UPDATES

വ്യോമാക്രമണത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് മുൻ റോ തലവൻ ദുലാത്ത്; രാജ്യരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് മുന്നറിയിപ്പ്

ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു കാരണവശാലും രാഷ്ട്രീയം അരുതെന്ന് ദുലാത്ത് പറഞ്ഞു.

പാകിസ്താനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ പിൻവാങ്ങണമെന്ന് റിസർച്ച് ആൻഡ് അനാലിസിസ്സ് വിങ്ങിന്റെ (RAW) മുൻ തലവൻ എഎസ് ദുലാത്ത്. ഭീകരരുടെ ക്യാമ്പുകളെ ആക്രമിച്ചതിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കപ്പെടുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നടത്തിയ തിരിച്ചടി മോദിയുടെ നേട്ടമാണെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. 250 ഭീകരരെ ഇല്ലാതാക്കാൻ മോദിക്ക് സാധിച്ചെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് ദുലാത്ത് ആശങ്ക പ്രകടിപ്പിച്ച് രംഗത്തു വന്നിരിക്കുന്നത്.

അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സൈനികനീക്കത്തെ കോൺഗ്രസ്സ് രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ആരോപണമുന്നയിച്ച് അതിന്റെ മറവിൽ ബിജെപി തങ്ങൾ രാഷ്ട്രീയലാക്കുകൾ നടപ്പാക്കുകയാണെന്ന് കോൺഗ്രസ്സ് വക്താവ് ആർപിഎൻ സിങ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കഴിഞ്ഞയാഴ്ച 21 പ്രതിപക്ഷ പാർട്ടികൾ നടത്തിയ യോഗത്തിലും സമാനമായ അഭിപ്രായം രൂപപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടർമാരെ സ്വീധീനിക്കാൻ ബിജെപി സൈനികനീക്കത്തെ പ്രചാരണായുധമാക്കി മാറ്റിയിരിക്കുന്നുവെന്ന് കഴിഞ്ഞദിവസം പഞ്ചാബിലെ മന്ത്രിയും മുൻ ബിജെപി നേതാവുമായ നവജ്യോത് സിങ് സിദ്ധുവും ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന തെരഞ്ഞെടുപ്പ് റാലികളിലും അദ്ദേഹം ഭീകരക്യാമ്പുകൾ ആക്രമിച്ചത് പ്രധാന വിഷയമായി ഉയർത്തുന്നുണ്ട്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇത്തരമൊരു പരാമർശം നടത്തുകയുണ്ടായി. ഒരു ആർഎസ്എസ് പ്രവർത്തകന്റെ ധീരതയിൽ ഭയന്നാണ് അഭിനന്ദൻ വർധമാനെ പാകിസ്താൻ ഇന്ത്യക്ക് തിരിച്ചു തന്നതെന്ന് അവർ പറയുകയുണ്ടായി.

ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു കാരണവശാലും രാഷ്ട്രീയം അരുതെന്ന് ദുലാത്ത് പറഞ്ഞു. എന്തിനെക്കാളും വലുതാണ് ദേശത്തിന്റെ സുരക്ഷ. അത് തെരഞ്ഞെടുപ്പുകള്‍ക്ക് വിഷയമാകരുത്. എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്നത് ഒരു വിഷയമാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് ഇരുന്നൂറോ ഇരുന്നൂറ്റമ്പതോ ആകട്ടെ. അതെക്കുറിച്ച് വാദങ്ങളുന്നയിക്കാൻ നിൽക്കരുത്. ഇന്ത്യ തങ്ങളുടെ വ്യോമപരിധി ലംഘിച്ചുവെന്ന് പാകിസ്താൻ ആരോപണമുന്നയിക്കുന്ന സാഹചര്യമുണ്ട്. ഈ സന്ദർഭത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ദാലത്ത് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞദിവസമാണ് അമിത് ഷാ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 250 ആണെന്ന് അവകാശപ്പെട്ടത്. ഇതു സംബന്ധിച്ച് യാതൊരു തെളിവുകളും ഇതുവരെ പുറത്തുവന്നിട്ടില്ല. ഭരണപക്ഷത്തു നിന്നും ഒരു പ്രധാന നേതാവ് കൊല്ലപ്പെട്ടവരുടെ എണ്ണം പറഞ്ഞ് പ്രസ്താവനയിറക്കുന്നത് ഇതാദ്യമാണ്. “ഉറി സംഭവത്തിനു ശേഷം നമ്മുടെ സൈന്യം പാകിസ്താനിലേക്ക് കടന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തി. പുൽവാമ സംഭവത്തിനു ശേഷം എല്ലാവരും കരുതി പ്രത്യാക്രമണമുണ്ടാകില്ലെന്ന്. എന്നാൽ നരേന്ദ്രമോദി സർക്കാർ പതിമൂന്നാം ദിവസം വ്യോമാക്രമണം നടത്തി 250 ഭീകരരെ വധിച്ചു” -എന്നായിരുന്നു അമിത് ഷായുടെ പ്രസംഗം.

അമിത് ഷായുടെ പ്രസ്താവനയിൽ പറയുന്ന സംഖ്യം ഇതുവരെ തെളിവുകളോടെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇന്ത്യൻ എയർഫോഴ്സ് തലവൻ ബിഎസ് ധൻവ പറയുന്നത് ഇത്തരം കണക്കുകള്‍ തങ്ങളോട് ചോദിക്കരുതെന്നാണ്. മരിച്ചവരുടെ കണക്ക് സൈന്യം എടുക്കാറില്ല. അത് പറയേണ്ടത് സർക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എതെല്ലാം ലക്ഷ്യങ്ങൾ ഭേദിച്ചു, ഏതെല്ലാം ഭേദിച്ചില്ല എന്നതു മാത്രമാണ് തങ്ങളുടെ കണക്കിൽ വരാറുള്ളതെന്നും ധൻവ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍