UPDATES

വിപണി/സാമ്പത്തികം

അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി; എറിക്സണ് 453 കോടി രൂപ നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം തടവ്

ഇതുകൂടാതെ 1 കോടി രൂപ വീതം പിഴയായും കേസിൽ പ്രതിസ്ഥാനത്തുള്ള കക്ഷികളോരോരുത്തരും അടയ്ക്കേണ്ടതുണ്ട്..

ടെലികോം ഉപകരണ നിർമാതാവ് എറിക്സൺ തങ്ങൾക്ക് റിയലയന്‍സ് ഗ്രൂപ്പിൽ നിന്നും ലഭിക്കാനുള്ള 550 കോടി രൂപയ്ക്കായി സമർപ്പിച്ച ഹരജിയിന്മേൽ സുപ്രീംകോടതിയുടെ ഉത്തരവായി. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി എറിക്സണ് നൽകാനുള്ളതിൽ 453 കോടി രൂപ നാലാഴ്ചയ്ക്കകം അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതിന് സാധിച്ചില്ലെങ്കിൽ അനിൽ മൂന്നുമാസം തടവുശിക്ഷ അനുഭവിക്കേണ്ടതായി വരും. നേരത്തെ കോടതി നൽകിയ ഉത്തരവുകൾ പാലിച്ചില്ലെന്നു കാട്ടി കോടതിയലക്ഷ്യ കേസാണ് എറിക്സൺ നൽകിയിരുന്നത്.

ഇതുകൂടാതെ 1 കോടി രൂപ വീതം പിഴയായും കേസിൽ പ്രതിസ്ഥാനത്തുള്ള കക്ഷികളോരോരുത്തരും അടയ്ക്കേണ്ടതുണ്ട്. ഒരു മാസത്തിനകം ഇത് ഒടുക്കണം. ഇതിൽ വീഴ്ച വരികയാണെങ്കിൽ ഒരു മാസത്തെ ജയിൽശിക്ഷ കൂടി അനുഭവിക്കേണ്ടതായി വരും.

അനില്‍ അംബാനിക്കും റിലയന്‍സ് ടെലികോം ചെയര്‍മാന്‍ സതീഷ് സേഥിനും റിലയന്‍സ് ഇന്‍ഫ്രാടെല്‍ ചെയര്‍പേഴ്‌സണ്‍ ഛായ വിരാനിക്കും എസ്ബിഐ ചെയര്‍മാനുമെതിരെയാണ് എറിക്സൺ ഹരജി പോയത്. ജസ്റ്റിസുമാരായ ആര്‍ഫ് നരിമാന്റേയും വിനീത് സരണിന്റേയും ബഞ്ചുകളാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേസിൽ പ്രതിസ്ഥാനത്തുള്ള മൂന്ന് റിലയൻസ് കമ്പനികൾക്കും പണമടയ്ക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി സുപ്രീംകോടതി പറഞ്ഞു.

നീതിവ്യവസ്ഥയോട് ഗർവ്വോടെയാണ് അംബാനിയും റിലയന്‍സ് കമ്മ്യൂണിക്കേഷൻസും പെരുമാറിയതെന്ന് നിരീക്ഷിച്ച കോടതി അംബാനിയുടെ നിരുപാധികമായ മാപ്പു പറച്ചിലിനെ അംഗീകരിക്കാൻ വിസമ്മതിച്ചു. അംബാനിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ വേണമെന്ന് എറിക്സൺ ആവശ്യപ്പെട്ടിരുന്നു. തങ്ങൾക്ക് ലഭിക്കാനുള്ള തുക ഈടാക്കാന്‍ റവന്യു റിക്കവറി നടപടികൾക്ക് അനുവദിക്കണമെന്നും എറിക്സൺ ആവശ്യപ്പെട്ടിരുന്നു.

റാഫേലില്‍ നിക്ഷേപിക്കാന്‍ റിലയന്‍സിന് പണമുണ്ട്, 550 കോടി എന്തുകൊണ്ട് തരുന്നില്ല എന്ന് എറിക്‌സണ്‍

അനിൽ അംബാനിയുടെ കൂടി സാന്നിധ്യത്തിലായിരുന്നു കോടതിവിധി. കോടതി നിഷ്കർഷിച്ചതിനെ തുടര്‍ന്നാണ് അംബാനിക്ക് സന്നിഹിതനാകേണ്ടി വന്നത്.

റാഫേൽ ഇടപാടിൽ നിക്ഷേപം നടത്താൻ അനിൽ അംബാനിക്ക് പണമുണ്ടെന്നും തങ്ങൾക്ക് തരാനുള്ള തുക തന്നു തീർക്കാനാണ് അവർക്ക് പ്രയാസമെന്നും എറിക്സൺ കോടതിയിൽ വാദിച്ചിരുന്നു. തന്റെ മൂത്ത ജ്യേഷ്ഠനായ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ കമ്പനിയുമായി നടത്തിയ ഇടപാടുകൾക്കൊടുവിൽ പാപ്പരായെന്നും പണം നൽകാൻ വഴിയില്ലെന്നുമായിരുന്നു അനിൽ അംബാനിയുടെ വാദം.

റിലയന്‍സ് കമ്പനി സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് നടത്തുന്ന തട്ടിപ്പിന് എസ്ബിഎ പോലുള്ള ബാങ്കുകള്‍ കൂട്ടുനില്‍ക്കുകയാണ് എന്ന് എറിക്‌സണ്‍ ആരോപിച്ചു. 2018 ഓഗസ്റ്റ് 23ന് ആര്‍ കോം, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ സ്റ്റേറ്റ്‌മെന്റ്ില്‍ 5000 കോടി രൂപയുടെ സ്വത്ത് ജിയോയ്ക്ക് വിറ്റതായി പറയുന്നുണ്ട് എന്ന് എറിക്‌സണ്‍ ചൂണ്ടിക്കാട്ടി. ആര്‍ കോമിന്റെ സ്‌റ്റോക്ക് വില ഒരു ദിവസം കൊണ്ട് രണ്ട് ശതമാനം ഉയര്‍ന്നതായും ഇത് കോടിക്കണക്കിന് രൂപയുടെ വലിയൊരു തുക വരുമെന്നും ദുഷ്യന്ത് ദാവെ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍