UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരിസ്ഥിതികൊള്ളയ്ക്ക് കൂട്ട് യു എസ് നിയമം; കേന്ദ്ര സര്‍ക്കാരിന്‍റെ കോപ്പിയടി പുറത്ത്

അഴിമുഖം പ്രതിനിധി

പരിസ്ഥിതി നിയമലംഘനങ്ങള്‍ ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ ഈ നിയമങ്ങളെ ലഘൂകരിച്ച് ഇല്ലാതാക്കാനുള്ള ശ്രമത്തിലായിരുന്നു മോദി സര്‍ക്കാര്‍. ഈ ശ്രമങ്ങള്‍ മുന്നില്‍ നിന്നു നയിച്ചിരുന്നയാള്‍ക്ക് പാരിതോഷികവും ലഭിച്ചിരിക്കുന്നു.

മേയില്‍ പ്രകാശ് ജാവദേക്കറുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി മന്ത്രാലയം പുതിയൊരു കരടുവിജ്ഞാപനം പുറപ്പെടുവിച്ചു. പരിസ്ഥിതി അനുമതി ലഭിക്കും മുന്‍പ് ആരംഭിച്ച പദ്ധതികള്‍ പിഴയടച്ചാല്‍ അനുമതി ലഭിക്കുമെന്നായിരുന്നു വിജ്ഞാപനം. ഇത് അമേരിക്കയിലെ ഒരു നിയമത്തിന്റെ ചുവടുപിടിച്ച് പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമമായിരുന്നു. അതിന് ജാവദേക്കര്‍ പുരസ്‌കൃതനായി. എച്ച് ആര്‍ ഡി മന്ത്രാലയമാണ് സമ്മാനം.

സര്‍ക്കാരിന്റെ എന്‍വയണ്‍മെന്റ് സപ്ലിമെന്റ് പ്ലാനി (ഇ എസ് പി)ലെ മൂന്നിലൊന്നിലധികം – 3850 വാക്കുകളുള്ള രേഖയിലെ 2900 വാക്കുകളോളം – 2015 മാര്‍ച്ചില്‍ യുഎസ് അംഗീകരിച്ച എന്‍വയണ്‍മെന്റല്‍ പ്രോജക്ട്‌സ് പോളിസി (എസ് ഇ പി)യില്‍നിന്ന് നേരിട്ട് പകര്‍ത്തിയതാണെന്ന് വെള്ളിയാഴ്ച ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2006ലെ എന്‍വയണ്‍മെന്‍് ഇംപാക്ട് അസസ്‌മെന്റ് നോട്ടിഫിക്കേഷന്‍ (ഇ ഐ എ) അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ പണി തുടങ്ങുന്ന ഏതു പദ്ധതിക്കും ഇഎസ്പി മൂലം പിഴയടച്ച് അനുമതി നല്‍കുകയാണ് വിജ്ഞാപനത്തിലെ നിര്‍ദേശം. കരടു വിജ്ഞാപനത്തെപ്പറ്റി പൊതു അഭിപ്രായം ക്ഷണിച്ച് മന്ത്രാലയം മേയ് 10ന് ഈ വിജ്ഞാപനം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രണ്ടുമാസമാണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാനുള്ള കാലാവധി.


മഞ്ഞ നിറത്തില്‍ ഹൈലൈറ്റ് ചെയ്ത ഭാഗങ്ങള്‍ കോപ്പിയടിച്ചത്

വിജ്ഞാപനം പുറപ്പെടുവിച്ച ജോയിന്റ് സെക്രട്ടറി മനോജ് കുമാര്‍ സിങ് ഉള്ളടക്കം കോപ്പിയടിച്ചതാണെന്ന ആരോപണം നിഷേധിച്ചു. ‘ആശയം ഇഎസ്പിയില്‍നിന്നു കടമെടുത്തതാണ്. മിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഈ രീതിയാണു തുടരുന്നത്. എന്നാല്‍ ഞങ്ങളുടെ വിജ്ഞാപനത്തിലെ ഭാഷ വ്യത്യസ്തമാണ്. ഒന്നും അതേപടി പകര്‍ത്തിയതല്ല,’ സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

നിയമലംഘകരെ പണം നല്‍കി നിയമലംഘനം തടരാന്‍ അനുവദിക്കുന്ന വിവാദ വിജ്ഞാപനം ഭാവി നിയമലംഘനങ്ങള്‍ക്കു കൂടി അനുമതി നല്‍കുന്നു. വിജ്ഞാപനത്തിന്റെ ക്ലോസ് അഞ്ച് അനുസരിച്ച് ‘നിയമലംഘകന്‍ താന്‍ നടത്തുന്ന പരിസ്ഥിതി നാശം പരിഹരിക്കാവുന്നതാണെന്നും ഭാവിയില്‍ ഇത്തരം ലംഘനങ്ങള്‍ക്കുള്ള സാദ്ധ്യത കുറയ്ക്കുമെന്നും’ തെളിയിക്കണം.

1981ലെ വായു മലിനീകരണ നിയന്ത്രണനിയമവും 1974ലെ ജല മലിനീകരണ നിയന്ത്രണ നിയമവും അനുസരിച്ച് പ്രവര്‍ത്തനാനുമതിയില്ലാതെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങുന്നവര്‍ക്ക് കുറഞ്ഞ ശിക്ഷ ഒന്നരവര്‍ഷത്തെ തടവാണ്.

‘അമേരിക്കയില്‍ പരിസ്ഥിതി ലംഘനം സിവില്‍കുറ്റമായാണു കണക്കാക്കുന്നത്. ഇന്ത്യയില്‍ അവ ക്രിമിനല്‍ കുറ്റമാണ്. അതിനാല്‍ അമേരിക്കയില്‍ എസ്ഇപി പോലുള്ള ഒത്തുതീര്‍പ്പുകള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ ഇന്ത്യയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഇഎസ്പി, ഇഐഎയുടെ പ്രധാനഘടകമായ മുന്‍കൂര്‍ അനുമതി എന്ന വ്യവസ്ഥയുടെ ലംഘനമാണ്. നിലവിലുള്ള നിയമത്തെ കടമെടുത്ത നിയമം കൊണ്ട് ഇടിച്ചുതാഴ്ത്താനാകില്ല, ‘ ഡല്‍ഹി ആസ്ഥാനമായ ഇഐഎ റിസോഴ്‌സസ് ആന്‍ഡ് റെസ്‌പോണ്‍സ് സെന്ററിലെ പരിസ്ഥിതി അഭിഭാഷകനായ ഋത്വിക് ദത്ത പറയുന്നു.

കൂടുതല്‍ വായനയ്ക്ക്: http://goo.gl/4GskXm

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍