UPDATES

370ലധികം സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ല; വിശദീകരണം നൽകാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഡാറ്റ ഇതുവരെ ക്രമീകരിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നതെന്നും ഇത് സംശയാസ്പദമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തു വിട്ട വോട്ടിങ് കണക്കുകളിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി ‘ദി ക്വിന്റ്’ റിപ്പോർട്ട്. 373 സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ലെന്ന് റിപ്പോർട്ട് കണക്കുകളുദ്ധരിച്ച് പറയുന്നു. ആകെ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും രണ്ടാണ് ഈ മണ്ഡലങ്ങളിൽ. ആദ്യ നാല് ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലാണ് ഈ തിരിമറി ദൃശ്യമായത്.

നാല് മണ്ഡലങ്ങളിലെ കണക്കുകൾ ഉദാഹരണമായി ദി ക്വിന്റ് നൽകിയിരിക്കുന്നത് നോക്കുക:

തമിഴ്നാട്ടിലെ കാഞ്ചീപുരം ലോകസഭാ മണ്ഡലത്തിൽ 12,14,086 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിലുണ്ട്. എന്നാൽ ഇതേ കണക്കുകൾ പറയുന്നതു പ്രകാരം ഈ മണ്ഡലത്തിൽ ആകെ എണ്ണിയത് 12,32,417 വോട്ടുകളാണ്. അതായത് 18,331 വോട്ടുകളുടെ വ്യത്യാസം.

തമിഴ്നാട്ടിലെ തന്നെ ധർമപുരി മണ്ഡലത്തിൽ 11,94,440 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്. എണ്ണിയ വോട്ടുകളുടെ എണ്ണം 12,12,311. ആകെ 17,871 വോട്ടുകൾ കൂടുതൽ.

ഉത്തർപ്രദേശിലെ മഥുര 1088206 വോട്ടുകള്‍ പോൾ ചെയ്തെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്ക്. എണ്ണിയ വോട്ടുകളുടെ എണ്ണം 1098112. ആകെ 9906 വോട്ടുകൾ കൂടുതൽ. ബിഹാറിലെ ഔറംഗബാദ് മണ്ഡലത്തിലെ കണക്കുകൾ ഇപ്രകാരമാണ്: പോൾ ചെയ്ത വോട്ടുകൾ – 930758. എണ്ണിയ വോട്ടുകൾ – 939526. കൂടുതല്‍ വന്ന വോട്ടുകള്‍ – 8768.

നിരവധി മണ്ഡലങ്ങളിൽ ഇത്തരത്തിൽ വ്യത്യാസം കാണുന്നുണ്ട്. ആദ്യത്തെ നാല് ഘട്ടങ്ങളിലെ കണക്കുകൾ മാത്രമാണ് ദി ക്വിന്റ് പഠിച്ചത്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചെങ്കിലും അവരിൽ നിന്ന് വിശദീകരണമൊന്നും കിട്ടിയില്ലെന്ന് റിപ്പോർട്ട് പറയുന്നു. കൂടാതെ ഈ വിവരങ്ങളടങ്ങിയ ഭാഗങ്ങൾ വെബ്സൈറ്റിൽ നിന്നും തെരഞ്ഞെടുപ്പു കമ്മീഷൻ നീക്കം ചെയ്യുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ ഡാറ്റ നീക്കം ചെയ്തതെന്ന ചോദ്യത്തിനും കമ്മീഷനിൽ നിന്നും മറുപടി ലഭിക്കുകയുണ്ടായില്ല. 5,6,7 ഘട്ടങ്ങളിലെ വിവരങ്ങൾ തങ്ങൾ വിശകലനം ചെയ്തില്ലെന്നും അവ ഏകദേശക്കണക്കുകളാണെന്ന് കമ്മീഷൻ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും ദി ക്വിന്റ് റിപ്പോർട്ട് പറയുന്നു.

ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഡാറ്റ ഇതുവരെ ക്രമീകരിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നതെന്നും ഇത് സംശയാസ്പദമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. പോളിങ് ദിനത്തിൽ തന്നെ പോൾ ചെയ്ത വോട്ടുകളുടെ കണക്കുകൾ പ്രിസൈഡിങ് ഓഫീസർ കൈമാറും. ഈ ഡാറ്റ ക്രമീകരിച്ച് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിന് ഇത്രയധികം ദിവസങ്ങളെടുക്കേണ്ട യാതൊരു സാഹചര്യവുമില്ല.

ഇതൊരു ഗൗരവമേറിയ പ്രശ്നമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നതായി മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഒപി റാവത്ത് പറയുന്നു. പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വ്യത്യാസം വരുന്ന സന്ദർഭം തന്നെ കാലയളവിലുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടിങ് മെഷീൻ പ്രവർത്തനങ്ങളിൽ വൈദഗ്ധ്യമുള്ളവർ പറയുന്നത് ഒരു വോട്ടു പോലും വ്യത്യാസം വരാനിടയില്ലെന്നാണ്. ഇത്തരമൊരു പ്രശ്നം ഉയർന്നു വന്നിട്ടുണ്ടെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷൻ അത് ഗൗരവത്തിലെടുത്ത് വിശദീകരണം നൽകേണ്ടതുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍