UPDATES

മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജി ബിജെപിയിൽ: മമതയ്ക്ക് വൻ തിരിച്ചടി, നഷ്ടമായത് അടുത്ത അനുയായിയെ

ഇതിനകം ആറ് ത‍ൃണമൂൽ എംഎൽഎമാരും ഒരു കോൺഗ്രസ് എംഎൽഎയും ഒരു സിപിഎം എംഎൽഎയും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട് ബംഗാളിൽ.

മമതാ ബാനർജിയുടെ അടുത്ത അനുയായിയും മുന്‍ കൊൽക്കത്ത മേയറും മുൻ മന്ത്രിയുമായ സോവൻ ചാറ്റർജി ബിജെപിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് വിടാനുള്ള തയ്യാറെടുപ്പുകൾ ഇദ്ദേഹം നടത്തുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി ഇദ്ദേഹം ഡൽഹിയിൽ എത്തിയതായും വിവരമുണ്ടായിരുന്നു.

നാരദ വാർത്താ പോർട്ടൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയ നേതാക്കളിലൊരാളാണ് ചാറ്റർജി. ചാറ്റര്‍ജിക്കെതിരെ സിബിഐ നീക്കം തുടങ്ങിയിരുന്നു. 2017ൽ ഇദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും ചെയ്തു. മുകുൾ റോയിയുടെ അതേ വഴികളിലൂടെ സഞ്ചരിച്ചാണ് ചാറ്റർജിയും ബിജെപിയിലെത്തുന്നതെന്നാണ് വിവരം.

ചാറ്റർജിക്കൊപ്പം അദ്ദേത്തിന്റെ അടുത്ത അനുയായിയായ ബൈസാഖി ബാനർജിയും ഉണ്ടായിരുന്നു. ബിജെപിയുടെ ഉന്നത നേതൃത്വവുമായി ഇദ്ദേഹം കുറച്ചാഴ്ചകളായി ചർച്ചകളിലേർപ്പെട്ടു വരികയായിരുന്നു. ഈ വിവരമറിഞ്ഞ മമതാ ബാനർജി ചാറ്റർജിയെ പിടിച്ചു നിർത്താൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. ബംഗാൾ വിദ്യാഭ്യാസമന്ത്രി പാർത്ഥ ചാറ്റർജിയാണ് മമതയുടെ ദൂതനായി ചാറ്റർജിയെ കണ്ട് പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തിയത്.

പശ്ചിമബംഗാൾ അസംബ്ലിയുടെ ഫിഷറീസ് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായ സോവൻ ചാറ്റർജി പ്രസ്തുത സ്ഥാനം രാജി വെച്ചിട്ടുണ്ട്.

2016ൽ ഇദ്ദേഹത്തെ മമത ഹൗസിങ് മന്ത്രിയായി നിയമിച്ചിരുന്നു. എന്നാൽ ചുമതലകൾ വേണ്ടവിധം നിർവ്വഹിക്കാത്തിനെ തുടർന്ന് ഇദ്ദേഹവുമായി മമത ഉരസലിലായി. മന്ത്രിസ്ഥാനവും മേയർ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുകയായിരുന്നു ചാറ്റർജി. ഇതേ് വർഷത്തിൽ ചാറ്റർജിക്ക് സെഡ് കാറ്റഗറി സുരക്ഷയും നൽകിയിരുന്നു സർക്കാർ. സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആദ്യത്തെ മേയറായി മാറി ചാറ്റർജി.

2018ൽ മമതയുടെ ആവശ്യപ്രകാരം മേയർ സ്ഥാനം ഒഴിയേണ്ടി വന്നതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടി. ഇതിനു പിന്നാലെയാണ് ബിജെപിയിലേക്കുള്ള പോക്ക്. മുകുൾ റോയ് പാർട്ടി വിട്ടതിനു ശേഷം മമതയ്ക്ക് ലഭിക്കുന്ന വൻ തിരിച്ചടിയാണിത്.

ഇതിനകം ആറ് ത‍ൃണമൂൽ എംഎൽഎമാരും ഒരു കോൺഗ്രസ് എംഎൽഎയും ഒരു സിപിഎം എംഎൽഎയും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട് ബംഗാളിൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍