍ഡാണ് ധോണി മറികടന്നത്. ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങള്‍ സ്വന്തമാക്കിയ ക്യാപ്റ്റന്‍മാരില്‍ പോണ്ടിംഗിനും ബോര്‍ഡറിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ധോണി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍